റാഫിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് റ്റു കണ്‍ട്രീസ്. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും ദിലീപുമായിരുന്നു നായികാനായകന്മാരായി എത്തിയത്. സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ജിമ്മി എന്ന കഥാപാത്രമായാണ് സുരാജ് റ്റു കണ്‍ട്രീസില്‍ എത്തിയത്. കോമഡി സിനിമകള്‍ ചെയ്യുമ്പോള്‍ കുറേ ഡയലോഗുകള്‍ താന്‍ കയ്യില്‍ നിന്നിട്ടിട്ടുണ്ടെന്നും അത്തരത്തില്‍ ഒരു ഡയലോഗ് ഈ സിനിമയില്‍ ഉണ്ടെന്നും പറയുകയാണ് സുരാജ് വെഞ്ഞാറമ്മൂട്. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ്.
‘കോമഡി സിനിമകള്‍ ചെയ്യുമ്പോള്‍ കുറേ സാധനങ്ങള്‍ നമ്മള്‍ കയ്യില്‍ നിന്നിട്ടിട്ടുണ്ട്. അതില്‍ ഹിറ്റായ ചില ഡയലോഗുകളുമുണ്ട്. ‘ഇതിനെയൊക്കെ കാണുമ്പോഴാണ് വീട്ടില്‍ ഇരിക്കുന്നതിനെയൊക്കെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്’ എന്ന ഡയലോഗ് അത്തരത്തില്‍ വന്ന ഒരു ഡയലോഗായിരുന്നു.
അതിന് ഒരു കാരണമുണ്ടായിരുന്നു. എന്റെ കഥാപാത്രത്തിന് ആ ഡയലോഗ് പറയാനുള്ള കറക്ട് സിറ്റുവേഷനായിരുന്നു അത്. അയാള്‍ വേറെ ഒരു രാജ്യത്ത് വന്ന് അവിടെ ജീവിക്കാന്‍ വേണ്ടി ഒരു സ്ത്രീയെ കല്യാണം കഴിക്കുകയാണ്. അങ്ങനെ ആ ബന്ധത്തില്‍ പെട്ടുകിടക്കുകയാണ്. അപ്പോള്‍ തീര്‍ച്ചയായും വേറെയൊരു സഭയില്‍ വരുമ്പോള്‍ നല്ല പെണ്‍കുട്ടികളെ കാണുമ്പോള്‍ ആ ഡയലോഗ് മനസില്‍ വരാം.
ഞാന്‍ അപ്പോള്‍ അങ്ങനെ പറഞ്ഞെന്നേയുള്ളൂ. എല്ലാ ആണുങ്ങളുടെയും മനസിലുള്ള കാര്യമാണ് പറഞ്ഞത് (ചിരി). എന്തുകൊണ്ടാണ് തിയേറ്ററില്‍ അത്ര കയ്യടി വന്നതെന്ന് ചിന്തിച്ചാല്‍ തന്നെ മനസിലാകും. എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്നത് കൊണ്ടാണ്,’ സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു.
Content Highlight: Suraj Venjaramoodu Talks About Two Countries