തന്റെ സിനിമാ ജീവിതത്തിലെ അഭിനേതാവ് എന്ന കരിയറിനോടൊപ്പം നിര്‍മാണത്തിലേക്ക് കൂടി ചുവട് വെച്ച സുരാജ് വെഞ്ഞാറമൂട് നായകനായുള്ള ഏറ്റവും പുതിയ ചിത്രമാണ് എക്‌സ്ട്രാ ഡീസന്റ്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ താരത്തിന്റെ പിറന്നാള്‍ ദിനം മനോഹരമാക്കുകയാണ് ഇ.ഡി (എക്‌സ്ട്രാ ഡീസന്റ്) ഫാമിലി. പ്രമുഖ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജിന്റെ വിലാസിനി സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമീര്‍ പള്ളിക്കലാണ്.
തന്റെ ജന്മനാളും ജന്മദിനവും അടുത്തടുത്ത ദിവസങ്ങളില്‍ ആയതിനാല്‍ സുരാജ് ജന്മനാളില്‍ ലൊക്കേഷനില്‍ കേക്ക് മുറിച്ചു മധുരം പങ്കിട്ടു. പിറന്നാള്‍ ദിനമായ ഇന്ന് ഇ.ഡിയുടെ വക സര്‍പ്രൈസ് സ്‌പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.
ഇ.ഡിയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പിറന്നാള്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്നു. തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് ഇനിയും നല്ല സിനിമകള്‍ സമ്മാനിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും എല്ലാവരുടെയും സ്‌നേഹത്തിന് നന്ദിയെന്നും പറഞ്ഞ് സുരാജ് തന്റെ നന്ദി രേഖപ്പെടുത്തി.
ആഷിഫ് കക്കോടിയാണ് ഇ.ഡിയുടെ രചന നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബിക, പാലക്കാട് എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തിന് ശേഷം കൊച്ചിയിലാണ് ഇ.ഡിയുടെ ഷൂട്ടിങ്ങ് ഇപ്പോള്‍ നടക്കുന്നത്.