മിമിക്രിയുടെയും മീമുകളുടെയും രാജാവിന് കോമഡിയിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലേ?
Cinema
മിമിക്രിയുടെയും മീമുകളുടെയും രാജാവിന് കോമഡിയിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലേ?
വി. ജസ്‌ന
Saturday, 15th June 2024, 7:41 pm

മിമിക്രി കലയിലൂടെ സിനിമയിലേക്ക് വന്ന നിരവധി കലാകരന്മാരുള്ള മലയാളം ഇന്‍ഡസ്ട്രിയില്‍ മിമിക്രിയിലൂടെ വന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയവരില്‍ ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. തിരുവനന്തപുരം സ്ലാങ്ങിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്.

കൈരളിയിലെ ജനപ്രിയ ടിവി സീരിയലിനെ അടിസ്ഥാനമാക്കി 2001ല്‍ പുറത്തിറങ്ങിയ ജഗപൊഗ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ ആ സിനിമ തിയേറ്ററില്‍ പരാജയമായിരുന്നു. പിന്നീട് സേതുരാമയ്യര്‍ സി.ബി.ഐ, രസികന്‍, അച്ചുവിന്റെ അമ്മ, ബസ് കണ്ടക്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ സുരാജ് ചെറിയ വേഷങ്ങളിലെത്തി.

2005ല്‍ പുറത്തിറങ്ങിയ രാജമാണിക്യത്തിനായി തിരുവനന്തപുരം സ്ലാങ്ങില്‍ സംസാരിക്കാന്‍ മമ്മൂട്ടിയെ സഹായിച്ചതും താരം തന്നെയാണ്. പിന്നീട് മമ്മൂട്ടിയോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ സുരാജിന് അവസരം ലഭിച്ചു.

തുറുപ്പുഗുലാനിലെ അപ്പുകുട്ടന്‍, ക്ലാസ്‌മേറ്റ്‌സിലെ ഔസേപ്പ്, ഹലോയിലെ എസ്.ഐ സ്റ്റീഫന്‍, മായാവിയിലെ ഗിരി, അണ്ണന്‍ തമ്പിയിലെ പീതാമ്പരന്‍, ലോലിപോപ്പിലെ ജബ്ബാര്‍ അങ്ങനെ ശ്രദ്ധേയമായ നിരവധി കോമഡി റോളുകളിലൂടെ സുരാജ് മലയാളികള്‍ക്ക് മുന്നിലെത്തി.

സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം വരുന്നത് 2009ലാണ്. അതും മമ്മൂട്ടി നായകനായ ചട്ടമ്പിനാടില്‍. നായകനായ മമ്മൂട്ടിയുടെ മല്ലയ്യയെ പോലും മാറ്റിനിര്‍ത്തി കൊണ്ടായിരുന്നു ദശമൂലം ദാമുവെന്ന കഥാപാത്രം അടിച്ചു കയറി വന്നത്. സിനിമാപ്രേമികളും ട്രോളന്മാരും ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രമായിരുന്നു ദാമു. അടിക്ക് ശേഷം ദശമൂലാരിഷ്ടം കുടിക്കുന്ന ദാമുവിനെ മീമുകളിലൂടെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

2009ല്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലൂടെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സുരാജിനെ തേടിയെത്തി. 2010ലും 2013ലുമായി ഒരു നാള്‍ വരും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളിലൂടെയും പുരസ്‌കാരം സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു.

പിന്നെയും നിരവധി സിനിമകളില്‍ അഭിനയിച്ച സുരാജിന് പ്രേക്ഷക സ്വീകാര്യതയുള്ള ഒരുപാട് കഥാപാത്രങ്ങളും ലഭിച്ചിരുന്നു. പോക്കിരിരാജയിലെ ഇടിവെട്ട് സുഗുണനും കാര്യസ്ഥനിലെ വടിവേലുവുമെല്ലാം അത്തരം കഥാപാത്രങ്ങളാണ്.

അത്രയേറെ വേഷങ്ങള്‍ ചെയ്തിട്ടും 2013ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമായ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയുടെ സമയത്താണ് സുരാജ് ആദ്യമായി ഒരു സിനിമയുടെ സ്‌ക്രിപ്റ്റ് വായിക്കുന്നത്. അത്രനാള്‍ ചോദിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ തനിക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നേനെയെന്നും എന്നാല്‍ പേടി കാരണമാണ് താന്‍ ചോദിക്കാതിരുന്നതെന്നും സുരാജ് തന്നെ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒപ്പം ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ ആഗ്രഹിച്ച സമയത്താണ് പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും സിനിമയിലെ മാമച്ചന്‍ തന്നെ തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2013ല്‍ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സുരാജിനെ തേടിയെത്തി. 2016ല്‍ നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവാണ് താരത്തിന്റെ കരിയറിലെ മറ്റൊരു വലിയ വഴിത്തിരിവായത്. അത്രനാള്‍ ചിരിപ്പിച്ചിരുന്ന താരം ഈ സിനിമയിലെ പവിത്രനെന്ന കഥാപാത്രത്തിലൂടെ കണ്ണുനിറച്ചു.

