| Tuesday, 22nd October 2024, 4:28 pm

ഫോട്ടോസ്റ്റാറ്റ് മെഷീന്‍ പോലെയാണ് ആ നടന്‍ ഡയലോഗ് പഠിക്കുന്നത്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് തമിഴില്‍ ചെയ്യുന്ന ആദ്യ ചിത്രമാണ് വീര ധീര സൂരന്‍. വിക്രം നായകനാകുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നതെന്നാണ് സൂചനകള്‍.

വീര ധീര സൂരന്റെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുരാജ്. ചിത്രത്തിന്റെ സെറ്റിലെത്തിയ ആദ്യദിവസം തനിക്ക് എസ്.ജെ. സൂര്യയുമായിട്ടായിരുന്നു കോമ്പിനേഷന്‍ സീനെന്ന് സുരാജ് പറഞ്ഞു. അന്ന് വളരെ കുറച്ച് ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുവെന്നും ആ സിനിമ മുഴുവന്‍ അങ്ങനെയാകുമെന്ന് വിചാരിച്ചെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പിറ്റേദിവസം സെറ്റിലെത്തിയപ്പോള്‍ പത്തിരുപത് പേജ് നിറയെ ഡയലോഗ് ഉണ്ടായിരുന്നെന്നും താന്‍ കിളിപോയ അവസ്ഥയിലായെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. എല്ലാവരും ബിസിയായതുകൊണ്ട് ആരോടും സഹായം ചോദിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നെന്നും സുരാജ് പറഞ്ഞു.

ആ സമയം താന്‍ പൃഥ്വരാജിനെക്കുറിച്ച് ആലോചിച്ചെന്നും എത്ര സിംപിളായിട്ടാണ് ഒരുപാട് പേജുള്ള ഡയലോഗ് പറയുന്നതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. ഫോട്ടോസ്റ്റാറ്റ് മെഷീനില്‍ കൊണ്ട് വെക്കുന്നതുപോലെയാണ് പൃഥ്വിക്ക് ഡയലോഗ് കൊടുക്കുമ്പോഴെന്നും തനിക്ക് അതുപോലെ ചെയ്യാന്‍ കഴിയില്ലെന്നും സുരാജ് പറഞ്ഞു. വീര ധീര സൂരനിലെ ഡയലോഗ് കുറച്ചധികം കഷ്ടപ്പെട്ടാണ് പഠിച്ചതെന്നും മറക്കാന്‍ കഴിയാത്ത അനുഭവമാണെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വീര ധീര സൂരന്റെ സെറ്റില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ പണി മധുരൈ സ്ലാങ്ങാണ്. ആ മീറ്ററില്‍ ഡയലോഗ് പറയുന്നത് വലിയ പാടായിരുന്നു. സെറ്റിലെ ആദ്യ ദിവസം എനിക്ക് എസ്.ജെ. സൂര്യ സാറുമായിട്ടായിരുന്നു കോമ്പിനേഷന്‍. അന്ന് രണ്ടോ മൂന്നോ ഡയലോഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പടം മൊത്തം ആ ഒരു ലൈന്‍ ആയിരിക്കുമെന്ന് കരുതി. രണ്ടാമത്തെ ദിവസം ചെന്നപ്പോള്‍ പത്തിരുപത് പേജ് തന്നിട്ട് അത് മൊത്തം എന്റെ ഡയലോഗാണെന്ന് പറഞ്ഞു. ഒരുമാതിരി കിളിപോയ അവസ്ഥയിലായി.

എല്ലാവരും ബിസി ആയതുകൊണ്ട് ആരോടും ഹെല്‍പ് ചോദിക്കാനും പറ്റിയില്ല. അപ്പോഴാണ് ഡയറക്ടര്‍ വന്നിട്ട് ‘സാര്‍ ഇത് സിംഗിള്‍ ഷോട്ട് സീന്‍, പ്രോംപ്റ്റിങ് കെടയാത്’ എന്ന് പറഞ്ഞത്. ആ സമയം അവിടന്ന് മുങ്ങാന്‍ തോന്നി. പൃഥ്വിരാജിനെപ്പറ്റി അപ്പോഴാണ് ഞാന്‍ ആലോചിച്ചത്. എത്ര പേജുള്ള ഡയലോഗ് കൊടുത്താലും ഫോട്ടോസ്റ്റാറ്റ് മെഷീനെപ്പോലെ പഠിച്ചെടുക്കും. എനിക്കൊന്നും ഒരുകാലത്തും അത് പറ്റില്ല. ഇതൊക്കെ ആണെങ്കിലും ആ സെറ്റ് നല്ല രസമുള്ള അനുഭവമായിരുന്നു,’ സുരാജ് പറഞ്ഞു.

Content Highlight: Suraj Venjaramoodu shares the shooting experience of Veera Dheera Sooran movie and Prithviraj

Latest Stories

We use cookies to give you the best possible experience. Learn more