ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ഴോണറിലൊരുങ്ങിയ ചിത്രമാണ് ഇ.ഡി (എക്സ്ട്രാ ഡീസെന്റ്). സിനിമയുടെ ട്രെയ്ലര് ഇന്ന് പുറത്തിറങ്ങി. രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള ട്രെയ്ലറില് ഇതുവരെ കാണാത്ത ലുക്കിലുള്ള സുരാജ് വെഞ്ഞാറമ്മൂടിനെയാണ് കാണുന്നത്.
ട്രെയ്ലറിലെ സൂചനയില്‍ നിന്ന് ഒരു സൈക്കോ കഥാപാത്രമായാകും സുരാജ് എത്തുകയെന്ന് ഉറപ്പാണ്. ഇതുവരെ സിനിമകളില്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വേറിട്ട ഗെറ്റപ്പില്‍ ഗംഭീര അഭിനയപ്രകടനമാകും സുരാജ് കാഴ്ച വെക്കുക.
ഒരു കുടുംബത്തെ ചുറ്റിപറ്റിയുള്ള കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് ഹൈലൈറ്റ്. അവര്‍ക്ക് പുറമെ വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ഇ.ഡിക്കായി ഒന്നിക്കുന്നത്.
ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. പ്രമുഖ നിര്‍മാതാവായ ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്ന് നിര്‍മിക്കുന്ന ഇ.ഡി ഈ മാസം 20ന് തിയേറ്ററുകളിലേക്കെത്തും. ഇരുപത്തിയൊന്ന് വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തില്‍ നിര്‍മാണ രംഗത്തേക്ക് ആദ്യമായി സുരാജ് വെഞ്ഞാറമ്മൂട് ചുവട് വയ്ക്കുന്ന ചിത്രം കൂടിയാണ് ഇ ഡി.