പിന്നീട് അങ്ങോട്ട് തൊണ്ടിമുതലും ദൃക്സാക്ഷിയും, വര്‍ണ്യത്തില്‍ ആശങ്ക, കുട്ടന്‍പിള്ളയുടെ ശിവരാത്രി, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ്ങ് ലൈസന്‍സ്, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ജനഗണമന തുടങ്ങി നിരവധി സിനിമകളിലൂടെ സുരാജ് സിനിമാപ്രേമികളെ വിസ്മയിപ്പിച്ചു. ഇതിനിടയില്‍ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

സുരാജ് എന്ന നടനെ തേടി മികച്ച കഥാപാത്രങ്ങളും പുരസ്‌കാരങ്ങളും വരുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും ഏറെ ചിരിപ്പിച്ച സുരാജിനെ ഒന്നുകൂടെ കാണാന്‍ മലയാളികള്‍ക്ക് എവിടെയൊക്കെയോ ആഗ്രഹമുണ്ടായിരുന്നു.

ഏറെക്കാലത്തിന് ശേഷം സുരാജിനെ ഒരു മുഴുനീള കോമഡി വേഷത്തില്‍ കാണാമെന്ന പ്രതീക്ഷ നല്‍കി കൊണ്ട് ജൂണ്‍ 14ന് തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഗ്ര്‍ര്‍ര്‍. എസ്രക്ക് ശേഷം ജയ്. കെ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും സുരാജും ഒന്നിച്ച ഏറ്റവും പുതിയ ചിത്രമാണ് ഇത്.

റെജിമോന്‍ എന്ന യുവാവ് പ്രണയത്തില്‍ താന്‍ പറ്റിക്കപ്പെടുകയായിരുന്നു എന്ന തെറ്റിദ്ധാരണ കാരണം മദ്യപിച്ച ശേഷം മൃഗശാലയിലെ സിംഹകൂട്ടിലേക്ക് എടുത്തു ചാടുന്നതും അവിടെ ജോലി ചെയ്യുന്ന ശിവദാസ് റെജിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ ആ സിംഹക്കൂട്ടില്‍ അകപ്പെടുന്നതുമാണ് സിനിമ.

ശേഷം അവരെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സും പൊലീസും നടത്തുന്ന ശ്രമവും ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ എങ്ങനെ ഇടപ്പെടുന്നു എന്നതുമാണ് സിനിമ പറയുന്നത്. ഒപ്പം റെജിയുടെയും ഹരിദാസന്റെയും പ്രണയങ്ങളും ചിത്രത്തില്‍ പറയുന്നുണ്ട്.

റെജിമോന്‍ നാടാറായി കുഞ്ചാക്കോ ബോബനും ഹരിദാസനായി സുരാജുമാണ് എത്തുന്നത്. ഏറെ നാളിന് ശേഷം സുരാജ് ഒരു നര്‍മം നിറഞ്ഞ കഥാപാത്രമായി എത്തിയെന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. എന്നാല്‍ ഇതില്‍ സുരാജിന്റേത് ഒരു മുഴുനീള കോമഡി വേഷമാണെന്ന് പറയാന്‍ കഴിയില്ല.

ശിവദാസിലൂടെ കുറച്ചൊക്കെ ചിരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ എവിടെയൊക്കെയോ ഇന്ന് കാണുന്ന സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യുന്നതിന്റെ അംശങ്ങളും ബാക്കിയായിരുന്നു. ഗ്ര്‍ര്‍റിലൂടെ മുഴുനീള കോമഡിയിലേക്ക് തിരിച്ചെത്താന്‍ സുരാജിന് സാധിച്ചിട്ടില്ല. എന്നാല്‍ ലഭിച്ച കഥാപാത്രത്തെ മികച്ചതാക്കി അവതരിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുമുണ്ട്.

ഇനി സുരാജിനെ ഒരു മുഴുനീള കോമഡി വേഷത്തില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷ നല്‍കുന്നത് ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കി വരാനിരിക്കുന്ന സിനിമയാണ്. അത് പണിപ്പുരയിലാണെന്നും സംവിധായകന്‍ ഡിജോയാണ് ചിത്രം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.


Content Highlight: Suraj Venjaramoodu; Will The King Of Mimicry And Memes Make A Comeback To Comedy?

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