ഡോ. ബിജു സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പേരറിയാത്തവര്‍. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സിനിമയായിരുന്നു ഇത്. പരിസ്ഥിതിസംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള 2014ലെ നാഷണല്‍ അവാര്‍ഡ് ഈ സിനിമ സ്വന്തമാക്കിയിരുന്നു.
ചിത്രത്തിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡും നേടിയിരുന്നു. എന്നാല്‍ ഈ സിനിമ അധികമാരും കണ്ടിട്ടില്ലെന്നും വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് കണ്ടതെന്നും പറയുകയാണ് സുരാജ്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ സിനിമ ആളുകള്‍ കണ്ടിരുന്നെങ്കില്‍ തന്റെ കരിയറിലെ സ്വിച്ചിങ് കുറച്ച് മുമ്പേ തന്നെ ഉണ്ടാകുമായിരുന്നെന്നും പക്ഷെ സംഭവിച്ചതെല്ലാം നല്ലതിനെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും നടന്‍ പറയുന്നു. തനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയത് പലര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും തന്റെ കൂടെ വന്ന സുഹൃത്ത് പോലും നിനക്ക് എന്തിനാണ് നാഷണല്‍ അവാര്‍ഡ് കിട്ടിയതെന്ന് ചോദിച്ചുവെന്നും സുരാജ് പറഞ്ഞു.
‘നാഷണല്‍ അവാര്‍ഡ് കിട്ടിയ പേരറിയാത്തവര്‍ എന്ന സിനിമ അധികം ആരും കണ്ടിട്ടില്ല. വളരെ ചുരുക്കം ആളുകള്‍ മാത്രമാകും അത് കണ്ടിട്ടുണ്ടാകുക. ആ സിനിമ ആളുകള്‍ കണ്ടിരുന്നെങ്കില്‍ എന്റെ കരിയറിലെ സ്വിച്ചിങ് കുറച്ച് മുമ്പേ തന്നെ ഉണ്ടാകുമായിരുന്നു. പക്ഷെ സംഭവിച്ചതെല്ലാം നല്ലതിന് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ആ സിനിമക്ക് ശേഷം കുറേ കഴിഞ്ഞാണ് എനിക്ക് ആക്ഷന്‍ ഹീറോ ബിജുവില്‍ അവസരം ലഭിക്കുന്നത്. അവിടം മുതല്‍ക്കാണ് എന്റെ കരിയറില്‍ മാറ്റം സംഭവിക്കുന്നത്. അന്നത്തെ ജൂറി ചെയര്‍മാനൊക്കെ നല്ല അഭിപ്രായം പറഞ്ഞ സിനിമയായിരുന്നു പേരറിയാത്തവര്‍. ആളുകള്‍ ആരും പടം കണ്ടില്ലെന്ന് അദ്ദേഹവും പറഞ്ഞു.
എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയത് പലര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്റെ കൂടെ വന്നവന്‍ പോലും അന്ന് ‘അളിയാ, നിനക്ക് എന്തിനാണ് നാഷണല്‍ അവാര്‍ഡ്’ എന്നാണ് ചോദിച്ചത്. ഞാന്‍ ഡോ. ബിജു സാറിന്റെ പടത്തില്‍ അഭിനയിച്ചതിനാണെന്ന് ഞാന്‍ പറഞ്ഞു.
പിന്നെ ഞാന്‍ ഡോ. ബിജു സാറിനെ കുറിച്ച് പറയാന്‍ തുടങ്ങി. ‘സാര്‍ ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന സിനിമയൊക്കെ കണ്ടിട്ടുണ്ടോ ഗംഭീരമായ പടമാണ്. പൃഥ്വിരാജ് അഭിനയിച്ച സിനിമയാണ്’ എന്നൊക്കെ ഞാന്‍ പറഞ്ഞു. ‘ആണല്ലേ. എന്നാലും നിനക്ക് എങ്ങനെ നാഷണല്‍ അവാര്‍ഡ് കിട്ടി’ എന്നാണ് അവന്‍ വീണ്ടും ചോദിച്ചത്.
കാരണം നമ്മളെ എപ്പോഴും കോമഡി പടങ്ങള്‍ ചെയ്യുന്നതായിട്ടല്ലേ അവരൊക്കെ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ കോമഡിക്കാണോ നാഷണല്‍ അവാര്‍ഡ് എന്നുപോലും അവന്‍ ചോദിച്ചിരുന്നു. ബെസ്റ്റ് ആക്ടറിനുള്ള അവാര്‍ഡാണെന്ന് പറഞ്ഞിട്ട് വിശ്വസിച്ചില്ല. അത്തരത്തിലുള്ള കണ്‍ഫ്യൂഷന്‍ പലര്‍ക്കും തോന്നിയിരുന്നു. കാരണം ആ സിനിമ ആളുകളിലേക്ക് എത്തിയിരുന്നില്ല,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
Content Highlight: Suraj Venjaramoodu Talks About Perariyathavar Movie