Advertisement
Entertainment
വിക്രത്തിനൊപ്പമുള്ള സിനിമ; അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യവും മനസിലായില്ല: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 19, 06:55 am
Wednesday, 19th March 2025, 12:25 pm

മിമിക്രിയിലൂടെ സിനിമയില്‍ വന്ന് കോമഡി വേഷങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍. തമിഴ് സിനിമാ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സുരാജ് വെഞ്ഞാറമൂടിന് പുറമെ എസ്.ജെ. സൂര്യ ഉള്‍പ്പടെയുള്ള മികച്ച താരനിരയാണ് ഈ സിനിമക്കായി ഒന്നിക്കുന്നത്.

ഇപ്പോള്‍ എസ്.യു. അരുണ്‍കുമാര്‍ തന്നോട് വീര ധീര സൂരന്റെ കഥ പറയാന്‍ വന്നതിനെ കുറിച്ച് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്ത സിനിമ കണ്ട ശേഷം അദ്ദേഹത്തിന്റെ നമ്പര്‍ തേടി കണ്ടുപിടിച്ച് വിളിക്കാന്‍ നില്‍ക്കുമ്പോഴാണ് ഈ സിനിമയിലേക്ക് കോള്‍ വരുന്നതെന്നാണ് സുരാജ് പറയുന്നത്.

എസ്.യു. അരുണ്‍കുമാര്‍ തന്നോട് കഥ പറഞ്ഞപ്പോള്‍ തനിക്ക് ഈ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ ഒരു കാര്യവും മനസിലായിട്ടില്ലെന്നും നടന്‍ പറയുന്നുണ്ട്. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ചെന്നപ്പോഴാണ് കഥ എന്താണെന്നും തന്റെ കഥാപാത്രം എങ്ങനെയുള്ളതാണെന്നും മനസിലാക്കുന്നതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ചിത്ത സിനിമ കണ്ട ശേഷം അരുണ്‍കുമാര്‍ സാറിന്റെ നമ്പര്‍ തേടി കണ്ടുപിടിച്ച് വിളിക്കാന്‍ നില്‍ക്കുമ്പോഴാണ് ഒരിക്കല്‍ എനിക്കൊരു കോള്‍ വരുന്നത്. പ്രൊഡക്ഷന്‍ കമ്പനിയായ എച്ച്.ആര്‍ പിക്‌ചേഴ്‌സില്‍ നിന്നായിരുന്നു ആ കോള്‍. ഷിബു സാറാണ് വിളിച്ചത്.

‘നിങ്ങളുടെ അടുത്ത് ഒരു കഥ പറയണമെന്നുണ്ട്. വിക്രം സാറിനെ വെച്ചിട്ട് ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിക്രം സാറിന്റെ പടമെന്ന് കേട്ടതും ഞാന്‍ ഞെട്ടി. ആരാണ് സംവിധായകനെന്ന് ഞാന്‍ തിരികെ ചോദിച്ചു.

അരുണ്‍കുമാര്‍ സാറാണെന്ന് പറഞ്ഞതും ‘അയ്യോ ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കാനിരിക്കുകയായിരുന്നു’ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ വീര ധീര സൂരന്‍ സിനിമയിലേക്ക് എത്തുന്നത്. അന്ന് അരുണ്‍കുമാര്‍ സാറാണ് എന്നോട് കഥ പറഞ്ഞത്.

അദ്ദേഹം സിനിമയെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. ഞാന്‍ എല്ലാത്തിനും ഓക്കെയും പറഞ്ഞു. എല്ലാം കേട്ടതോടെ ഈ കഥാപാത്രത്തിന് ഞാന്‍ ഓക്കെയല്ലേന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞതോടെ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിച്ചു.

അല്ലാതെ എനിക്ക് ഈ സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ ഒരു കാര്യവും മനസിലായിട്ടില്ല. പിന്നെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ചെന്നപ്പോഴാണ് കഥ എന്താണെന്നും കഥാപാത്രം എങ്ങനെയുള്ളതാണെന്നും അദ്ദേഹം പറയുന്നത്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

Content Highlight: Suraj Venjaramoodu Talks About Veera Dheera Sooran Script Narration Of SU Arunkumar