Entertainment
സെറ്റിലെ എല്ലാ ആര്‍ട്ടിസ്റ്റുകളോടും ആ സംവിധായകന്‍ കരഞ്ഞ് അപേക്ഷിക്കുന്നത് ഞാന്‍ അന്ന് കണ്ടു: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 22, 07:35 am
Sunday, 22nd December 2024, 1:05 pm

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാന്‍ സുരാജിന് സാധിച്ചു. എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര സൂരനിലൂടെയാണ് സുരാജ് തമിഴില്‍ അരങ്ങേറുന്നത്. ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

ചിത്രത്തില്‍ കൂടുതലും നൈറ്റ് ഷൂട്ടായിരുന്നെന്നും പുലര്‍ച്ചെ അഞ്ച് മണിക്കെല്ലാമാണ് ഷൂട്ട് അവസാനിക്കാറുള്ളതെന്നും സുരാജ് പറഞ്ഞു. ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട സീന്‍ ഷൂട്ട് ചെയ്തത് പുലര്‍ച്ചെ നാല് മണിക്കായിരുന്നെന്നും ലൈറ്റിങ്ങും അന്തരീക്ഷവുമെല്ലാം പെര്‍ഫക്ടായിരുന്നെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷോട്ട് എടുത്തപ്പോള്‍ എന്തൊക്കെയോ ടെക്‌നിക്കല്‍ ഇറര്‍ കാരണം ആ ഷോട്ട് കൃത്യമായി കിട്ടിയില്ലെന്ന് സുരാജ് പറഞ്ഞു.

ആ സമയം സംവിധായകന്‍ അരുണ്‍കുമാര്‍ വല്ലാത്ത അവസ്ഥയിലായെന്നും ഒരു ചാന്‍സ് കൂടി തരണമെന്ന് താനടക്കമുള്ള ആര്‍ട്ടിസ്റ്റുകളോട് റിക്വസ്റ്റ് ചെയ്‌തെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. അയാളുടെ നിരാശ പിന്നീട് കരച്ചിലായി മാറിയെന്നും സെറ്റിലുണ്ടായിരുന്ന എല്ലാവരും അയാളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചെന്നും സുരാജ് പറഞ്ഞു. ആ ഒരു കാഴ്ച തനിക്ക് വല്ലാത്തൊരു അനുഭവമായിരുന്നെന്നും അതിന് മുമ്പ് അങ്ങനെയൊന്ന് കണ്ടിട്ടില്ലായിരുന്നെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

‘വീര ധീര സൂരന്റെ സെറ്റ് വളരെ വലുതായിരുന്നു. സിനിമയുടെ വലിയൊരു ഭാഗം നടക്കുന്നത് രാത്രിയിലാണ്. എന്റെ ഷൂട്ട് മുഴുവന്‍ രാത്രിയിലായിരുന്നു. മിക്ക ദിവസവും ഷൂട്ട് തീരുന്നത് രാവിലെ അഞ്ച് മണിക്കായിരിക്കും. ഒരു ദിവസം പ്രധാനപ്പെട്ട ഒരു സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ പുലര്‍ച്ചെ നാല് മണിയായി. ലൈറ്റിങ്ങും ബാക്കി കാര്യങ്ങളുമൊക്കെ പെര്‍ഫക്ടായിരുന്നു. പ്രകൃതി നമ്മുടെ കൂടെ നിന്നു എന്ന് പറയുന്ന അവസ്ഥയായിരുന്നു.

പക്ഷേ, ആ സീനിലെ ആദ്യത്തെ ഷോട്ട് കറക്ടായിട്ട് എടുക്കാന്‍ പറ്റിയില്ല. ഡയറക്ടര്‍ വല്ലാതായി. എന്നോടും ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകളോടും ‘സാര്‍ ഒരു ചാന്‍സ് കൂടി തരണം’ എന്ന് റിക്വസ്റ്റ് ചെയ്തു. പക്ഷേ. സംഗതി പുള്ളിയുടെ കൈയീന്ന് പോയതുപോലെയായി. കരച്ചില്‍ വന്നിട്ട് എല്ലാവരോടും ഇതേകാര്യം തന്നെ പറയുകയായിരുന്നു. ഒടുക്കം എല്ലാവരും പുള്ളിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. എനിക്ക് മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു അത്,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

Content Highlight: Suraj Venjaramoodu sharing an incident happened in Veera Dheera Sooran movie