|

ഉര്‍വശി, കല്പന, ബിന്ദു പണിക്കര്‍ എന്നിവരുടെ മിക്‌സ് ആണ് ആ നടിയുടെ അഭിനയം: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി, സഹനടന്‍ വേഷങ്ങളില്‍ നിന്ന് മാറി നായകവേഷങ്ങളില്‍ തിളങ്ങുകയാണ് സുരാജ് വെഞ്ഞാറമൂട്. മികച്ച കഥകള്‍ തെരഞ്ഞെടുക്കുകയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളെ ഞെട്ടിക്കാനും സുരാജിന് സാധിക്കുന്നുണ്ട്. സുരാജ് നായകനായ ഇ.ഡി. എക്‌സ്ട്രാ ഡിസന്റ് തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ഇ.ഡിക്ക് പുറമെ സുരാജ് നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയ നാഗേന്ദ്രന്‍സ് ഹണിമൂണിലും നായികയായെത്തിയത് ഗ്രേസ് ആന്റണിയായിരുന്നു.

ഗ്രേസ് ആന്റണിയെക്കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ഗ്രേസിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് നാഗേന്ദ്രന്‍സ് ഹണിമൂണാണെന്ന് സുരാജ് പറഞ്ഞു. പഴയ ആര്‍ട്ടിസ്റ്റുകളായ കല്പന, ഉര്‍വശി, ബിന്ദു പണിക്കര്‍ എന്നിവരെ ഓര്‍മ വരുമെന്നും അവരുടെയെല്ലാം അഭിനയത്തിന്റെ ഷേഡ് ഗ്രേസില്‍ കാണാന്‍ പറ്റുമെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.

പഴയ ആര്‍ട്ടിസ്റ്റുകളുടെ അഭിനയത്തിന്റെയെല്ലാം മിക്‌സ് ആണ് ഗ്രേസ് ആന്റണിയെന്നും സുരാജ് പറഞ്ഞു. എല്ലാവരുടെയും അഭിനയം ബ്ലെന്‍ഡ് ചെയ്ത സ്മൂത്തി പോലെയാണ് ഗ്രേസെന്നും മലയാളസിനിമയുടെ സ്മൂത്തി സ്റ്റാറാണ് ഗ്രേസ് ആന്റണിയെന്നും സുരാജ് വെഞ്ഞാറമൂട് കൂട്ടിച്ചേര്‍ത്തു. ഇ.ഡിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് വെഞ്ഞാറമൂട് ഇക്കാര്യം പറഞ്ഞത്.

‘ഗ്രേസിനെപ്പറ്റി പറയുമ്പോള്‍ ഇപ്പോള്‍ ഓര്‍മവരുന്നത് നാഗേന്ദ്രന്‍സ് ഹണിമൂണാണ്. അതില്‍ അവരുടെ പെര്‍ഫോമന്‍സ് നന്നായിരുന്നു. പിന്നെ പഴയകാല ആര്‍ട്ടിസ്റ്റുകളെയും ഗ്രേസിനെ കാണുമ്പോള്‍ ഓര്‍മ വരും. കല്പന ചേച്ചി, ഉര്‍വശി, ബിന്ദു പണിക്കര്‍ അങ്ങനെ കുറേ ആര്‍ട്ടിസ്റ്റുകളുടെ ഒരു ഷേഡ് ഗ്രേസില്‍ ഉണ്ട്. പലര്‍ക്കും ആ കാര്യം തോന്നിയിട്ടുണ്ട്.

അവരുടെയെല്ലാം അഭിനയമെല്ലാം ഗ്രേസിന്റെ പെര്‍ഫോമന്‍സില്‍ ബ്ലെന്‍ഡായി കിടക്കുന്നുണ്ട്. എല്ലാവരുടെയും ആക്ടിങ് ബ്ലെന്‍ഡായിട്ട് ഒരു സ്മൂത്തിപോലെയാണ് ഗ്രേസ്. മലയാളസിനിമയുടെ സ്മൂത്തിയാണ് ഗ്രേസ്. ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് സ്മൂത്തി സ്റ്റാര്‍ എന്ന് വേണമെങ്കില്‍ വിളിക്കാം,’ (ചിരിക്കുന്നു) സുരാജ് പറഞ്ഞു.

ആയിഷക്ക് ശേഷം അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഇ.ഡി ഡാര്‍ക്ക് ഹ്യൂമര്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. സുരാജിന് പുറമെ ശ്യാം മോഹന്‍, സുധീര്‍ കരമന, വിനയപ്രസാദ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫനും സുരാജ് വെഞ്ഞാറമൂടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Suraj Venjaramoodu says that Grace Antony’s acting is mix of Kalpana and Urvashi