ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കാപ്പ. 2022ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ നായകനായത് പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു. ഒപ്പം ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ആദ്യം മഞ്ജു വാര്യരെ ആയിരുന്നു ചിത്രത്തിലെ നായികയായ കൊട്ട പ്രമീളയായി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡേറ്റിലെ പ്രശ്നങ്ങള്‍ കാരണം അപര്‍ണ ബാലമുരളി നായികയായി എത്തുകയായിരുന്നു.
എന്നാല്‍ ഈ സിനിമയിലെ പൃഥ്വിരാജിന്റെ റോള് ആദ്യം ലഭിച്ചിരുന്നത് തനിക്കായിരുന്നുവെന്ന് പറയുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. അന്ന് ഈ സിനിമയുടെ സംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നില്ലെന്നും എന്നാല്‍ പിന്നീട് എങ്ങനെയോ ആ സിനിമ മാറി പോകുകയായിരുന്നെന്നും സുരാജ് പറയുന്നു.
‘കാപ്പയില്‍ എനിക്ക് ആദ്യം ഓഫര്‍ വന്നിരുന്നു. രാജുവിന്റെ ആ റോള്‍ ആയിരുന്നു എനിക്ക് കിട്ടിയത്. ഞാന്‍ ആയിരുന്നു അത് ചെയ്യേണ്ടത്. എന്താണ് പിന്നെ ചെയ്യാതിരുന്നതെന്ന് ചോദിച്ചാല്‍, അന്ന് ആ സംവിധായകന്‍ ആയിരുന്നില്ല.
അന്ന് വേണു സാറായിരുന്നു എന്നോട് ഈ സിനിമയെ കുറിച്ച് പറയുന്നത്. പിന്നെ എങ്ങനെയൊക്കെയോ മാറി മാറി പോകുകയായിരുന്നു. അന്ന് എന്റെ പെയറായിട്ട് മഞ്ജു വാര്യരെ ആയിരുന്നു കാസ്റ്റ് ചെയ്തത്. പിന്നെയാണ് ആ കാസ്റ്റിങ്ങൊക്കെ ഇന്ന് കാണുന്നത് പോലെ മാറുന്നത്,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
Content Highlight: Suraj Venjaramoodu Talks About Prithviraj Sukumaran And Kaapa Movie