| Friday, 25th June 2021, 8:51 am

എന്നെക്കാള്‍ മനോഹരമായി കോഴിക്കോടും മലപ്പുറവുമുള്ള ആളുകള്‍ തിരുവനന്തപുരം സ്‌ളാങ്ങ് സംസാരിക്കും; അനുഭവം പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം സ്‌ളാങ്ങില്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. അത്തരം സിനിമകള്‍ ചെയ്തതിന് ശേഷം മലപ്പുറമോ കോഴിക്കോടോ പോകുമ്പോള്‍ അവിടെയുള്ളവര്‍ തന്നേക്കാള്‍ നന്നായി തിരുവനന്തപുരം ഭാഷ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്ന് പറയുകയാണ് സുരാജ്.

ജെ.ബി. ജംങ്ഷന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

‘തള്ളേ സുഖങ്ങളൊക്കെ തന്നേ, എന്തരപ്പീ എന്നൊക്കെ മറ്റ് ജില്ലകളിലുള്ളവര്‍ അതേ ടോണില്‍ ചോദിക്കും. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും,’ സുരാജ് പറയുന്നു. എന്നാല്‍ തുടര്‍ച്ചയായി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ തനിക്ക് വലിയ താല്‍പര്യമുണ്ടായിരുന്നില്ലെന്നും സുരാജ് പറയുന്നുണ്ട്.

‘അഭിനയരംഗത്തേക്ക് വന്നപ്പോഴേ പലരും പറയുമായിരുന്നു സുരാജേ സ്ളാങ്ങ് കൊണ്ട് കുറേ കാലം പിടിച്ചു നില്‍ക്കാന്‍ ആവില്ലെന്ന്. എനിക്ക് ഒരു താല്‍പര്യവുമുണ്ടായിട്ടല്ലായിരുന്നു. മിക്കവാറും സംവിധായകരാണ് പറയുന്നത് സുരാജേ തിരുവനന്തപുരം ഭാഷ തന്നെ മതിയെന്ന്.

സാറേ വേറെ എത്രയോ സ്ളാങ്ങ് ഉണ്ട്, അതല്ലേ വെറൈറ്റി എന്ന് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പൊ ഇത് ചെയ്യ് എന്നാണ് മറുപടി കിട്ടുക. അങ്ങനെ സമ്മര്‍ദ്ദം മൂലം ചെയ്യേണ്ടി വന്നിട്ടുണ്ട് പലപ്പോഴും,’സുരാജ് പറയുന്നു.

അവരുടെ ആവശ്യത്തിന് നമ്മളെ ഉപയോഗിക്കുകയും പിന്നീട് നമുക്കതേ പറ്റൂവെന്ന് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതായാണ് സ്ളാങ്ങിന്റെ കാര്യത്തില്‍ തനിക്ക് തോന്നിയിട്ടുള്ളതെന്നും സുരാജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Suraj Venjaramoodu says about thiruvananthapuram slang

We use cookies to give you the best possible experience. Learn more