| Tuesday, 17th December 2024, 9:02 pm

നിവിന്‍ പോളിയടക്കം വേണ്ടെന്ന് വെച്ച ആ വേഷം വിനീത് ഗംഭീരമാക്കി: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഈയടുത്ത് സുരാജ് ചെയ്ത മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലെ അഡ്വക്കേറ്റ് വേണു.

ചെറിയൊരു ഇടവേളക്ക് ശേഷം സുരാജ് ചെയ്ത ഹ്യൂമര്‍ ടച്ചുള്ള വേഷമായിരുന്നു വേണു എന്ന കഥാപാത്രം. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിലേതുപോലെ വ്യത്യസ്തമായ കഥകളാണ് താന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. ആ സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് അത്തരം കഥാപാത്രങ്ങള്‍ തനിക്കും തരുമോ എന്ന് സംവിധായകനോട് ചോദിച്ചിരുന്നെന്ന് സുരാജ് പറഞ്ഞു.

ആ കഥ ഒരുപാട് നടന്മാരോട് പറഞ്ഞെന്നും അവരെല്ലാം റിജക്ട് ചെയ്‌തെന്നും സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നെന്ന് സുരാജ് കൂട്ടിച്ചേര്‍ത്തു. നിവിന്‍ പോളിയടക്കം പല നടന്മാരും കഥ കേട്ട് ഒഴിവാക്കിയതായിരുന്നെന്നും ഒടുവില്‍ ആരുമില്ലാഞ്ഞിട്ടാണ് വിനീത് ആ സിനിമ ചെയ്തതെന്നും സുരാജ് പറഞ്ഞു. എന്നാല്‍ വിനീതിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു അതെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഇ.ഡിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫില്‍മിബീറ്റിനോട് സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

‘വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ എല്ലാ നടന്മാരും ആഗ്രഹിക്കുന്നതുപോലെ എനിക്കും ആഗ്രഹമുണ്ട്. ഈയടുത്ത് അങ്ങനെ ചെയ്ത സിനിമകളിലൊന്നായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. മലയാളത്തില്‍ അടുത്തകാലത്തൊന്നും അങ്ങനെയൊരു കഥ വന്നിട്ടില്ല. അതിന്റെ ഷൂട്ട് നടന്നുകൊണ്ടിരുന്നപ്പോള്‍ ഡയറക്ടറിനോട് എനിക്കും ഇത്തരം റോളുകള്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ട് എന്ന് പറഞ്ഞിരുന്നു.

ഇതുപോലുള്ള സബ്ജക്ട് ഉണ്ടെങ്കില്‍ എന്റെയടുത്തും പറയാന്‍ പറഞ്ഞിരുന്നു. പക്ഷേ, ആ സിനിമ തന്നെ ഒരുപാട് നടന്മാര്‍ റിജക്ട് ചെയ്ത ഒന്നായിരുന്നു. അതിന്റെ ഡയറക്ടര്‍ കുറെ നടന്മാരോട് കഥ പറഞ്ഞ്, അവരതെല്ലാം റിജക്ട് ചെയ്ത ശേഷമാണ് ആ ക്യാരക്ടര്‍ വിനീതിലേക്ക് എത്തിയത് .നിവിന്‍ പോളിയടക്കം വേണ്ടെന്ന് വെച്ച സിനിമയായിരുന്നു പുള്ളി അത് ഗംഭീരമായി ചെയ്തു. വിനീതിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിരുന്നു അത്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ഇ.ഡിയാണ് സുരാജിന്റെ ഏറ്റവും പുതിയ ചിത്രം. ഗ്രേസ് ആന്റണി, ശ്യാം മോഹന്‍, സുധീര്‍ കരമന തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഡിസംബര്‍ 20ന് തിയേറ്ററുകളിലെത്തും. ലിസ്റ്റിന്‍ സ്റ്റീഫനും സുരാജ് വെഞ്ഞാറമൂടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Suraj Venjaramoodu says Mukundan Unni Associates movie rejected by Nivin Pauly

We use cookies to give you the best possible experience. Learn more