| Monday, 19th December 2022, 12:20 pm

Interview | കഥാപാത്രത്തിന്റെ വികാരവും ടെക്‌നിക്കല്‍ വശങ്ങളും ഒന്നിക്കുന്ന വല്ലാത്തൊരു ട്രാക്കുണ്ട് | സുരാജ് വെഞ്ഞാറമൂട്

അന്ന കീർത്തി ജോർജ്

റോയ് എന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ റോയ്‌യായി എത്തിയിരിക്കുകയാണല്ലോ. സ്വപ്നവും യാഥാര്‍ത്ഥ്യവും തിരിച്ചറിയാനാകാത്ത റോയ്‌യെ അവസാനം വരെയും പ്രേക്ഷകര്‍ക്ക് പൂര്‍ണമായും മനസിലാക്കാനാകുന്നില്ല. അയാളെ കുറിച്ചുള്ള ചോദ്യങ്ങളും ആകാംക്ഷകളും ബാക്കിയാക്കിയാണ് സിനിമ അവസാനിക്കുന്നതും. എന്തായിരുന്നു സംവിധായകന്‍ സുനില്‍ ഇബ്രാഹിം ഈ കഥാപാത്രത്തെ കുറിച്ച് സുരാജിനോട് പറഞ്ഞ വണ്‍ലൈന്‍? ഈ കഥയിലേക്ക് താങ്കളെ അടുപ്പിക്കുന്നത് എങ്ങനെയാണ്?

കഥാപാത്രത്തെ കുറിച്ചാണ് ആദ്യം എന്നോട് പറയുന്നത്. മുന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ സൈക്കോളജിക്കല്‍ ത്രില്ലറാണെന്ന ആമുഖത്തോടെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചു. കേട്ടപ്പോള്‍ അയ്യര്‍ ദ ഗ്രേറ്റ് എന്ന മമ്മൂക്ക ചെയ്ത പ്രത്യേക സിദ്ധികളുള്ള കഥാപാത്രമാണ് എന്റെ മനസിലേക്ക് വന്നത്. ഞാന്‍ ഇതുവരെ ചെയ്യാത്ത തരം വേഷമാണ് എന്നത് തന്നെയാണ് റോയ്‌യിലേക്ക് ആദ്യം ആകര്‍ഷിക്കുന്നത്.

പിന്നീട് സുനില്‍ എന്നോട് സിനിമയുടെ കഥ വിവരിച്ചു. അപ്പോഴേ ക്ലൈമാക്സില്‍ അല്‍പം കൂടി വിശദമാക്കേണ്ടതില്ലേ എന്ന സംശയം ഞാന്‍ ഉന്നയിച്ചിരുന്നു. പക്ഷെ തന്റെ സിനിമ ഇതാണെന്ന് സുനില്‍ പറഞ്ഞു. അദ്ദേഹമാണല്ലോ സംവിധായകന്‍, സംവിധാകന്റേതായിരിക്കണമല്ലോ അവസാന വാക്ക്. അങ്ങനെ സിനിമയിലേക്ക് എത്തി. പക്ഷെ ആ ക്ലൈമാക്സ് കൊണ്ടാണ് സിനിമ ഇത്രയും ചര്‍ച്ചയാകുന്നത് എന്നാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്.

സുരാജിന്റെ ഇതുവരെയുള്ള റോളുകളില്‍ നിന്നും വ്യത്യസ്തമായി ആഴത്തിലുള്ള പ്രണയം കാത്തുസൂക്ഷിക്കുന്ന കഥാപാത്രമാണ് റോയ്. ഈ റൊമാന്റിക് വശം അവതരിപ്പിക്കുന്നത് എളുപ്പമായിരുന്നോ? അതോ സംവിധായകന്റെ ഇന്‍പുട്ടുകള്‍ കൂടി ഉണ്ടായിരുന്നോ?

സുനിലും ഞാനും ഏറെ ചര്‍ച്ച ചെയ്താണ് ആ ഭാഗങ്ങളെല്ലാം ചെയ്തത്. ഞങ്ങള്‍ രണ്ട് പേരും റിഹേഴ്സല്‍ ചെയ്ത ശേഷമായിരുന്നു നായികയായ സിജയുടെ കഥാപാത്രത്തെ ആ സ്പേസിലേക്ക് കൊണ്ടുവന്നത്.

