| Wednesday, 25th December 2024, 8:03 am

ഒരു ഇമോഷണല്‍ സീനിന് തിയേറ്റര്‍ മുഴുവന്‍ കൈയടിക്കുന്നത് ആദ്യമായി കണ്ടത് ആ സിനിമയിലാണ്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

കോമഡി വേഷങ്ങള്‍ മാത്രമല്ല, സീരിയസ് റോളുകളും തനിക്ക് ചേരുമെന്ന് സുരാജ് തെളിയിച്ച ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വെറും രണ്ട് സീന്‍ മാത്രമായിരുന്നു സുരാജിനുണ്ടായിരുന്നത്. അതുവരെ കാണാത്ത തരത്തിലുള്ള വേഷമായിരുന്നു ചിത്രത്തില്‍ സുരാജിന്റേത്. ആ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

ചിത്രം തിയേറ്ററിലിരുന്ന് കണ്ടപ്പോള്‍ ആ സീന്‍ പ്രേക്ഷകര്‍ എങ്ങനെ ഏറ്റെടുക്കുമെന്ന ടെന്‍ഷന്‍ തനിക്ക് ഉണ്ടായിരുന്നെന്ന് സുരാജ് പറഞ്ഞു. ചിത്രത്തില്‍ ഒരുപാട് സമയത്തിന് ശേഷമാണ് തന്നെ കാണിച്ചതെന്നും അതൊരു കോമഡി വേഷമായിരിക്കുമെന്നാണ് പലരും വിചാരിച്ചതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ടാമത്തെ സീന്‍ കണ്ടപ്പോള്‍ പലരും സൈലന്റായെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

ഏറ്റവും ഇമോഷണലായ ഡയലോഗ് പറഞ്ഞതിന് ശേഷം താന്‍ എല്ലാവരുടെയും റിയാക്ഷന്‍ നോക്കിയെന്നും ആരും ശബ്ദമുണ്ടാക്കാതെയിരുന്നെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. കോമഡി സീനിനും മാസ് സീനിനും മാത്രം കൈയടിക്കുന്ന ഓഡിയന്‍സ് ആദ്യമായി ഒരു ഇമോഷണല്‍ സീനിന് കൈയടിക്കുന്നത് കണ്ടെന്നും തനിക്ക് അതൊരു പുതിയ അനുഭവമായിരുന്നെന്നും സുരാജ് പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.

‘ആക്ഷന്‍ ഹീറോ ബിജു ഞാന്‍ തിയേറ്ററില്‍ പോയി കണ്ടതായിരുന്നു. ആ സീന്‍ ഞാന്‍ ഓള്‍റെഡി ചെയ്ത് അനുഭവിച്ചതാ. ഇനി ഓഡിയന്‍സ് എങ്ങനെ അതിന് റിയാക്ട് ചെയ്യുമെന്ന് അറിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. പടം തുടങ്ങി കുറേ കഴിഞ്ഞാണ് എന്നെ കാണിച്ചത്. അതിന് മുമ്പുള്ള സീനുകളൊക്കെ കണ്ടപ്പോള്‍ ആളുകള്‍ക്ക് മനസിലായി, ഇത് എന്തോ ഒപ്പിക്കാനുള്ള പരിപാടിയാണെന്ന്.

എന്റെ രണ്ടാമത്തെ സീനില്‍ ആ പീക്ക് ഡയലോഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ എല്ലാവരുടെയും റിയാക്ഷന്‍ എന്താണെന്ന് നോക്കി. കോമഡി സീനിനും മാസ് സീനിനുമൊക്കെ ആളുകള്‍ കൈയടിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, അന്ന് ഒരു ഇമോഷണല്‍ സീനിന് തിയേറ്ററിലുള്ളവര്‍ മുഴുവന്‍ കൈടിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടു,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

Content Highlight: Suraj Venjaramoodu shares the theatre experience of Action Hero Biju

We use cookies to give you the best possible experience. Learn more