ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലൊരുങ്ങിയ ചിത്രമാണ് ഇ.ഡി (എക്സ്ട്രാ ഡീസെന്റ്). ആഷിഫ് കക്കോടി രചന നിര്‍വഹിക്കുന്ന എക്സ്ട്രാ ഡീസന്റില്‍ നായകനാകുന്നത് സുരാജ് വെഞ്ഞാറമൂടാണ്.
സുരാജിന്റെ വിലാസിനി സിനിമാസും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ഇ.ഡി നിര്‍മിക്കുന്നത്. സുരാജിന്റെ ആദ്യ നിര്‍മാണ ചിത്രം കൂടെയാണ് ഇത്. ഈ സിനിമയുടെ കഥയാണ് താന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് തീരുമാനിക്കാന്‍ കാരണമായതെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമയുടെ കഥയാണ് ഞാന്‍ പ്രൊഡ്യൂസ് ചെയ്യാമെന്ന് തീരുമാനിക്കാന്‍ കാരണമായത്. അത്ര നല്ല കണ്ടന്റാണ് ഇത്. ഞാന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത, ഒരു സിനിമയിലും ഇതുവരെ വന്നിട്ടില്ലാത്ത കണ്ടന്റാണ് ഈ ചിത്രത്തിലുള്ളത്. കേട്ടപ്പോള്‍ തന്നെ ഇത് കൊള്ളാല്ലോയെന്ന് തോന്നി.
അതിന്റെ കണ്ടന്റും കഥാപാത്രവും എനിക്ക് വളരെ ഇഷ്ടമായി. ആമിര്‍ വന്ന് കഥ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചിരിച്ചു. സാധാരണ ഫുള്‍ കഥയും കേട്ടിരിക്കുകയേയുള്ളൂ. ചിരി വന്നാലും ഇപ്പോഴേ ഇവന്മാര്‍ക്ക് വിട്ടുകൊടുക്കേണ്ട എന്ന് കരുതും (ചിരി). പക്ഷെ ഇവിടെ ഞാന്‍ ചിരിച്ചു പോയി.
നമ്മുടെ പരിസരത്തൊക്കെ കണ്ടിട്ടുള്ള കഥാപാത്രമാണ് ഈ സിനിമയിലുള്ളത്. എല്ലാവരിലും അയാളെ പോലൊരു കഥാപാത്രമുണ്ട്. പക്ഷെ ആരും പുറത്തെടുക്കാത്തതാണ്. കഥ കേട്ടപ്പോള്‍ തന്നെ ഈ സിനിമ ചെയ്യണമെന്ന് തോന്നുകയായിരുന്നു. ആമിറിനോട് പ്രൊഡ്യൂസറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ എന്റെ ഭാഗ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
അപ്പോള്‍ തന്നെ ‘ഇത് വേറെ ആരോടും പറയേണ്ടെന്നും ഞാന്‍ തന്നെ പ്രൊഡ്യൂസ് ചെയ്യാ’മെന്നും പറഞ്ഞു. എന്റെ സുഹൃത്തായ സന്തോഷ് ലിസ്റ്റിന്‍ സ്റ്റീഫന്റെ കൂടെ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു. സന്തോഷ് ഈ കഥ കേട്ടതും ലിസ്റ്റിനെ കൊണ്ട് ചെയ്യിക്കാമെന്ന് പറഞ്ഞു.
ഞാന്‍ ചെയ്‌തോളാമെന്ന് പറഞ്ഞപ്പോള്‍ സന്തോഷാണ് ഒരുമിച്ച് ചെയ്യാമെന്ന് പറയുന്നത്. അവസാനം ഞാന്‍ ഓക്കെ പറഞ്ഞു. കാരണം അഭിനയിച്ചതിന് ശേഷം ഗംഭീര പടമാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. ആ പടം ആളുകളിലേക്ക് എത്തിക്കുക കൂടെ വേണ്ടേ. ലിസ്റ്റിനാണെങ്കില്‍ പത്ത് നാല്‍പത് തിയേറ്റുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലുണ്ട് (ചിരി),’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
Content Highlight: Suraj Venjaramoodu Talks About His Extra Decent Movie