മരണവീട്ടില്‍ നിന്ന് പിരിഞ്ഞുപോകുമ്പോള്‍ എല്ലാവരുടെയും വിഷമം എന്റെ തമാശനമ്പറുകള്‍ കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു; സുരാജ് വെഞ്ഞാറമൂട്
Entertainment
മരണവീട്ടില്‍ നിന്ന് പിരിഞ്ഞുപോകുമ്പോള്‍ എല്ലാവരുടെയും വിഷമം എന്റെ തമാശനമ്പറുകള്‍ കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു; സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th April 2021, 1:37 pm

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷക പ്രശംസ നേടിക്കൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യകഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ സീരിയസ് റോളുകളും തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് സുരാജ് പലകുറി തെളിയിച്ചതാണ്.

ഇപ്പോഴിതാ അഭിനയവുമായി ബന്ധപ്പെട്ട് തന്റെ കുട്ടിക്കാലത്തുണ്ടായ ഒരു അനുഭവം തുറന്ന് പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ് വെഞ്ഞാറമൂട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വകയിലൊരു അമ്മൂമ്മ മരിച്ച് ബന്ധുക്കളുടെയെല്ലാം കൂടെ കുറച്ചു ദിവസം ആ വീട്ടില്‍ തങ്ങേണ്ടി വന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് സുരാജ് പറയുന്നത്.

‘രണ്ടു മൂന്നു നാള്‍ കഴിഞ്ഞപ്പോള്‍ വിഷമമെല്ലാം നീങ്ങി. സന്ധ്യകഴിയുന്നതോടെ ഉമ്മറത്ത് വലിയൊരു സദസ്സ് രൂപപ്പെടും. ബന്ധുക്കള്‍ക്കു മുന്നില്‍ ഞാനവതരിപ്പിക്കുന്ന കലാപരിപാടിയാണ് കൂട്ടത്തില്‍ പ്രധാനം. വല്യമ്മാവനെയും ചിറ്റപ്പനെയുമെല്ലാം അനുകരിച്ച് കൈയടിനേടും. ഇവനൊരു ഭാവിയുണ്ട്. സ്റ്റേജില്‍ തിളങ്ങും മോനേ എന്നെല്ലാമുള്ള ബന്ധുക്കളുടെ അഭിനന്ദനങ്ങള്‍ ഇന്നും മനസ്സിലുണ്ട്. ചടങ്ങുകള്‍ കഴിഞ്ഞ് മരണവീട്ടില്‍ നിന്ന് പിരിഞ്ഞു പോവുമ്പോള്‍ എല്ലാവരുടെയും വിഷമം എന്റെ തമാശ നമ്പറുകള്‍ കേള്‍ക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു,’ സുരാജ് പറഞ്ഞു.

ചെറുപ്പത്തിലേ അധ്യാപകരെയെല്ലാം അനുകരിച്ച് കാണിക്കുമായിരുന്നെന്നും പിന്നീടാണ് സ്റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയതെന്നും സുരാജ് പറയുന്നു.

ലോക്ക്ഡൗണും കൊറോണ പേടിയുമെല്ലാമായി അഞ്ചെട്ടുമാസം വീട്ടില്‍ അടച്ചിരുന്നപ്പോള്‍ ക്യാമറക്ക് മുമ്പില്‍ നില്‍ക്കാനുള്ള ആഗ്രഹമായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയിലേക്ക് തന്നെ അടുപ്പിച്ചതെന്നും അഭിമുഖത്തില്‍ സുരാജ് പറഞ്ഞു.

കൂടാതെ സംവിധായകനില്‍ നിന്ന് കഥ കേട്ടപ്പോള്‍ തന്നെ കൊള്ളാമെന്ന് തോന്നിയിരുന്നുവെന്നും കൊറോണക്കാലത്ത് വീട്ടിലിരുന്നപ്പോഴാണ് സ്ത്രീകള്‍ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് പലരും തിരിച്ചറിഞ്ഞതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Suraj Venjaramoodu shares his childhood experience