| Wednesday, 31st July 2024, 8:21 pm

എനിക്ക് നിറയെ ഡയലോഗുകളുള്ള ഒരു സിനിമയാണത്; അവസാനം വാ കഴച്ചു: സുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അഡിയോസ് അമിഗോ’. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ നഹാസ് നാസറാണ്. ഈ സിനിമയിലെ തന്റെ ഡയലോഗുകളെ കുറിച്ച് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത് തന്റേതായി ഇറങ്ങിയ സിനിമകളില്‍ വായ നിറയെ ഡയലോഗ് പറഞ്ഞ ചിത്രം അഡിയോസ് അമിഗോയാണെന്നും സുരാജ് പറയുന്നു. ആദ്യ കുറച്ച് ഭാഗങ്ങളില്‍ തനിക്ക് ഡയലോഗുകള്‍ ഉണ്ടായിരുന്നില്ലെന്നും അത് കഴിഞ്ഞാണ് തന്റെ ഡയലോഗുകള്‍ തുടങ്ങിയതെന്നും താരം പറഞ്ഞു. ആ ഡയലോഗുകള്‍ പറഞ്ഞ് വാ കഴച്ചുവെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

‘ഈ സമീപകാലത്ത് ഇറങ്ങിയ സിനിമകളില്‍ വാ നിറച്ച് ഡയലോഗ് പറഞ്ഞത് ഈ സിനിമയിലാണ്. പറഞ്ഞ് പറഞ്ഞ് അവസാനം വാ കഴച്ചു. ആദ്യം കുറച്ച് ഭാഗങ്ങളില്‍ എനിക്ക് ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല. അത് കഴിഞ്ഞാല്‍ പിന്നെ എന്റെ ഡയലോഗുകള്‍ തുടങ്ങും. അതിനൊക്കെയുള്ള കറക്ട് ആയിട്ടുള്ള മീറ്ററുകള്‍ അവര്‍ തന്നു കൊണ്ടേയിരിക്കും,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് അഡിയോസ് അമിഗോ. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന സിനിമയാണ് ഇത്. ഈ ചിത്രം പറയുന്നത് ഒരു ദിവസത്തെ യാത്രയെ കുറിച്ചാണെന്നും സിറ്റുവേഷനല്‍ കോമഡികളാണ് തിരക്കഥാകൃത്ത് കൊണ്ടുവന്നിരിക്കുന്നതെന്നും നടന്‍ ആസിഫ് അലിയും പറയുന്നു.

‘ഈ സിനിമയെ സംബന്ധിച്ചിടത്തോളം സിനിമ പറയുന്നത് ഒരു ദിവസത്തെ യാത്രയാണ്. അതായത് ഒരു ദിവസത്തെ യാത്രയെന്ന് പറയുമ്പോള്‍ ഇരുപത്തി നാല് മണിക്കൂറിലെ കഥയാണ് ഈ സിനിമ കാണിക്കുന്നത്. അത് സിനിമയായി വരുമ്പോള്‍ അത്രയും സംഭവങ്ങള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. ഞങ്ങള്‍ അവിടെ വൈറ്റില ഹബില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ റിയല്‍ ലൈഫ് കോമഡികള്‍ കാണുന്നുണ്ടായിരുന്നു.

ഈ സിനിമയില്‍ ഹ്യൂമര്‍ എന്നതിനേക്കാള്‍ സിറ്റുവേഷനല്‍ കോമഡികളാണ് തങ്കം കൃതൃമായി പ്ലേസ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ രണ്ടുപേരുടെയും ക്യാരക്ടേഴ്‌സും ഇരുവരും ഒരു പ്രശ്‌നത്തെ ഫേസ് ചെയ്യുന്ന രീതിയുമെല്ലാം ആ യാത്രയില്‍ സിറ്റുവേഷനലായി കയറിയിട്ടുണ്ട്,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Suraj Venjaramoodu Talks About Adios Amigo Movie

We use cookies to give you the best possible experience. Learn more