തമിഴ് സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വീര ധീര സൂരന്‍’. ‘ചിത്ത’യ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്. ചിയാന്‍ വിക്രം നായകനായി എത്തുന്ന ചിത്രത്തിന് മുമ്പ് താത്കാലികമായി ചിയാന്‍ 62 എന്നായിരുന്നു പേരിട്ടിരുന്നത്.
എസ്.ജെ. സൂര്യ ഉള്‍പ്പടെ മികച്ച താരനിരയുള്ള വീര ധീര സൂരനില്‍ മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഭാഗമാകുന്നു എന്നത് മുമ്പ് വലിയ വാര്‍ത്തയായിരുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത്.
സിനിമയുടെ ഷൂട്ടിങ്ങിനെ കുറിച്ച് പറയുകയാണ് സുരാജ്. വീര ധീര സൂരന്റെ ഷൂട്ട് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും വളരെ നല്ല എക്‌സ്പീരിയന്‍സാണ് ആ സിനിമ നല്‍കുന്നതെന്നും നടന്‍ പറയുന്നു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ്.
‘ആ സിനിമയുടെ ഷൂട്ട് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ.് വളരെ നല്ല എക്‌സ്പീരിയന്‍സാണ്. എനിക്ക് തമിഴ് സിനിമ കണ്ടിട്ടുള്ള പരിചയം മാത്രമേയുള്ളൂ. സിനിമയുടെ സംവിധായകന്‍ ഉഗ്രനായിരുന്നു. നമ്മളൊക്കെ ഒന്നോ രണ്ടോ ടേക്ക് എടുക്കുമ്പോള്‍ അവിടെ അങ്ങനെയല്ല.
അവിടെ വിക്രം സാറും എസ്.ജെ. സൂര്യ സാറുമൊക്കെ ഒരു സീന്‍ തന്നെ നാല്‍പതും നാല്‍പത്തി രണ്ടും ടേക്കുകളാണ് എടുക്കുന്നത്. അത്രയും ശ്രദ്ധയോടെയാണ് അവര്‍ ഓരോ ടേക്കുകളും ചെയ്യുന്നത്. എന്റെ ആദ്യ സീനൊക്കെ എടുക്കുമ്പോള്‍ ഞാന്‍ രണ്ടുംമൂന്നും ടേക്കൊക്കെ ആയപ്പോള്‍ തന്നെ സംവിധായകന്‍ വന്ന് ഞാന്‍ ഓക്കെയല്ലേയെന്ന് ചോദിക്കുമായിരുന്നു.
ഞാന്‍ അപ്പോള്‍ ഓക്കെയാണെന്ന് പറഞ്ഞു. എന്നാല്‍ ആ സീനില്‍ പിന്നെയും ടേക്കുകള്‍ പോയപ്പോള്‍ ഇതുതന്നെയല്ലേ നമ്മള്‍ വീണ്ടും വീണ്ടും ചെയ്യുന്നതെന്ന് എനിക്ക് സംശയമായി. ഞാന്‍ ആ കാര്യം അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. ഓരോ സീനിന്റെയും ചുറ്റുവട്ടത്ത് അവര് ശ്രദ്ധിക്കുന്ന കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു.
എന്റെ സീനില്‍ ആറ് ടേക്കൊക്കെ ആയപ്പോള്‍ ഞാന്‍ കരുതിയത് ഞാനാകും കൂടുതല്‍ ടേക്ക് എടുക്കുന്നത് എന്നായിരുന്നു. പിന്നെ നോക്കുമ്പോള്‍ ബാക്കിയുള്ളവരൊക്കെ 42ഉം 43ഉം ടേക്കുകളാണ് എടുക്കുന്നത്. അതോടെ എനിക്ക് ആശ്വാസമായി. ആ സിനിമ വളരെ നല്ല ഒരു എക്‌സ്പീരിയന്‍സായിട്ടാണ് തോന്നിയിട്ടുള്ളത്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjaramoodu Talks About Veera Dheera Sooran Movie