Entertainment
എനിക്ക് പേടിയുണ്ട്, ദശമൂലം ദാമു പണിപ്പുരയിലാണ്; അവര്‍ വെല്ലുവിളി ഏറ്റെടുത്താല്‍ ഞാന്‍ തയ്യാറാണ്: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 14, 04:55 pm
Friday, 14th June 2024, 10:25 pm

സിനിമാപ്രേമികളും ട്രോളന്മാരും ഒന്നടങ്കം ഏറ്റെടുത്ത സുരാജ് വെഞ്ഞാറമൂട് കഥാപാത്രമാണ് ദശമൂലം ദാമു. മമ്മൂട്ടിയെ നായകനാക്കി 2009ല്‍ ഷാഫി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന സിനിമയിലെ കഥാപാത്രമാണ് ഇത്.

ആ സിനിമയെക്കാളും മമ്മൂട്ടിയുടെ നായക വേഷത്തേക്കാളും ശ്രദ്ധ നേടാന്‍ ദശമൂലം ദാമുവിന് സാധിച്ചിരുന്നു. മലയാളത്തില്‍ ട്രോള്‍ സംസ്‌കാരം വന്നതോടെ ദാമുവിന്റെ തിരിച്ചുവരവായിരുന്നു കണ്ടത്. അടിക്ക് ശേഷം ദശമൂലാരിഷ്ടം കുടിക്കുന്ന ദാമുവിനെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ ദശമൂലം ദാമുവിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ആ സിനിമ പണിപ്പുരയിലാണെന്നും സംവിധായകന്‍ ഡിജോയാണ് ചിത്രം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും താരം പറയുന്നു.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ്. ആ കഥാപാത്രം വീണ്ടും ചെയ്യാന്‍ പേടിയുണ്ടെന്നും സംവിധായകനും തിരക്കഥാകൃത്തും ആ വെല്ലുവിളി ഏറ്റെടുത്താല്‍ താന്‍ തയ്യാറാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇപ്പോഴും അതിന്റെ പണിപ്പുരയിലാണ്. ഡിജോയാണ് ആ സിനിമ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അതിന്റെ പരിപാടികളൊക്കെ നടക്കുന്നത്. ആ കഥാപാത്രം ഒന്നുകൂടെ ചെയ്യാന്‍ എനിക്ക് നല്ല പേടിയുണ്ട്. സംവിധായകനും തിരക്കഥാകൃത്തും ആ വെല്ലുവിളി ഏറ്റെടുത്താല്‍ ഞാനും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ്.

എന്റെ കരിയറിലെ ഏറ്റവും റിസ്‌ക്കുള്ള സിനിമയാകും അത്. ആ സിനിമ അന്ന് ചെയ്യുമ്പോള്‍ ഇത്രയും ഹൈപ്പ് വരുമെന്ന് കരുതിയിരുന്നില്ല. പിന്നീട് മീമുകളും മറ്റും വന്നപ്പോഴാണ് ആ കഥാപാത്രം ഇങ്ങനെ കയറി വരുന്നത്. ഈ സിനിമ ഇനി സൂക്ഷിച്ച് ചെയ്തില്ലെങ്കില്‍ മറ്റേതിന്റെ പേരുകൂടെ പോകും. വല്ല കാര്യവുമുണ്ടായിരുന്നോയെന്ന് ആളുകള്‍ ചോദിക്കും,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.


Content Highlight: Suraj Venjaramoodu Talks About Upcoming Dasamoolam Damu Movie