മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സുരാജ് ഈയടുത്ത് ചെയ്ത സിനിമകളിലെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
കോമഡി വേഷങ്ങളില്‍ തിളങ്ങിനിന്ന സുരാജ് ആദ്യമായി നായകനായ ചിത്രമായിരുന്നു ഡ്യൂപ്ലിക്കേറ്റ്. ഷിബു പ്രഭാകര്‍ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് സുരാജ് വേഷമിട്ടത്. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയ ചിത്രത്തിലൂടെ നായകനായുള്ള അരങ്ങേറ്റം സുരാജ് മോശമാക്കിയില്ല.
എന്നാല്‍ ആ ചിത്രം തന്റെ സുഹൃത്തായ ഷിബുവിന് വേണ്ടി മാത്രം ചെയ്തതാണെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. നായകനാകണമെന്ന ആഗ്രഹം ആ സമയത്ത് തനിക്ക് ഇല്ലായിരുന്നെന്ന് സുരാജ് പറഞ്ഞു. ആ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ നായകനാകാന്‍ താനില്ലെന്നും ചെറിയ വേഷം ചെയ്യാമെന്ന് പറഞ്ഞെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് തനിക്ക് ഒരുപാട് സിനിമകള്‍ ഉണ്ടായിരുന്നെന്നും ആ സിനിമയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചെന്നും സുരാജ് പറയുന്നു. ഒടുവില്‍ ആ സുഹൃത്തുക്കള്‍ക്ക് വേണ്ടി മാത്രം താന്‍ ആ സിനിമ ചെയ്‌തെന്നും ബോക്‌സ് ഓഫീസില്‍ ഹിറ്റായെന്നും സുരാജ് പറഞ്ഞു. അന്നും ഇന്നും കോമഡി ചെയ്യാന്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.
‘ഡ്യൂപ്ലിക്കേറ്റ് എന്ന സിനിമ ഞാന്‍ എന്റെ ഫ്രണ്ടിന് വേണ്ടി മാത്രം ചെയ്തതാണ്. ഡയറക്ടര്‍ ഷിബു പ്രഭാകര്‍ എന്റെ അടുത്ത സുഹൃത്താണ്. ഒരുദിവസം അവന്‍ എന്നെ വിളിച്ച് പടത്തിന്റെ കഥ പറഞ്ഞിട്ട് ഞാനാണ് നായകനെന്ന് പറഞ്ഞു. എനിക്ക് നായകനൊന്നും ആകണ്ട, ചെറിയ വല്ല വേഷവും ചെയ്യാമെന്ന് ഞാന്‍ അവനോട് പറഞ്ഞു.
മാത്രമല്ല, ആ സമയത്ത് ഞാന്‍ വേറെയും കുറെ സിനിമകളില്‍ ചെറിയ കോമഡി റോളുകള്‍ ചെയ്യുകയായിരുന്നു. ഒടുവില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തില്‍ ഞാന്‍ ആ പടം ചെയ്തു. എന്തോ ഭാഗ്യം കൊണ്ട് ആ സിനിമ ഹിറ്റായി. ഇന്നും കോമഡി റോളുകള്‍ ചെയ്യാന്‍ തന്നെയാണ് എനിക്കിഷ്ടം. അത്തരം വേഷങ്ങള്‍ ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ്,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.
Content Highlight: Suraj Venjaramoodu saying he committed Duplicate movie for friendship