മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യതാരമായി കരിയര്‍ തുടങ്ങിയ സുരാജ് ഇന്ന് മലയാളത്തിലെ ഒരു മികച്ച നടന്‍ കൂടിയാണ്. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്ന് വരുന്നത്.
സുരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തെക്ക് വടക്ക്. തെക്ക് വടക്കിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. പണ്ട് ജാസി ഗിഫ്റ്റിനോട് പറഞ്ഞത് ഓര്‍ത്തെടുക്കുകയാണ് സൂരജ് വെഞ്ഞാറമൂട്.
പഠനമെല്ലാം കഴിഞ്ഞ് പണിയൊന്നുമില്ലാതെ ഇരിക്കുമ്പോള്‍ ഒരു യൂറോപ്പ് ട്രിപ്പില്‍ മിമിക്രി ചെയ്യാനായിട്ട് ജാസി ഗിഫ്റ്റ് വിളിച്ചെന്നും അദ്ദേഹത്തോടോപ്പം യൂറോപ്പില്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്നും സുരാജ് പറയുന്നു. താന്‍ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനാകുമെന്നും തന്റെ സിനിമയില്‍ ജാസി ഗിഫ്റ്റ് പാട്ടുപാടുമെന്നും അന്ന് തമാശക്ക് ജാസി ഗിഫ്റ്റിനോട് പറഞ്ഞെന്ന് സൂരജ് പറയുന്നു.
‘ഞാന്‍ ഡിഗ്രി ഒക്കെ കഴിഞ്ഞു മിമിക്രി ആയിട്ടൊക്കെ അലഞ്ഞു നടക്കുകയായിരുന്നു. ഇനി എന്താണ് ഭാവി എന്നൊന്നും അപ്പോള്‍ എനിക്കൊരു ഐഡിയയും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ചും ആ സമയത്ത് ഒരു പ്രണയം എല്ലാം പൊട്ടി പൊളിഞ്ഞു നില്‍ക്കുകയായിരുന്നു.
ആ സമയത്തുണ്ട് എനിക്കൊരു കോള്‍ വരുന്നു, ജാസി ഗിഫ്റ്റായിരുന്നു അത്. അണ്ണന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു ഒരു യൂറോപ്പ് ട്രിപ്പുണ്ട് വരുന്നോയെന്ന്. പൊട്ടി പൊളിഞ്ഞു തകര്‍ന്ന് നില്‍ക്കുന്നവന് എന്ത് കിട്ടിയാലും എന്ത്. എത്ര രൂപയാണെന്ന് ചോദിച്ചപ്പോള്‍ 25000 ആണെന്ന്. 25 എങ്കില്‍ 25 എന്ന് പറഞ്ഞു ഞാന്‍ നേരെ അദ്ദേഹത്തിന്റെ കൂടെ യൂറോപ്പിലേക്ക് പോയി.
അവിടെ ഞാനും ജാസി ഗിഫ്റ്റും ഒരു റൂമാണ് ഷെയര്‍ ചെയ്തത്. ചിരിക്കാനും ചിന്തിക്കാനുമെല്ലാമുള്ള ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഇങ്ങനെ കടന്നു പോകുന്നതിന്റെ ഇടക്ക് എനിക്ക് അപ്പോള്‍ തോന്നിയത് ഞാന്‍ അദ്ദേഹത്തോട് വെറുതെ പറഞ്ഞു, നോക്കിക്കോ മലയാള സിനിമയിലേക്ക് ഞാന്‍ വരും, ഞാന്‍ ഒരു നടനാകും എന്റെ സിനിമയില്‍ നിങ്ങളെ കൊണ്ട് പാടിപ്പിച്ചിരിക്കും എന്ന്. ഈശ്വരന്റെ അനുഗ്രഹം കൊണ്ട് പറഞ്ഞത് സംഭവിച്ചു,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.