| Monday, 23rd December 2024, 7:58 am

ആ സിനിമയുടെ സെറ്റിലെത്തിയപ്പോള്‍ ഒളിച്ചോടിയാലോ എന്നുവരെ ചിന്തിച്ചു: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര സൂരനിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറുകയാണ് സുരാജ് വെഞ്ഞാറമൂട്. ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ടീസര്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

ചിത്രത്തില്‍ അഭിനയിക്കാനായി ആദ്യം പോയപ്പോള്‍ ഒളിച്ചോടിയാലോ എന്ന് വരെ കരുതിയിരുന്നെന്ന് സുരാജ് പറയുന്നു. പതിനേഴ് മിനിറ്റോളം നീണ്ട സിംഗിള്‍ ഷോട്ട് എടുക്കേണ്ടകൊണ്ടാണ് അങ്ങനെ തോന്നിയതെന്നും അത് ഭയങ്കര ടാസ്‌ക്കായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

‘വീര ധീര സൂരന്‍ എന്ന സിനിമയുടെ സെറ്റില്‍ പോയപ്പോള്‍ ആദ്യം ഞാന്‍ ഒളിച്ചോടാന്‍ വേണ്ടി നിന്നതാണ്. പിന്നെ ഫുള്‍ കാട്ടിനകത്താണ് ഷൂട്ട് നടക്കുന്നത്. വഴിയറിയാതെ നില്‍ക്കേണ്ടി വന്നാലോ എന്നോര്‍ത്താണ് ഞാന്‍ പോകാതിരുന്നത്. ചിത്രത്തില്‍ ഒരു പതിനാറ് പതിനേഴ് മിനിറ്റ് സിംഗിള്‍ ഷോട്ടുണ്ട്. അത് ഭയങ്കര എക്സ്പീരിയന്‍സായിരുന്നു.

ആ സിംഗിള്‍ ഷോട്ടിനകത്ത് ഫൈറ്റുണ്ട്, വെടിവെപ്പുണ്ട്, പെര്‍ഫോം ചെയ്യേണ്ട ഭാഗങ്ങളുണ്ട്. ആരുടെയെങ്കിലും കൈയില്‍ നിന്ന് ഒരു തെറ്റ് വന്നാല്‍ പോലും റീടേക്ക് പോണം. ഇതിനിടക്ക് മഴ പെയ്യാതെ നോക്കണം. അങ്ങനെ ഭയങ്കര ടാസ്‌ക്കായിരുന്നു അത് ചെയ്യാന്‍. അത് വളരെ നന്നായി വന്നിട്ടുമുണ്ട്. ആദ്യത്തെ ദിവസം എനിക്ക് കുഞ്ഞി ഡയലോഗുകളാണ് തന്നത്. ഞാന്‍ ഓര്‍ത്തു സംഭവം എളുപ്പമാണല്ലോയെന്ന്.

രണ്ടാമത്തെ ദിവസം എനിക്കേ ഉള്ളു വലിയ ഡയലോഗും പെര്‍ഫോമന്‍സും കൂടെ പതിനേഴ് മിനിട്ടുള്ള സിംഗിള്‍ ഷോട്ടും. അങ്ങനെ ഞാന്‍ ഓടി പോകാനായി നില്‍ക്കുമ്പോള്‍ ഉണ്ട് അവിടെ എന്റെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ്, മലയാളത്തിലെ പൃഥ്വിരാജല്ല, തെലുങ്കിലെ പൃഥ്വിരാജ്. പുള്ളിയോട് ഞാന്‍ പോയി എന്താ സാര്‍ എവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍, എന്ത് ചെയ്യണം എന്നറിയില്ല. ഓടിപ്പോകാന്‍ പറ്റുമോയെന്ന് നോക്കികൊണ്ട് നില്‍ക്കുകയാണെന്ന് പറഞ്ഞു,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

Content Highlight: Suraj Venjaramoodu  Shares Experience From The Set Of His First  Tamil Film Veera Dheera Sooran

We use cookies to give you the best possible experience. Learn more