|

അദ്ദേഹത്തിന്റെ പല സിനിമകളിലും വിളിച്ചിരുന്നു; ഇതിന് വരണമെന്ന് പറഞ്ഞതും പിന്നൊന്നും നോക്കിയില്ല: സുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബിജു മേനോന്‍- സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നടന്ന സംഭവം. വിഷ്ണു നാരായണിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥന്‍ ആണ്.

ഫാമിലി- കോമഡി ഴോണറില്‍ വരുന്ന സിനിമയില്‍ ബിജു മേനോന്‍ ഉണ്ണി എന്ന കഥാപാത്രമായും സുരാജ് അജിത്ത് എന്ന കഥാപാത്രമായുമാണ് എത്തുന്നത്. ബിജു മേനോന്റെ പല സിനിമകളിലും തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ പോകാന്‍ പറ്റിയിരുന്നില്ലെന്നും പറയുകയാണ് സുരാജ് വെഞ്ഞാറമ്മൂട്.

‘നടന്ന സംഭവ’ത്തിന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ബിജു മേനോനൊപ്പം വര്‍ക്ക് ചെയ്യാന്‍ നല്ല സുഖമാണെന്നും ഫ്രീ ടൈം ഉണ്ടാകില്ലെന്നും സുരാജ് പറയുന്നു.

‘ബിജു ചേട്ടന്റെ പല സിനിമകളിലും എന്നെ വിളിച്ചിരുന്നു. എന്നാല്‍ എനിക്ക് പോകാന്‍ പറ്റിയിരുന്നില്ല. അങ്ങനെ അവസാനം ബിജു ചേട്ടന്‍ നടന്ന സംഭവത്തിന്റെ കഥയൊക്കെ സംസാരിച്ച ശേഷം എടാ ഇതിന് നീ വരണമെന്ന് പറഞ്ഞു. പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല.

അദ്ദേഹവുമായി വര്‍ക്ക് ചെയ്യാന്‍ നല്ല സുഖമാണ്. ഓരോ സമയവും അദ്ദേഹം എന്തെങ്കിലുമൊക്കെ കഥകള്‍ പറയും. ഫ്രീ ടൈം എന്നൊന്നില്ല. ഷൂട്ടിങ്ങ് കഴിഞ്ഞാല്‍ ആളുടെ കഥ കേട്ട് പുറകെ നമ്മള്‍ അങ്ങോട്ട് പോകുകയാണ്. പിന്നെ റൂമില്‍ ചെന്നാല്‍ ചിലപ്പോള്‍ വിടില്ല.

കട്ടിലുണ്ട്, ഇവിടെ കിടക്കാമെന്ന് പറയും. എപ്പോഴും ചുറ്റും ഒരുക്കൂട്ടം ആളുകളുണ്ടാകും. മ്യുസിക്കും കഥയുമൊക്കെയായി സമയം പോകും. കഥ കേട്ട് ചിരിച്ച് ഹാപ്പിയായി ഇരിക്കാം. ആ ലൊക്കേഷന്‍ ഒരുപാട് രസമായിരുന്നു,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണനും രേണു എ. യും ചേര്‍ന്നാണ് ‘നടന്ന സംഭവം’ നിര്‍മിക്കുന്നത്. മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവനാണ്.

ജോണി ആന്റണി, ശ്രുതി രാമചന്ദ്രന്‍, ലിജോ മോള്‍, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്‌ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

Content Highlight: Suraj Venjaramoodu Talks About Biju Menon