മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
വീര ധീര സൂരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാന്‍ പോവുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിത്ത എന്ന ക്ലാസ് ചിത്രത്തിന് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചിയാന്‍ വിക്രമാണ് നായകന്‍. മധുരൈ പശ്ചാത്തലമായി വരുന്ന ആക്ഷന്‍ ത്രില്ലറാണ് വീര ധീര സൂരന്‍. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം പുറത്തിറങ്ങുന്നത്.
നടന്‍ വിക്രമിനെ ആദ്യമായി നേരില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. സിനിമയില്‍ അരങ്ങേറി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ താന്‍ വിദേശത്ത് ഒരു സ്റ്റേജ് പ്രോഗ്രാമിന് പോയിരുന്നെന്നും തന്റെ കുടുംബത്തെയും കൂടെ കൂട്ടിയിരുന്നെന്നും സുരാജ് പറഞ്ഞു. സിംഗപ്പൂരിലായിരുന്നു പരിപാടിയെന്നും എല്ലാവര്‍ക്കും അത് ഇഷ്ടമായെന്നും സുരാജ് വെഞ്ഞാറമൂട് കൂട്ടിച്ചേര്‍ത്തു.
പരിപാടി കഴിഞ്ഞ് തിരിച്ച് പോകാന്‍ വേണ്ടി താനും കുടുംബവും എയര്‍പോര്‍ട്ടില്‍ കാത്തുനിന്നെന്നും ആ സമയത്ത് ഒരാള്‍ വന്ന് ഫോട്ടോയെടുത്തോട്ടെ എന്ന് തമിഴില്‍ ചോദിച്ചെന്നും സുരാജ് പറഞ്ഞു. ആദ്യം താന്‍ സമ്മതിച്ചെന്നും പിന്നീട് അയാളെ സൂക്ഷിച്ച് നോക്കിയപ്പോഴാണ് അത് വിക്രമാണെന്ന് മനസിലായതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
പെട്ടെന്ന് താന്‍ ബ്ലാങ്കായി പോയെന്നും അതിന് ശേഷം വിക്രമിനോട് ഒരുപാട് സംസാരിച്ചെന്നും സുരാജ് പറയുന്നു. വീര ധീര സൂരന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.
‘സിനിമയില്‍ ചെറുതായി തിരിച്ചറിയപ്പെട്ട് തുടങ്ങിയ സമയത്ത് വിദേശത്ത് ഒരു പരിപാടിക്ക് പോയിരുന്നു. ഫാമിലിയെയും അന്ന് കൂടെ കൂട്ടിയിരുന്നു. വിക്രം സാറിന്റെ എന്തോ പ്രോഗ്രാം അവിടെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടിയായിരുന്നു. പിന്നീട് പരിപാടിയൊക്കെ കഴിഞ്ഞ് തിരിച്ചുവരാനുള്ള സമയമായി.
എയര്‍പോര്‍ട്ടില്‍ ഞങ്ങള്‍ കാത്തിരിക്കുമ്പോള്‍ ഒരാള്‍ അടുത്തേക്ക് വന്ന് ‘ഒരു ഫോട്ടോയെടുത്തോട്ടെ’ എന്ന് ചോദിച്ചു. സന്തോഷത്തോടെ സമ്മതിച്ചു. ആദ്യം എനിക്ക് അയാളെ മനസിലായില്ല. പിന്നീടാണ് അത് വിക്രം സാറാണെന്ന് തിരിച്ചറിഞ്ഞത്. ഒരു മിനിറ്റ് ഞാന്‍ സ്റ്റക്കായി. പിന്നീട് ഓക്കെയായ ശേഷം അദ്ദേഹത്തിന്റെ കൂടെ നിന്ന് ഫോട്ടോയെടുത്തു. ജീവിതത്തില്‍ ഞാനാ അനുഭവം മറക്കില്ല,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
Content Highlight: Suraj Venjaramoodu shares the incident when he first met with Vikram