ആ സിനിമക്ക് ശേഷം മാത്രമാണ് എനിക്ക് സ്‌ക്രിപ്റ്റുകള്‍ വായിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നത്: സുരാജ് വെഞ്ഞാറമൂട്
Entertainment
ആ സിനിമക്ക് ശേഷം മാത്രമാണ് എനിക്ക് സ്‌ക്രിപ്റ്റുകള്‍ വായിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നത്: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th July 2024, 8:58 am

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷമുള്ള സിനിമകളിലാണ് തനിക്ക് സ്‌ക്രിപ്റ്റ് വായിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി തുടങ്ങിയതെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. അതിന് മുമ്പ് തനിക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ കിട്ടാറില്ലെന്നും അദ്ദേഹം പറയുന്നു. ദി നെക്സ്റ്റ് 14 മിനിട്ട്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, എപ്പോള്‍ മുതലാണ് സ്വന്തമായി ഒരു തിരക്കഥ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം കിട്ടി തുടങ്ങിയത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുരാജ്. 2013ല്‍ പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ പ്രധാന വേഷത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയതിനെ കുറിച്ചും നടന്‍ പറയുന്നു.

‘ആക്ഷന്‍ ഹീറോ ബിജുവിന് ശേഷമൊക്കെയുള്ള സിനിമകളിലാണ് എനിക്ക് സ്‌ക്രിപ്റ്റ് വായിക്കാനുള്ള സ്വാതന്ത്ര്യം കിട്ടി തുടങ്ങിയത്. ആദ്യം നമുക്ക് സ്‌ക്രിപ്‌റ്റൊന്നും വായിക്കാന്‍ കിട്ടില്ല. ജോഷി സാറിന്റെ പടത്തില്‍ അവസരം കിട്ടിയെന്ന് കരുതുക, സാര്‍ ആ സ്‌ക്രിപ്റ്റ് ഒന്നു തരൂവെന്ന് പറയാന്‍ കഴിയില്ല. അതിന് മറുപടിയായി ‘എന്താടേ പോടേ’യെന്ന് പറയും. ചിലപ്പോള്‍ അങ്ങനെ പറയില്ലായിരിക്കും.

പക്ഷെ നമുക്ക് ഉള്ള ചിന്ത സ്‌ക്രിപ്റ്റ് ചോദിക്കാന്‍ പാടുണ്ടോയെന്നതാണ്. സ്‌ക്രിപ്റ്റ് ചോദിക്കാനുള്ള പേടി ആ സമയത്ത് ഉണ്ടായിരുന്നു. പിന്നെ ഇതിനിടയില്‍ നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു ഞെട്ടല്‍ ആയിരുന്നു. എന്തിനാണ് ഇവന് കൊടുത്തത് എന്ന സംശയം പലര്‍ക്കും ഉണ്ടായിരുന്നു. എങ്ങനെയാണ് കിട്ടിയതെന്ന സംശയം എനിക്കും ഉണ്ടായിരുന്നു. കാരണം സംസ്ഥാന അവാര്‍ഡില്‍ കോമഡിക്കായിരുന്നല്ലോ കിട്ടിയിരുന്നത്.

പിന്നെ എങ്ങനെ നാഷണല്‍ അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ സംശയിച്ചു. പക്ഷെ അത് ജനങ്ങളിലേക്ക് എത്തിയില്ല. അഭിനയിച്ചത് ആളുകളിലേക്ക് എത്താത്തത് കൊണ്ട് അവര്‍ പെന്‍ഡിങ്ങില്‍ വെച്ചിരുന്നു. പിന്നെ ആക്ഷന്‍ ഹീറോ ബിജു ഇറങ്ങിയപ്പോഴാണ് ആ അവാര്‍ഡ് ആളുകള്‍ തന്നത്. ആ സിനിമക്ക് ശേഷം എനിക്ക് പ്രധാന കഥാപാത്രങ്ങളൊക്കെ വന്നു തുടങ്ങി,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.


Content Highlight: Suraj Venjaramoodu Talks About Action Hero Biju