മിമിക്രിയിലൂടെ സിനിമയില്‍ എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങളില്‍ നിന്ന് കരിയര്‍ തുടങ്ങി ഇന്ന് വളരെ സീരിയസായ വേഷങ്ങളിലൂടെയും അമ്പരപ്പിക്കുകയാണ് അദ്ദേഹം.
മറ്റുള്ളവരെ രസിപ്പിക്കാന്‍ തനിക്കൊരു കഴിവുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങളെ കുറിച്ച് പറയുകയാണ് നടന്‍. വെഞ്ഞാറമൂട്ടിലെ മരണവീടുകളില്‍ താന്‍ നിറച്ച ചിരികളാണ് തനിക്ക് പിന്നീട് വേദികള്‍ സമ്മാനിച്ചതെന്നാണ് സുരാജ് പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ അമ്മൂമ്മയുടെ മരണം സംഭവിക്കുന്നത്. മരണവീട്ടിലെ എന്റെ ചില ഇടപെടലുകള്‍ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. എന്റെ വീടിനോട് ചേര്‍ന്നായിരുന്നു അമ്മൂമ്മയുടെ വീട്. 16 ദിവസത്തെ മരണാനന്തരച്ചടങ്ങുകളെല്ലാം പൂര്‍ത്തിയാകുന്നതുവരെ ബന്ധുക്കളെല്ലാം തറവാട്ടില്‍ തന്നെ തമ്പടിക്കും.
ആദ്യ രണ്ടുദിവസം പിന്നിടുന്നതോടെ മരണത്തിന്റെ കണ്ണീരും പ്രകടമായ വിഷമവുമെല്ലാം പതിയെ മാഞ്ഞുപോകും. പിന്നീട് ബന്ധുക്കളുടെ ഒത്തുചേര്‍ന്നുള്ള വര്‍ത്തമാനങ്ങളാണ് നടക്കുക. സ്‌കൂള്‍ വിട്ടുവന്നാല്‍ നേരേ മരണവീട്ടിലേക്കൊരു ഓട്ടമാണ്.
രാത്രിയില്‍ കഞ്ഞിയും പയറും കഴിച്ചിരിക്കുന്ന കുടുബക്കാര്‍ക്ക് മുമ്പില്‍ ചിരിവകകള്‍ നിറക്കുകയെന്നതാണ് അപ്പോള്‍ എന്റെ പ്രധാന ജോലി. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകള്‍ ഒന്നുമില്ലാതെ ഞാന്‍ തട്ടിവിട്ട പല തമാശകളും അവിടെയുള്ളവരെ ഒരുപാട് ചിരിപ്പിച്ചു.
മറ്റുള്ളവരെ രസിപ്പിക്കാന്‍ എനിക്കൊരു കഴിവുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ വേദികൂടിയായിരുന്നു ആ മരണവീട്. അന്ന് സന്ധ്യകഴിഞ്ഞ് ഉമ്മറത്ത് എല്ലാവരും ഒത്തുകൂടും. അപ്പോള്‍ ‘നീ വല്യമ്മാവനെ ഒന്ന് കാണിച്ചേ’യെന്നും ‘ചിറ്റപ്പന്‍ എങ്ങനെയാ ചിരിക്കുന്നത്?’ എന്നും ഓരോരുത്തരായി ചോദിക്കും.
അന്ന് ഞാന്‍ അവിടെ കാണിച്ചത് മിമിക്രിയാണോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും മരണാനന്തരച്ചടങ്ങ് കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷം മടങ്ങുന്നവരുടെ മനസിലെല്ലാം എന്റെ ചിരിനമ്പറുകള്‍ നിറഞ്ഞുനിന്നിരുന്നു. ചെറുക്കന്റെ തമാശകള്‍ ഇനിയെന്ന് കേള്‍ക്കാനാകുമെന്ന വീടിനുള്ളിലെ അടക്കംപറച്ചിലുകള്‍ എന്റെയുള്ളില്‍ അഭിമാനം നിറക്കുന്നതായിരുന്നു.
വെഞ്ഞാറമൂട്ടിലെ മരണവീടുകളില്‍ ഞാന്‍ നിറച്ച ചിരികളാണ് എനിക്ക് പിന്നീട് വേദികള്‍ സമ്മാനിച്ചത്. അന്നത്തെ പ്രകടനങ്ങളുടെ തുടര്‍ച്ച എന്നോണം കരകുളം ക്ഷേത്രത്തില്‍ മിമിക്രി അവതരിപ്പിക്കാന്‍ മാമന്‍ ക്ഷണിച്ചത് ഇന്നും എന്റെ മനസിലുണ്ട്,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
Content Highlight: Suraj Venjaramoodu Talks About Mimicry And His Career