| Tuesday, 17th December 2024, 8:09 am

ആ സിനിമയില്‍ ഞാന്‍ കരഞ്ഞപ്പോള്‍ ആളുകള്‍ കയ്യടിച്ചു, ഒരിക്കലും ആ അനുഭവം മറക്കില്ല: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകരെ രസിപ്പിച്ച സുരാജ് 2013ല്‍ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. പിന്നീട് ആക്ഷന്‍ ഹീറോ ബിജുവിലെ രണ്ട് സീന്‍ മാത്രമുള്ള കഥാപാത്രത്തിലൂടെ സീരിയസ് റോളുകളും തനിക്ക് ചേരുമെന്ന് തെളിയിച്ച സുരാജ് പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് ട്രാക്ക് മാറ്റി. സുരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇ.ഡി.

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ തിയേറ്ററില്‍ ഇരുന്ന് കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. കാണികളുടെ റിയാക്ഷന്‍ കാണാന്‍ വേണ്ടി താന്‍ തിയേറ്ററില്‍ പോയെന്നും എന്നാല്‍ അവര്‍ സിനിമയില്‍ തന്നെ കണ്ടപ്പോള്‍ കോമഡിയായിരിക്കും പ്രതീക്ഷിച്ചതെന്നും സുരാജ് പറഞ്ഞു.

എന്നാല്‍ താന്‍ കരയുന്നത് കണ്ടപ്പോള്‍ കാണികള്‍ കരഞ്ഞെന്നും പിന്നീട് കയ്യടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ അനുഭവം തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും സുരാജ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

‘ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ ഞാന്‍ തിയേറ്ററില്‍ ഇരുന്ന് കാണുകയായിരുന്നു. ആ കഥാപാത്രം എന്താണെന്ന് ഞാന്‍ അനുഭവിച്ച് കഴിഞ്ഞതാണല്ലോ. എനിക്കറിയാം അതെന്താണെന്ന്. കാണികളുടെ റിയാക്ഷന്‍ നോക്കി ഇരിക്കയായിരുന്നു ഞാന്‍. അതില്‍ നല്ല രസകരമായ കുറെ സീകന്‍സുകള്‍ ഉണ്ടല്ലോ.

എന്നെ കണ്ടപ്പോള്‍ എല്ലാവരും എന്തോ ഒപ്പിക്കാനുള്ള കോമഡി സീനായിരിക്കും എന്നെല്ലാം കരുതി ഇരിക്കുകയായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ആളുകള്‍ കോമഡിക്കൊക്കെ കയ്യടിക്കുന്നത് കണ്ടിട്ടുണ്ട്, എന്നാല്‍ കരയുന്നത് കണ്ട് കയ്യടിക്കുന്നത് ആദ്യമായിട്ടായിരുന്നു.

ഞാന്‍ നോക്കുമ്പോള്‍ എന്റെ കഥാപാത്രം കരയുന്നതിനനുസരിച്ച് സിനിമ കണ്ടുകൊണ്ടിരുന്നവരും കരയുന്നു. അതൊരിക്കലും ഞാന്‍ മറക്കില്ല,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

ഇ.ഡി (എക്സ്ട്രാ ഡീസന്റ്):

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലൊരുങ്ങിയ ചിത്രമാണ് ഇ.ഡി. ആഷിഫ് കക്കോടി രചന നിര്‍വഹിക്കുന്ന സിനിമയില്‍ ഒരു കുടുംബത്തെ ചുറ്റിപറ്റിയുള്ള കഥയാണ് പറയുന്നത്.

സുരാജ് വെഞ്ഞാറമൂടിനൊപ്പം ഗ്രേസ് ആന്റണി, ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് ഹൈലൈറ്റ്. അവര്‍ക്ക് പുറമെ വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ഇ.ഡിക്കായി ഒന്നിക്കുന്നത്.

Content Highlight: Suraj Venjaramoodu Talks About His Character In Action Hero Biju Movie

We use cookies to give you the best possible experience. Learn more