| Saturday, 15th June 2024, 10:46 pm

ഒരു കോസ്റ്റ്യൂം വണ്ടിയുടെ പുറകെ പോയി; ലാലേട്ടന്‍ ചിത്രത്തിലെ വേഷം പണിയെടുത്ത് മേടിച്ചത്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാഫി – മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹലോ. മോഹന്‍ലാല്‍, പാര്‍വതി മെല്‍ട്ടണ്‍, ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, കെ.ബി. ഗണേഷ് കുമാര്‍, മധു, സംവൃത സുനില്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും അഭിനയിച്ചിരുന്നു.

എസ്.ഐ. സ്റ്റീഫനായാണ് താരമെത്തിയത്. എന്നാല്‍ തനിക്ക് ആ സിനിമയില്‍ ആകെ രണ്ട് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പറയുകയാണ് സുരാജ്. കോസ്റ്റ്യൂം വണ്ടിയുടെ പുറകെ കയറി പോയത് കാരണമാണ് അതില്‍ ഒരു പ്രധാന കഥാപാത്രമാകാന്‍ സാധിച്ചെന്നും നല്ല പണിയെടുത്ത് അവസരം വാങ്ങിച്ച സിനിമയാണ് അതെന്നും താരം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ്.

‘എനിക്ക് ഹലോ എന്ന സിനിമയില്‍ ആകെ രണ്ട് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാലക്കാട് ഒറ്റപ്പാലത്തെ വീട്ടിലായിരുന്നു അതിന്റെ ഷൂട്ട്. അന്ന് റാഫി സാര്‍ സീനുകള്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ ഇത് കഴിഞ്ഞെന്ന് പറഞ്ഞു. നിനക്ക് ഒരു പടം കൂടെ കിട്ടിയാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നും എന്നാല്‍ ഇതില്‍ രണ്ട് സീനേയുള്ളു എന്നും പറഞ്ഞു.

പിന്നെ ഞാന്‍ സീരിയലിന്റെ ഷൂട്ടുമായി തിരുവനന്തപുരത്തായി. ആ സമയത്താണ് പാലക്കാട് നിന്ന് ഷിഫ്റ്റായി അവര്‍ തിരുവനന്തപുരത്തേക്ക് വരുന്നത്. ഒരു കോസ്റ്റ്യൂം വണ്ടി പോകുന്നത് കണ്ട് പിന്നാലെ പോയതാണ് ഞാന്‍. അമ്പലത്തറയിലാണ് ഷൂട്ടെന്ന് അറിഞ്ഞു. പിന്നെ ഞാന്‍ എനിക്ക് ഷൂട്ടൊന്നും ഇല്ലാത്ത സമയത്ത് ഞാന്‍ അവിടെ പോയി ഇരിക്കാന്‍ തുടങ്ങി.

അവിടെയിരിക്കുമ്പോള്‍ ഞാന്‍ വെറുതെ ഓരോ സീനിനെ കുറിച്ച് പറയും. ഉടനെ അത് കൊള്ളാം നിനക്ക് ഇടാനുള്ള പാന്റ്‌സ് ഉണ്ടോയെന്ന് നോക്കാന്‍ റാഫി സാര്‍ പറഞ്ഞു. അങ്ങനെയങ്ങനെയാണ് ആ കഥാപാത്രം വളരുന്നത്. രണ്ട് സീനില്‍ തീരേണ്ട സിനിമയായിരുന്നു അത്. ഞാന്‍ പുറകെ കയറി പോയത് കാരണം അതില്‍ ഒരു പ്രധാന കഥാപാത്രമാകാന്‍ സാധിച്ചു. നല്ല പണിയെടുത്ത് മേടിച്ച സിനിമയാണ് അത്,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.


Content Highlight: Suraj Venjaramoodu Talks About Hallo Movie

We use cookies to give you the best possible experience. Learn more