റോയ് സിനിമയില്‍ നിന്ന്

വളരെ സുന്ദരമായ പ്രണയമാണ് ചിത്രത്തിലേതെന്നാണ് ഞാന്‍ കരുതുന്നത്. ടീന വളരെ മികച്ച ഒരു കഥാപാത്രസൃഷ്ടിയാണ്. മാനസികമായ ചില പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞിട്ടും റോയ്‌യെ പ്രണയിക്കാനും ഒപ്പം ജീവിക്കാനും അവള്‍ തീരുമാനിക്കുകയാണ്. അയാളുമായി വലിയ പ്രായവ്യത്യാസവുമുണ്ട്. അവള്‍ വളരെ ചെറുപ്പമാണ്. എന്നാല്‍, ആകെയുള്ള ഒരു ജീവിതം എല്ലാവരെയും പോലെ ജീവിച്ചിട്ട് എന്തിനാണെന്നാണ് ടീന ചോദിക്കുന്നത്.

റോയ്ക്ക് ടീന വളരെ പ്രധാനപ്പെട്ടതാണ്. കാരണം അയാള്‍ക്ക് ജീവിതത്തില്‍ ആകെ കണക്ട് ചെയ്യാന്‍ സാധിക്കുന്നത് ടീനയോട് മാത്രമാണ്. പൊതുജനം തന്നെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് തന്നെ കാണുന്നതെന്നും അവരോട് തനിക്ക് എല്ലാം പറഞ്ഞു മനസിലാക്കാനാകില്ലെന്നും റോയ്ക്ക് അറിയാം. അതുകൊണ്ട് തന്നെ ടീനയോടുള്ള അയാളുടെ ബന്ധം വളരെ തീവ്രമാണ്. ഈ പ്ലോട്ട് മനസിലാക്കിയാണ് റോയ്‌യുടെ പ്രണയത്തെ അവതരിപ്പിച്ചത്.

പക്ഷെ ഒരു വര്‍ഷം മുമ്പ് ചിത്രത്തിലെ പാട്ട് ഇറങ്ങിയ സമയത്ത് പലരും എനിക്ക് പ്രണയം വഴങ്ങുന്നില്ലെന്ന് പറഞ്ഞിരുന്നു. പിന്നീട് സിനിമ വന്നപ്പോഴാണ് റോയ്‌യുടെ കഥാപാത്രത്തെയും അയാളുടെ മാനസികപ്രശ്നങ്ങളെയും അതുകൊണ്ടുള്ള പെരുമാറ്റരീതിയിലെ പ്രത്യേകതകളെ കുറിച്ചുമൊക്കെ അവര്‍ക്ക് മനസിലായത്.

സ്റ്റാന്‍ഡ് അപ് കൊമേഡിയനായി തുടങ്ങിയ സുരാജിന്റെ കരിയര്‍ മിമിക്രി കലാകാരനും സിനിമകളിലെ തമാശവേഷങ്ങളും കടന്ന് സീരിയസ് കഥാപാത്രങ്ങളും നായകറോളും വരെ എത്തിനില്‍ക്കുകയാണ് . ഇതിനിടയില്‍ ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുകളും തേടിയെത്തി. ഒരുതരത്തില്‍ താങ്കളുടെ അഭിനയ-കലാജീവിതം പൂര്‍ണതയിലെത്തി എന്ന് പറയാമല്ലോ. സിനിമയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതില്‍ ഈ കാലയളവനുള്ളില്‍ സംഭവിച്ച പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് തിരിഞ്ഞുനോക്കാറുണ്ടോ?

നേരത്തെയൊക്കെ പത്ത് ദിവസത്തെ ഡേറ്റ് വേണമെന്നേ സിനിമയിലേക്ക് വിളിക്കുമ്പോള്‍ എന്നോട് പറയുമായിരുന്നുള്ളു. മമ്മൂക്കയുടെയോ പൃഥ്വിയുടെയോ മറ്റ് നായകന്മാരുടെയോ കൂട്ടുകാരന്റെ വേഷങ്ങളായിരുന്നു അതില്‍ ഭൂരിഭാഗവും. അന്നൊന്നും സിനിമയുടെ സ്‌ക്രിപ്റ്റ് ഞാന്‍ ചോദിക്കാറില്ലായിരുന്നു.

സിനിമയിലേക്ക് എങ്ങനെയോ എത്തിപ്പെട്ടിരിക്കുന്ന സമയത്ത് ജോഷി സാറിനോടൊക്കെ പോയി സ്‌ക്രിപ്റ്റ് വേണമെന്ന് പറയാന്‍ കഴിയില്ലല്ലോ. ചോദിച്ചാല്‍ അവര്‍ തരുമായിരിക്കാം, പക്ഷെ എനിക്ക് പേടിയായിരുന്നു. സിനിമയുടെ രീതികളെ കുറിച്ച് അന്നറിയില്ലായിരുന്നു. സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ പറഞ്ഞ വേഷം നഷ്ടപ്പെടുമോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. എനിക്ക് ആദ്യമായി സ്‌ക്രിപ്റ്റ് വായിക്കാന്‍ നല്‍കുന്നത് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലാണ്.

