|

ഞാന്‍ നോക്കുമ്പോള്‍ സുരേഷേട്ടന്റെ കാര്‍ ഞങ്ങളുടെ ഓട്ടോയെ ഫോളോ ചെയ്യുന്നു, ചേട്ടാ നമുക്കിറങ്ങാം എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ ഇറങ്ങൂല എന്നായി പുള്ളി: സുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരേഷ് ഗോപിയുമൊത്ത് ഓട്ടോറിക്ഷയില്‍ കയറിയതിന്റെ രസകരമായ അനുഭവം പങ്കുവെച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്. ഹെയ്‌ലസ എന്ന സിനിമയില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച സമയത്തെ ഒരു അനുഭവമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ് പങ്കുവെച്ചത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍, ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും രസകരമായ അനുഭവങ്ങളുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഞാന്‍ വെഞ്ഞാറമൂട് പോകുമ്പോഴൊക്കെ കൂട്ടുകാരുടെ ഓട്ടോറിക്ഷയില്‍ പോകാറുണ്ട്. പക്ഷെ ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട് ഞാന്‍ ചിരിച്ച ഒരു രസകരമായ സംഭവമുണ്ട്.

സുരേഷ് ഗോപി ചേട്ടനും ഞാനും ഒരുമിച്ചഭിനയിച്ച ഹെയ്‌ലസാ എന്ന സിനിമയുടൈ ഷൂട്ട് ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുകയായിരുന്നു. അദ്ദേഹം എങ്ങോട്ടോ പോകാന്‍ വേണ്ടി, അദ്ദേഹത്തിന്റെ കാറില്‍ കയറാന്‍ വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു.

കുറച്ച് നേരം നോക്കിയശേഷം ‘വണ്ടിയെടുത്ത് ബാക്കിലോട്ട് ഇട്’ എന്ന് പുള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ കാറ് നിന്നിരുന്ന സ്ഥലത്തെ ട്രാഫിക് കാരണം വളരെ കണ്‍ജസ്റ്റഡായി നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് വണ്ടിയുമായി സുരേഷേട്ടന്റെ അടുത്തേക്ക് വരാന്‍ പറ്റിയില്ല.

പുള്ളി അഞ്ച് മിനിട്ട് കാത്തുനിന്നു, പത്ത് മിനിട്ട് കാത്തുനിന്നു, വണ്ടി ഇങ്ങോട്ട് എത്തിയില്ല. അങ്ങനെ ‘സുരാജേ വാ’ എന്ന് പുള്ളി എന്നോട് പറഞ്ഞു. എങ്ങോട്ട്, എന്ന് ഞാന്‍ ചോദിച്ചു.

‘നീ വരുന്നോ’ എന്ന് പുള്ളി വീണ്ടും എന്നോട് ചോദിച്ചു. വാ, എന്നും പറഞ്ഞ് ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് പുള്ളി നേരെ ഓട്ടോയില്‍ കയറി. ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഇത് കൊള്ളാല്ലോ, എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.

അതും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈറ്റ് ഫോര്‍ട്ട് വരെ. പിന്നെ ഞാന്‍ നോക്കുമ്പോള്‍ ഓട്ടോയുടെ ബാക്കില്‍ പുള്ളിയുടെ ഇന്നോവ ഫോളോ ചെയ്യുന്നുണ്ട്. ചേട്ടാ ഇറങ്ങ്, എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ‘ഞാന്‍ ഇറങ്ങൂല’ എന്നായിരുന്നു പുള്ളി പറഞ്ഞത്. (ചിരി)

പുള്ളിക്ക് അര്‍ജന്റായി അവിടെ എത്തുകയും വേണം. നല്ല കാര്യമാണ്. പക്ഷെ നമുക്കൊക്കെ ഇത് കാണുമ്പോള്‍ അത്ഭുതമാണ്. ഇത്രയും വണ്ടികളുണ്ടായിട്ടും സുരേഷേട്ടന്‍ ഓട്ടോയില്‍ പോകുന്നോ, എന്ന് എനിക്കന്ന് അത്ഭുതവും തമാശയുമായൊക്കെ തോന്നി,” സുരാജ് പറഞ്ഞു.

Content Highlight: Suraj Venjaramoodu talks about a funny experience with Suresh Gopi

Latest Stories