| Monday, 12th August 2024, 3:17 pm

പ്രിന്‍സിന് പ്രിയപ്പെട്ട പ്രിയന്‍, പ്രേക്ഷകരുടെയും

അമര്‍നാഥ് എം.

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അഡിയോസ് അമിഗോ. ട്രെയ്ലറും ടീസറുമെല്ലാം കോമഡി ചിത്രത്തിന്റെ സൂചനയാണ് തന്നത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഫീല്‍ഗുഡ് സിനിമയാണ് സംവിധായകന്‍ നഹാസ് നാസര്‍ സമ്മാനിച്ചത്. സമൂഹത്തിലെ രണ്ട് ധ്രുവങ്ങളിലുള്ള രണ്ട് അപരിചിതര്‍ പരിചയത്തിലാകുന്ന കഥയാണ് അഡിയോസ് അമിഗോ പറയുന്നത്.

ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം വളരെ റിയലിസ്റ്റിക്കായിരുന്നു. കാശിന് പെട്ടെന്ന് അത്യാവശ്യം വരുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായനായി നില്‍ക്കുന്ന അവസ്ഥ സുരാജ് ഗംഭീരമായി ചെയ്തിട്ടുണ്ട്. ഇടുക്കി സ്ലാങ് തന്നാലാകും വിധം നന്നാക്കാനും സുരാജ് ശ്രമിച്ചിട്ടുണ്ട്. ആദ്യപകുതിയില്‍ പൈസ കൈയിലില്ലാത്ത അവസ്ഥയില്‍ കടയിലെ പലഹാരങ്ങളിലേക്ക് നോക്കുന്ന നോട്ടം ഉള്ളുലക്കുന്നതായിരുന്നു.

ആസിഫ് അലിയുമായി പരിചയത്തിലായ ശേഷം പതിയെ ഓരോ കാര്യത്തോട് സുരാജ് പൊരുത്തപ്പെടുന്നത് റിയലിസ്റ്റിക്കായി തോന്നി. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെത്തിയ ശേഷമുള്ള സുരാജിന്റെ പെര്‍ഫോമന്‍സും ഗംഭീരമായിരുന്നു. പൈസയുടെ വില നല്ലതുപോലെ അറിയാവുന്ന പ്രിയന്‍ ആസിഫ് അലി അവതരിപ്പിച്ച പ്രിന്‍സിന്റെ ധൂര്‍ത്ത് കാണുമ്പോള്‍ നല്‍കുന്ന റിയാക്ഷനും ഗംഭീരമായിരുന്നു.

പ്രേക്ഷകന്റെ കണ്ണ് നിറച്ചത് ക്ലൈമാക്‌സില്‍ ആസിഫിനോട് ബൈ പറഞ്ഞു പോകുന്ന സീനായായിരുന്നു. തനിക്ക് ആവശ്യമുള്ള പൈസ ആസിഫ് വഴി തനിക്ക് ലഭിച്ചുവെന്നറിയുമ്പോള്‍ കണ്ണ് നിറഞ്ഞുകൊണ്ട് ഓടുന്ന സീന്‍ സുരാജിലെ പെര്‍ഫോമറെ അടയാളപ്പെടുത്തുന്നതായിരുന്നു. ആ സീനിലെ സൗണ്ട് മോഡുലേഷനും പെര്‍ഫെക്ടായിരുന്നു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഭാസ്‌കര പൊതുവാളിന് ശേഷം സുരാജിന്റെ പക്കാ റിയലിസ്റ്റിക്കായിട്ടുള്ള കഥാപാത്രമാണ് പ്രിയന്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ വെറും രണ്ട് സീനില്‍ വന്നുപോകുന്ന കഥാപാത്രത്തിലൂടെ താന്‍ വെറും കോമഡി നടനല്ല എന്ന് തെളിയിച്ച സുരാജ് ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടനെ അടയാളപ്പെടുത്തുകയാണ്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് അഡിയോസ് അമിഗോയിലെ പ്രിയന്‍.

Content Highlight: Suraj Venjaramoodu’s performance in Adios Amigo movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more