മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
സീരിയസ് വേഷങ്ങളിലേക്ക് ചുവടുമാറിയതിന് ശേഷം പലരും പറയുന്ന കാര്യമാണ് സുരാജിന്റെ പഴയ കോമഡി വേഷങ്ങള്‍ മിസ് ചെയ്യുന്നു എന്നത്. സുരാജ് ചെയ്തുവെച്ച കോമഡി സീനുകള്‍ ഇന്ന് റീലുകളിലൂടെയും അല്ലാതെയും പലരും ദിനംപ്രതി കാണുന്നുണ്ട്. വാട്‌സ്ആപ്പ് സ്റ്റിക്കറുകളായിട്ടും സുരാജിന്റെ കഥാപാത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തന്റെ ഫോട്ടോയുള്ള സ്റ്റിക്കറുകള്‍ പലരും തനിക്ക് അയച്ചുതരാറുണ്ടെന്നും അതെല്ലാം താന്‍ സേവ് ചെയ്ത് വെക്കാറുണ്ടെന്നും പറയുകയാണ് സുരാജ്. തന്റെ ഫോണില്‍ അതിനായി മാത്രം ഒരു പ്രത്യേക ഫോള്‍ഡര്‍ ഉണ്ടെന്നും ഓരോ സ്റ്റിക്കറും അതിലേക്ക് മാറ്റുമെന്നും സുരാജ് പറഞ്ഞു. തന്റെ കോമഡി കഥാപാത്രങ്ങളുടെ സ്റ്റിക്കറാണ് കൂടുതലും വരാറുള്ളതെന്നും അതില്‍ ഏറ്റവും ഇഷ്ടം ദശമൂലം ദാമുവിന്റേതാണെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
ചട്ടമ്പിനാട് എന്ന സിനിമയില്‍ ‘ഒരിക്കലുമില്ല മല്ലയ്യ’ എന്ന് പറഞ്ഞതിന് ശേഷം തിരിഞ്ഞുനോക്കിയിട്ട് കൊടുക്കുന്ന റിയാക്ഷന്‍ സ്റ്റിക്കറായി പലരും അയച്ചുതരാറുണ്ടെന്നും തനിക്ക് ഏറ്റവും ഇഷ്ടം അതാണെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. പുതിയ ചിത്രമായ ഇ.ഡിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.
‘എന്റെ ഫോട്ടോയുള്ള വാട്‌സ്ആപ്പ് സ്റ്റിക്കറുകള്‍ എല്ലാ ദിവസവും ആരെങ്കിലുമൊക്കെ അയച്ചുതരാറുണ്ട്. എനിക്ക് അതെല്ലാം കാണുന്നത് വലിയ ഇഷ്ടമാണ്. അതെല്ലാം ഞാന്‍ ഫോണില്‍ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. അതെല്ലാം കോമഡി ക്യാരക്ടേഴ്‌സിന്റെയാണ്. അതില്‍ തന്നെ എനിക്ക് ഏറ്റവും ഇഷ്ടം ചട്ടമ്പിനാടിലെയാണ്. ‘ഒരിക്കലുമില്ല മല്ലയ്യ’ എന്ന് പറഞ്ഞിട്ട് തിരിഞ്ഞ് നോക്കി ഒരു റിയാക്ഷന്‍ കൊടുക്കും അതിന്റെ സ്റ്റിക്കര്‍ ഒരുപാട് ഇഷ്ടമാണ്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഇ.ഡി. എക്‌സ്ട്രാ ഡീസന്റ്. അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്യാം മോഹന്‍, ഗ്രേസ് ആന്റണി, സുധീര്‍ കരമന തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: Suraj Venjaramoodu saying his sticker from Chattambinadu movie is favorite for him