മമ്മൂട്ടിയെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് രാജമാണിക്യം. മമ്മൂട്ടി ബെല്ലാരി രാജ എന്ന കച്ചവടക്കാരനായി വന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച എന്റര്‍ടെയ്‌നറുകളില്‍ ഒന്നാണ്. ചിത്രത്തില്‍ തിരുവനന്തപുരം സ്ലാങ്ങില്‍ സംസാരിക്കുന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്.
രാജമാണിക്യം സിനിമക്ക് വേണ്ടി മമ്മൂട്ടിയെ തിരുവനന്തപുരം സ്ലാങ് പഠിപ്പിച്ചത് സുരാജ് വെഞ്ഞാറമൂട് ആയിരുന്നു. മമ്മൂട്ടിയുടെ രാജമാണിക്യം സിനിമയില്‍ ഉപയോഗിച്ച തിരുവനന്തപുരം സ്ലാങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സുരാജ്. ചിത്രത്തില്‍ മമ്മൂട്ടി ഉപയോഗിച്ചത് കുറച്ച് ലൗഡ് ആയിട്ടുള്ള സ്ലാങ് ആണെന്നും തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും പല രീതിയിലുള്ള സ്ലാങ്ങാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറശാല സ്ലാങ് ആണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നും സിനിമയിലുള്ളത് പുതിയൊരു സ്ലാങ് ആണെന്നും സുരാജ് തമാശക്ക് പറഞ്ഞു. വളരെ ഗംഭീരമായിട്ടാണ് മമ്മൂട്ടി സിനിമയിലെ ഇമോഷണല്‍ രംഗങ്ങളെല്ലാം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.
‘മമ്മൂക്ക രാജമാണിക്യത്തില്‍ അവതരിപ്പിച്ചത് കുറച്ച് ലൗഡ് ആയിട്ടുള്ള കഥാപാത്രമല്ലേ, ഈ ചിത്രത്തില്‍ അത്രക്ക് ലൗഡ് ആയിട്ടുള്ള ശൈലിയല്ല ഉപയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലക്കകത്ത് പല സ്ഥലങ്ങളിലും പല രീതിയിലുള്ള സ്ലാങ് ആണ് ഉപയോഗിക്കുന്നത്. പല സ്ഥലങ്ങളിലും തിരുവനന്തപുരം സ്ലാങ് ആണെങ്കിലും പല സ്ഥലത്തും കുറച്ച് കുറുക്കലുകളും നീട്ടവും എല്ലാം മാറിയും മറിഞ്ഞും വരും.
രാജമാണിക്യം സിനിമയില്‍ ഉപയോഗിച്ചത് പാറശാല സ്ലാങ് ആണെന്നും പറയാന്‍ പറ്റില്ല. ഒരു പുതിയ സ്ലാങ് എന്ന് വേണമെങ്കില്‍ പറയാം(ചിരി). ഞാന്‍ മുറ എന്ന ചിത്രത്തില്‍ മമ്മൂക്കയുടെ ശൈലി വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മമ്മൂക്ക കുറച്ചുകൂടെ ലൗഡ് ആയിട്ടല്ലേ അത് ചെയ്തിരിക്കുന്നത്. ലൗഡ് മാത്രമല്ല വളരെ ഗംഭീരമായിട്ടാണ് ഇമോഷണല്‍ സീനുകളെല്ലാം അദ്ദേഹം ചെയ്തിരിക്കുന്നത്,’ സുരാജ് വെഞ്ഞാറമൂട്.
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മുറ. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരുവന്തപുരത്തുനിന്നുള്ള അധോലോക നായകനായാണ് സുരാജ് എത്തുന്നത്. ആക്ഷന്‍ പ്രാധ്യാനം കൊടുക്കുന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.
Content Highlight: Suraj Venjaramoodu Talks About Mammootty’s Slang In Rajamanikyam Movie