സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ സീരീസാണ് ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്’. 2016ല്‍ പുറത്തിറങ്ങിയ കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കറാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ശ്വേത മേനോന്‍, ഗ്രേസ് ആന്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് സീരീസില്‍ നായികമാരായി എത്തുന്നത്.
ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്ന ടാഗ് ലൈനോടെ വരുന്ന സീരീസില്‍ ബഹുഭാര്യത്വ ബന്ധം പുലര്‍ത്തുന്ന ആളുടെ വേഷമാണ് സുരാജ് ചെയ്യുന്നത്. ഈ സീരീസിനെ കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഇത് ഡിസ്‌നിയുടെ ഒരു വെബ് സീരീസാണ്. ആറ് നായികമാരാണ് ഉള്ളത്. പക്ഷെ അഞ്ച് പേരെ മാത്രമാണ് കാണിച്ചിട്ടുള്ളത്. പോസ്റ്ററില്‍ ഇല്ല, സര്‍പ്രൈസാണ്. ആകെ ആറ് എപ്പിസോഡുകളാണ് ഇതില്‍ ഉള്ളത്. ആറ് എപ്പിസോഡുകളും ആറ് സ്ഥലങ്ങളിലാണ്. അങ്ങനെയുള്ള കുറേ വ്യത്യാസങ്ങള്‍ ഈ സീരീസിന് ഉണ്ട്. സാധാരണ വെബ് സീരീസുകളില്‍ ഒറ്റ കഥയാകുമല്ലോ. ഇത് രണ്ട് കഥാപാത്രങ്ങളെ വെച്ചു കൊണ്ട് ഓരോന്നും ഓരോ എപ്പിസോഡുകളാണ്.
വ്യത്യസ്തമായ സിറ്റുവേഷനിലാണ് ഓരോന്നും. വില്ലേജും കോമഡിയുമൊക്കെയായി വേറെയൊരു സാധനമാണ്. ഞാന്‍ ശരിക്കും ഞെട്ടിയിരുന്നു. കാരണം ആക്ഷന്‍ പടങ്ങളൊക്കെ എടുത്തു കൊണ്ടിരുന്ന നിതിനാണ് ഈ സീരീസ് ചെയ്യുന്നത്. ‘നീ കോമഡി ചെയ്യുന്നോ, ഇനി നിനക്ക് ഇത് വേറെ ആരെങ്കിലും എഴുതി തന്നതാണോടാ’ എന്ന് ഞാന്‍ ചോദിച്ചു. നിതിന്‍ ആദ്യം എഴുതിയ സ്‌ക്രിപ്റ്റ് ഇതായിരുന്നു. പറഞ്ഞപ്പോള്‍ വളരെ രസകരമായി തോന്നി.
നമ്മുടെ നാട്ടിന്‍പുറങ്ങളിലൊക്കെ പണ്ട് കാണാറുള്ള കാര്യമാണ് ഇത്. കുറച്ചുനാള്‍ ഒരു കല്യാണം കൂടി അവിടെ നിന്ന ശേഷം പെട്ടെന്ന് അയാളെ കാണാതാകും. ഇന്നൊക്കെ കാണാതായാല്‍ പെട്ടെന്ന് സ്‌പോട്ടില്‍ തന്നെ കണ്ടെത്താനാകും. അന്ന് അങ്ങനെയല്ലല്ലോ. ഇതൊരു റിയല്‍ സ്‌റ്റോറി കൂടെയാണ്. റിയല്‍ ഇന്‍ഡിസന്റുകളില്‍ നിന്ന് എടുത്ത കാര്യങ്ങളാണ് ഇതൊക്കെ,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
Content Highlight: Suraj Venjaramoodu Talks About Nagendran’s Honeymoons