ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, പശുപതി രാജ്, ജി.എം സുന്ദര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ അഭിനയിച്ച ചിത്രം മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷരുടെയും നിരൂപകരുടെയും ഇടയില്‍ നിന്ന് നേടിയത്. ഫേക്ക് എന്‍കൗണ്ടറിന് എതിരെ ശക്തമായി പ്രതികരിച്ച സിനിമകൂടിയായിരുന്നു ജന ഗണ മന.
സിനിമയുടെ ആദ്യഭാഗം ഇറങ്ങിയപ്പോള്‍ തന്നെ രണ്ടാം ഭാഗം ഉണ്ടാകുമെന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ജന ഗണ മനക്ക് ഇനിയൊരു ഭാഗം ഉണ്ടാകില്ല എന്ന പറയുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. ജന ഗണ മനക്ക് രണ്ടാം ഭാഗം ഉണ്ടെന്നുള്ളത് ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ തള്ളിയതാണ് എന്നാണ് സുരാജ് പറയുന്നത്.
ചിത്രത്തിന്റെ ഭാഗങ്ങള്‍ ട്രെയ്ലറിലും ടീസറിലും ഒന്നും കാണിക്കാന്‍ കഴിയാത്തതുകൊണ്ട് അതിന് വേണ്ടി മാത്രമായാണ് ബോംബ് ബ്ലാസ്റ്റിന്റെ ഭാഗം ഷൂട്ട് ചെയ്തതെന്ന് സുരാജ് പറഞ്ഞു. പിന്നീട് സെക്കന്‍ഡ് പാര്‍ട്ടുണ്ടെന്ന രീതിയില്‍ സംസാരം വന്നപ്പോള്‍ ചിത്രത്തിലെ ബാക്കിയുള്ളവരും കൂടെ ചുമ്മാ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജന ഗണ മനക്ക് രണ്ടാം ഭാഗം ഡിജോ ജോസ് ആന്റണി എഴുതിയാല്‍ അഭിനയിക്കാന്‍ താനും നിര്‍മിക്കാന്‍ ലിസ്റ്റിനും തയ്യാറാണെന്നും സുരാജ് പറഞ്ഞുതു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.
‘ജന ഗണ മനക്ക് രണ്ടാം ഭാഗം ഉണ്ടെന്നുള്ളത് ചുമ്മാ ലിസ്റ്റിന്‍ കേറി തള്ളിയതാണ്. അങ്ങനെ ഒരു സെക്കന്റ് പാര്‍ട്ടൊന്നും അവര്‍ ആലോചിച്ചിട്ടേയില്ല. ഞാന്‍ ഓപ്പണായിട്ട് പറയുകയാണ്. ആ സിനിമയുടെ പല ഭാഗങ്ങളും ട്രെയ്ലറായിട്ടും ടീസറായിട്ടും ഒന്നും വിടാന്‍ പറ്റില്ല.
പൃഥ്വിരാജിന്റെ ലുക്ക് പുറത്ത് കാണിക്കാന്‍ കഴിയില്ല. എന്റെ പാട്ട് ആദ്യമേ തന്നെ പുറത്തിറക്കി, പിന്നെ വേറെ ഒരു കണ്ടന്റും അതില്‍ നിന്ന് പുറത്ത് വിടാന്‍ പറ്റാത്തതുകൊണ്ട് സപ്പറേറ്റായി നമുക്ക് ഒരു ബോംബ് ബ്ലാസ്റ്റ് ഷൂട്ട് ചെയ്ത് അത് നമുക്ക് പുറത്ത് വിടാം എന്ന് തീരുമാനിച്ച് ചെയ്തതാണ്.
സെക്കന്റ് പാര്‍ട്ടെന്ന് ആരൊക്കയോ പറഞ്ഞപ്പോള്‍ അവരും കൂടെ തള്ളിയതാണെന്ന് മാത്രം. ഒരുപക്ഷെ രണ്ടാം ഭാഗം എഴുതാന്‍ അവര്‍ തയ്യാറാണെങ്കില്‍ നിര്‍മിക്കാന്‍ ലിസ്റ്റിന്‍ സ്റ്റീഫനും അഭിനയിക്കാന്‍ ഞാനും റെഡിയാണ്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjaramoodu Talks Says There Is No Second Part For Jana Gana Mana Movie