മിമിക്രി നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സുരാജ് തമിഴില്‍ ചെയ്യുന്ന ആദ്യ ചിത്രമാണ് വീര ധീര സൂരന്‍. വിക്രമാണ് ചിത്രത്തിലെ നായകന്‍.
ചിത്ത എന്ന സിനിമയുടെ സംവിധായകന്‍ അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വീര ധീര സൂരന്‍. ചിത്ത സിനിമ കണ്ടപ്പോള്‍ മുതല്‍ അരുണിനെ വിളിക്കണമെന്ന് തീരുമാനിച്ചിരുന്നതാണെന്നും എന്നാല്‍ ആ സമയത്ത് അപ്രതീക്ഷിതമായി അരുണ്‍ അടുത്ത ചിത്രത്തിലേക്ക് തന്നെ വിളിച്ചെന്ന് സുരാജ് പറയുന്നു.
തന്റെ ആദ്യ തമിഴ് ചിത്രമാണിതെന്നും തന്റെ തമിഴ് അത്രക്ക് ഫ്‌ലുവെന്റ് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിക്രമാണ് തന്റെ തമിഴ് സ്ലാങ് ശരിയാക്കി തന്നെതെന്ന് സുരാജ് പറയുന്നു. ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.
‘എനിക്ക് ഭയങ്കരമായി ഇഷ്ട്ടപ്പെട്ട ചിത്രമാണ് ചിത്ത. കുടുംബവുമായാണ് ചിത്ത കാണാന്‍ തിയേറ്ററില്‍ പോയത്. എനിക്ക് പരിചയമുളള ചിലര്‍ ആ സിനിമയുടെ ഭാ?ഗമായിട്ടുണ്ട്. അവര്‍ വഴി സംവിധായകന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കണമെന്നൊക്കെ കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അരുണ്‍ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്.
അരുണ്‍ കൊച്ചിയില്‍ വന്നു, എന്നോട് കഥ പറഞ്ഞു. എസ്.ജെ. സൂര്യ, വിക്രം, പിന്നെ ഞാനും, ഞങ്ങള്‍ മൂന്നുപേരാണ് പ്രാധാന വേഷങ്ങളില്‍. കഥ കേട്ടിരുന്നു എന്നേയുളളൂ. ആദ്യ തമിഴ് ചിത്രമല്ലേ, എനിക്ക് ഭാഷ അത്ര ഫ്‌ലുവന്റ് അല്ല. അതുകൊണ്ടുകൂടി നല്ല ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ വളരെ രസകരമായിട്ട് സംവിധായകന്‍ ഓരോ കാര്യങ്ങളും പറഞ്ഞുതന്നു. നന്നായി വന്നിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്.
എസ്.ജെ. സൂര്യക്കും വിക്രത്തിനുമൊപ്പം ചെയ്ത 18 മിനിറ്റ് സിംഗിള്‍ ഷോട്ട് എന്റെ ജീവിതത്തില്‍ ആദ്യത്തെ സംഭവമാണ്. അവരുടെയൊക്കെ ഒപ്പം നില്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ പലതും പഠിച്ചുപോകും. വിക്രം സാര്‍ മലയാളത്തിലാണ് നമ്മളോട് സംസാരിക്കുന്നത്. തമിഴ് ഭാഷ വലിയ വശമില്ലാത്ത എനിക്ക് ഡയലോഗ് പറയുമ്പോള്‍ സ്ലാങ് ശരിയാക്കിത്തന്നതൊക്കെ വിക്രം സാര്‍ ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഇനിയും പൂര്‍ത്തിയായിട്ടില്ല. റിലീസിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,’ സുരാജ് പറയുന്നു.
Content Highlight: Suraj Venjaramoodu Says Actor Vikram Helped Him To Improve His Tamil Fluency