| Wednesday, 11th May 2022, 3:56 pm

'നീ പഠിച്ചിട്ട് ഒരു കാര്യവുമില്ല, പോയി വെല്ലോ സിനിമയിലും അഭിനയിക്ക്,' ആ ശാപം ഉപകാരമായി: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യനടനായും നായകനായും മിമിക്രി താരമായും പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. 2001ലെ ‘ലേഡീസ് ആന്റ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തിലൂടെയാണ് സുരാജ് സിനിമ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് താരം അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ അവസാനമായി റിലീസായ ‘ജന ഗണ മന’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം സുരാജും കേന്ദ്രകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്.

സ്‌കൂള്‍ കാലഘട്ടത്തിലെ തന്റെ ഹിന്ദി അധ്യാപികയുമായുള്ള ഓര്‍മ്മ പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”പഠിക്കാന്‍ ഞാന്‍ മിടുക്കമായിരുന്നു. അത് കൊണ്ട് തന്നെ ക്ലാസിലെ ബാക്ക് ബെഞ്ചിലായിരുന്നു എന്റെ സ്ഥാനം. എന്റെ ചേട്ടനും ചേച്ചിയും അവിടെ നിന്ന് പത്താം ക്ലാസില്‍ നല്ല മാര്‍ക്കോട് കൂടി ഇറങ്ങിയവരാണ്. എനിക്ക് അവിടെ ഒരു ഹിന്ദി ടീച്ചറുണ്ട്. എന്റെ ക്ലാസ് ടീച്ചര്‍ കൂടിയാണ് അവര്‍.

അവര്‍ വന്ന് എന്നെ ക്ലാസില്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി. മോനെ, സജിയുടെയും, സുനിതയുടെയും അനുജന്‍ സുരാജല്ലേ എന്ന് എന്നോട് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ബാക്ക് ബെഞ്ചിലല്ല, മുമ്പില്‍ വന്നിരിക്ക്, അടുത്ത സ്‌കൂള്‍ ഫസ്റ്റാണ് താന്‍ എന്ന് ടീച്ചര്‍ എന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. ഞാന്‍ മുമ്പില്‍ ചെന്നിരുന്നു.

അന്ന് ക്ലാസില്‍ പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോള്‍ ബാക്കി വായിക്കുന്ന ഒരു സമ്പ്രദായമുണ്ട്. ക്ലാസില്‍ എത്ര കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണത്. ടീച്ചര്‍ നോക്കുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രദ്ധയോടെ ക്ലാസിലിരിക്കും. രാജ ദശരതിനെ രാം കോ…….ബാക്കി എന്നോട് പറയാന്‍ പറഞ്ഞു. ഇത് ഏത് ഭാഷയാണ് പഠിപ്പിക്കുന്നത് എന്ന ബോധം പോലും ഇല്ലാതിരിക്കുകയാണ് ഞാന്‍. ഞാന്‍ ആ സമയം ഉത്തരം പറയുന്ന ആക്ഷന്‍ മാത്രം കാണിച്ചു. ടീച്ചര്‍ ഉടനെ ആ ഉത്തരം കഹാ എന്ന് പറഞ്ഞു. ഞാന്‍ വെറുതെ ആക്ഷന്‍ മാത്രം കാണിച്ചതായിരുന്നു,” സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

”അപ്പോഴാണ് നമ്മള്‍ എല്ലാവരും വെറുക്കുന്ന ക്ലാസ് ടെസ്റ്റ് എന്ന സംഭവം ടീച്ചര്‍ കൊണ്ടുവരുന്നത്. അവിടെയാണല്ലോ നമ്മളുടെ വിധി തീരുമാനിക്കുന്നത്. അങ്ങനെ ടീച്ചര്‍ ടെസ്റ്റ് നടത്തി. എല്ലാവര്‍ക്കും ചോദ്യ പേപ്പര്‍ കൊടുത്തു. എന്റെ അടുത്ത് ഇരിക്കുന്നത് റെജി മോനും അരുണുമായിരുന്നു. അരുണ്‍ അവന്റെ ഉത്തരങ്ങള്‍ എഴുതിയതിന് ശേഷം ആ പേപ്പര്‍ എനിക്ക് തന്നു. അത് നോക്കി പകര്‍ത്തികൊണ്ടിരുന്നപ്പോള്‍ ടീച്ചര്‍ വന്നു. ആ സമയം അരുണ്‍ പെട്ടെന്ന് എന്റെ കയ്യിലുള്ള അവന്റെ പേപ്പര്‍ പിടിച്ച് വച്ചു. അത് കണ്ടപ്പോള്‍ ടീച്ചര്‍ അവന് അടി കൊടുത്തിട്ട്, ക്ലാസിന് പുറത്തിറങ്ങി അവിടെ നിന്ന് ബാക്കി എഴുതാന്‍ പറഞ്ഞു.

അങ്ങനെ ഞാന്‍ റെജി മോനോട് ഉത്തരങ്ങള്‍ കാണിച്ച് തരാന്‍ പറഞ്ഞു. പോടാ ഞാന്‍ തരില്ല, എന്ന് അവന്‍ എന്നോട് പറഞ്ഞു. അതും ടീച്ചര്‍ കണ്ടു. അവന് അടി കിട്ടി. എന്നിട്ട് എന്നെ എണീപ്പിച്ച് മുമ്പിലുള്ള ടീച്ചറുടെ ഡെസ്‌ക്കില്‍ ഇരുത്തി. അതില്‍ ഞാന്‍ പെട്ടു. എനിക്ക് എഴുതാന്‍ ഒന്നുമറിയില്ല. ഞാന്‍ ആ ചോദ്യങ്ങള്‍ മുഴുവന്‍ അതേ പോലെ എന്റെ പേപ്പറില്‍ പകര്‍ത്തി വെച്ചു. ടീച്ചര്‍ അടുത്ത് വരുമ്പോള്‍ എല്ലാം അറിയുന്നത് പോലെ അഭിനയിക്കും. ആ സമയം ഭയങ്കര അഭിനയമായിരുന്നു.

അങ്ങനെ ടെസ്റ്റിന്റെ റിസള്‍ട്ട് വന്നപ്പോള്‍ നീ ഇവിടെ ഇരിക്കണ്ട, ബാക്കില്‍ തന്നെ ഇരുന്നാല്‍ മതി, നീ പഠിച്ചിട്ട് ഒരു കാര്യവുമില്ലടാ നീ ചെന്ന് സിനിമയിലൊക്കെ അഭിനയിക്ക് അതാണ് നിനക്ക് പറ്റിയത് എന്ന് ടീച്ചര്‍ എന്നോട് പറഞ്ഞു. ഉര്‍വശി ശാപം ഉപകാരം എന്ന് പറയുന്നത് പോലെ അത് എങ്ങനെയോ സംഭവിച്ചു. ഞാന്‍ സിനിമയിലേക്ക് എത്തി,” സുരാജ് വെഞ്ഞാറമൂട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, എം.പത്മകുമാറിന്റെ സംവിധാനത്തില്‍ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളാവുന്ന ‘പത്താംവളവ്’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാരായി എത്തുന്നത്. യു.ജി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

പത്താംവളവിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. രഞ്ജിന്‍ രാജാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തില്‍ അജ്മല്‍ അമീര്‍, അനീഷ് ജി. മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നടി മുക്തയുടെ മകള്‍ കണ്മണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മെയ് 13ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlight: Suraj Venjaramoodu shares his memories of his school days with his Hindi teacher

We use cookies to give you the best possible experience. Learn more