| Monday, 7th August 2023, 9:23 pm

എന്തായാലും ദശമൂലം ദാമു ഉണ്ട്; 78 കാലഘട്ടത്തിലെ സിനിമയാണ്: സുരാജ് വെഞ്ഞാറമ്മൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോട്ട്സ്റ്റാറിൽ വരാൻ പോകുന്ന തന്റെ പുതിയ ചിത്രത്തിൽ ദശമൂലം ദാമു എന്ന കഥാപാത്രം ഉണ്ടായേക്കുമെന്ന് നടൻ സുരാജ് വെഞ്ഞാറമ്മൂട്. 1978 കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥയാണ് സിനിമയാക്കുന്നതെന്നും മധുവിധു എന്നാണ് ചിത്രത്തിൻറെ പേരെന്നും അദ്ദേഹം പറഞ്ഞു. ആനന്ദ് ടി.വി. അവാര്‍ഡ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പുതിയ വിന്റേജ് ലുക്കിനെപ്പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘പുതിയ വർക്ക്‌ ഹോട്ടസ്റ്ററിന് വേണ്ടിയിട്ടാണ്. മധുവിധു എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ പുതിയ ലുക്ക്. 1978 കാലഘട്ടത്തിൽ നടക്കുന്ന സിനിമയാണ്. വിവാഹ തട്ടിപ്പാണ് ചിത്രത്തിലെ കഥ. ദശമൂലം ദാമു എന്ന കഥാപാത്രം എന്തായാലും ഉണ്ട്,’ സുരാജ് പറഞ്ഞു.

ഇതേവേദിയിൽ വെച്ച് സുരാജിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. സുരാജ് തന്റെ ഗുരുവാണെന്നും അദ്ദേഹത്തിന്റെ കലാപ്രകടനം കണ്ട് സന്തുഷ്ടനായാണ് സിനിമയിലേക്ക് വിളിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. 2021-22 വര്‍ഷത്തെ ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമറിനുള്ള പുരസ്‌കാര ജേതാവായി സുരാജിനെ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് മമ്മൂട്ടിയുടെ പരാമര്‍ശങ്ങള്‍.

‘ഈ പുള്ളി എനിക്ക് പരിചയമുള്ള ആളാണ്. ഒരു ക്ലൂ തരാം. ഈ പുള്ളിയെ എനിക്കും പരിചയമുണ്ട്, നിങ്ങള്‍ക്കും പരിചയമുണ്ട്. നിങ്ങളെക്കാളൊക്കെ എനിക്ക് പരിചയമുള്ള ആളാണ്. ഇദ്ദേഹത്തിന്റെ കലാപ്രകടനം കണ്ട് ആകൃഷ്ടനായി ഇദ്ദേഹത്തോട് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും അദ്ദേഹത്തെ കുറച്ച് സഹായങ്ങളുമായി സമീപിക്കുകയും ചെയ്തു.

ഒരു സിനിമയില്‍ എന്നെ അഭിനയിക്കാന്‍ പഠിപ്പിക്കുകയും ചെയ്ത ആളാണ്. എനിക്ക് അദ്ദേഹം ഒരു ഗുരുവാണ്. ഇദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ സമീപിച്ചു, അങ്ങനെ സിനിമയില്‍ വന്നു, ആ അവസരത്തില്‍ പിടിച്ച് അങ്ങ് കേറി. അങ്ങനെ കേറി കേറി പല തരത്തിലുള്ള വേഷങ്ങള്‍ അഭിനയിച്ചു. ഇപ്പോള്‍ നായകനായി, അവാര്‍ഡായി, ദേശീയ അവാര്‍ഡ് വരെ നേടി, എന്റെ ഒറ്റ കുഴപ്പം കൊണ്ടാണ്,’ മമ്മൂട്ടി തമാശയുടെ പറഞ്ഞു.

Content Highlights: Suraj Venjaramoodu on Dashamoolam Daamu

We use cookies to give you the best possible experience. Learn more