| Saturday, 29th October 2022, 9:05 am

'ചേട്ടാ, ഇന്നത്തെ കേരള.., അതെന്താ നാളെ കേരളമില്ലേ' എന്ന ആ ഡയലോഗുണ്ടായത് ഇങ്ങനെയാണ്; ദശമൂലം ദാമുവിന്റെ സീനിനെ കുറിച്ച് സുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍ച്ചയായി സീരിയസ് റോളുകള്‍ ചെയ്യുന്നത് കാരണം കോമഡി റോളുകളിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് പ്രേക്ഷകര്‍ ചോദിക്കാറുണ്ടെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ്.

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യില്‍ കോമഡി ടച്ചുള്ള ഒരു റോളാണ് സുരാജ് ചെയ്യുന്നത്. കോമഡി റോളിലേക്ക് തിരിച്ചെത്തുമ്പോള്‍ അത് ആളുകള്‍ സ്വീകരിക്കുമോ എന്ന ടെന്‍ഷനുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍.

”ഞാന്‍ വന്നതേ കോമഡിയിലൂടെയാണ്. കോമഡിയാണ് എന്നെ ഇതുവരെ എത്തിച്ചത്. കോമഡി സ്വീകരിച്ച ആളുകള്‍ക്ക് ഞാന്‍ ഇനിയും ഹ്യൂമര്‍ ചെയ്യുമ്പോള്‍ ഇഷ്ടപ്പെടുമല്ലോ. അവര്‍ ആഗ്രഹിച്ച കാര്യമാണ്. അവര്‍ തന്നെയാണ് എന്നോട് കാണുമ്പോഴൊക്കെ കോമഡിയുടെ കാര്യം പറയുന്നത്.

‘മതി, പ്രഷറടിച്ച് ആള്‍ക്കാര് ചത്തുപോകും. ഇങ്ങനെയിട്ട് കരയിപ്പിക്കല്ലേ, ഇനിയെങ്കിലും ഒന്ന് ചിരിപ്പിക്ക്,’ എന്ന് തുടര്‍ച്ചയായുള്ള എന്റെ സീരിയസ് റോളുകള്‍ കണ്ടിട്ട് ആള്‍ക്കാര്‍ പറയുന്നുണ്ട്.

അതുപോലുള്ള അവസരങ്ങള്‍ കിട്ടിയത് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ പോലുള്ള സിനിമകളിലാണ്. ഇനി ഇറങ്ങാന്‍ പോകുന്ന, വിനീതിനൊപ്പമുള്ള മുകുന്ദനുണ്ണി അസോസിയേറ്റ്‌സും ഫുള്‍ ഹ്യൂമറാണ്,” സുരാജ് പറഞ്ഞു.

കോമഡി സീനുകളില്‍ ഇംപ്രൊവൈസേഷന്‍ ചെയ്യാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് ഹിറ്റ് കഥാപാത്രമായ ദശമൂലം ദാമുവിന്റെ ചില സീനുകളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

”കോമഡിയില്‍ ഇഷ്ടംപോലെ ചെയ്തിട്ടുണ്ട്. ദശമൂലം ദാമുവിലൊക്കെ ചെയ്തിട്ടുണ്ട്. അതില്‍ ബസിറങ്ങി വന്നിട്ട് ലോട്ടറി ടിക്കറ്റ് വലിച്ചുകീറുന്ന സീനൊക്കെ അപ്പൊ കൊടുത്ത ഇംപ്രൊവൈസേഷനാണ്.

ബസിറങ്ങി വന്ന് നടന്നുപോകുന്നത് മാത്രമേ സീനിലുണ്ടായിരുന്നുള്ളൂ. വണ്ടി ഇറങ്ങുന്നു പോകുന്നു. പക്ഷെ വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍, ‘ഇന്നത്തെ കേരള’ എന്ന് വിളിച്ചുപറഞ്ഞ്‌കൊണ്ട് അതുവഴി പോയപ്പോള്‍ ‘നിക്ക്, അതെന്താ നാളെ കേരളമില്ലേ’ എന്ന് ഞാന്‍ തിരിച്ചിട്ടതാണ്.

ജൂനിയര്‍ ആര്‍ടിസ്റ്റിലൊരാളായിരുന്നു ‘ഇന്നത്തെ കേരള’ എന്ന് പറഞ്ഞ് നടന്നുപോയത്. അത് അദ്ദേഹത്തിന്റെ ക്രിയേറ്റിവിറ്റി,” താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആന്‍ അഗസ്റ്റിന്‍ നായികയായെത്തുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എം. മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

Content Highlight: Suraj Venjaramoodu talks about his iconic character Dasamoolam Damu

We use cookies to give you the best possible experience. Learn more