ആക്ഷന്‍ ഹീറോ ബിജുവിലെ രംഗം

നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആദ്യം മുതലേ ആഗ്രഹമുണ്ടായിരുന്നു. പലരെയും അതിനുവേണ്ടി സമീപിച്ചിട്ടുണ്ട്. അതിന്റെ ഫലമായാണ് ആക്ഷന്‍ ഹീറോ ബിജുവിലെ വേഷം ലഭിക്കുന്നത്. എബ്രിഡിന്റെ 1983 കണ്ടിട്ട് അടുത്ത ചിത്രത്തില്‍ വേഷം വേണമെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ആക്ഷന്‍ ഹീറോയിലെ വേഷത്തിന് ശേഷമാണ് പിന്നീട് നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നത്.

നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന സംതൃപ്തിയുണ്ട്. കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലേത് നല്ല വേഷമായിരുന്നു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ 80 വയസുകാരനായി എത്തി. പക്ഷെ ഒരെണ്ണം ചെയ്ത് ക്ലിക്കായാല്‍ പിന്നീട് സമാനമായ വേഷങ്ങള്‍ തുടര്‍ച്ചയായി തേടിവരുന്ന പ്രശ്നവുമുണ്ട്.

പൊലീസ് വേഷങ്ങള്‍ തുടര്‍ച്ചയായി വന്നത് അങ്ങനെയാണ്. ഇപ്പോഴും അത്തരം വേഷങ്ങളിലേക്ക് വിളിക്കുന്നുണ്ട്. പക്ഷെ കുറച്ച് നാളത്തേക്ക് പൊലീസ് വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന് വെച്ചിരിക്കുകയാണ്. അത്രയും ഗംഭീരമായ ഒരു പൊലീസ് കഥാപാത്രം വന്നാലേ ഇനി ചെയ്യുന്നുള്ളു. ഇങ്ങനെയാണ് ഇപ്പോഴത്തെ കഥാപാത്ര തെരഞ്ഞെടുപ്പുകളും സിനിമയുമെല്ലാം മുന്നോട്ടുപോകുന്നത്.

സുരാജ് ചെയ്ത പ്രായമായ വേഷങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണല്ലോ കാണെക്കാണെയിലെ പോള്‍ മത്തായി. പേരക്കുട്ടിയെ ഏറെ നാളുകള്‍ക്ക് ശേഷം കാണുന്ന സീനിലെ താങ്കളുടെ പെര്‍ഫോമന്‍സ് അത്ഭുതപ്പെടുത്തിയെന്ന് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തിയ ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. ആ രംഗത്തെയും കഥാപാത്രത്തെയും കുറിച്ച് എന്താണ് പറയാനുള്ളത് ?

കാണെക്കാണെയുടെ സ്‌ക്രിപ്റ്റ് എനിക്ക് പൂര്‍ണമായും വായിക്കാന്‍ തന്നിട്ടില്ല. കഥ ഒരു ഇമോഷണല്‍ ത്രില്ലറാണെന്ന് പറഞ്ഞിരുന്നു. പിന്നീട് ഓരോ സമയത്തായി ആ കഥാപാത്രത്തെയും രംഗങ്ങളെയും കുറിച്ച് പറയുകയായിരുന്നു.

കാണെക്കാണെയിലെ പോള്‍ മത്തായി

ആ രംഗത്തെ കുറിച്ച് സംവിധായകന്‍ വിശദമായി പറഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പാണ് മകള്‍ മരിക്കുന്നത്. അതിനുശേഷം മകളുടെ കുട്ടിയെ ചില സാഹചര്യങ്ങള്‍ കൊണ്ട് ഇയാള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മരുമകന്‍ മറ്റൊരു കല്യാണം കഴിക്കുകയും ചെയ്തു. വല്ലാത്തൊരു ഇമോഷണല്‍ അവസ്ഥയിലാണ് അയാള്‍ കുട്ടിയെ കാണുന്നത്. സംവിധായകന്‍ അത്രയും വിശദീകരിച്ച് നല്‍കിയതിനാലാണ് പോള്‍ മത്തായിയെ ആ രീതിയില്‍ അവതരിപ്പിക്കാനായത്.

ചെയ്യുന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ കുറിച്ചും സാഹചര്യത്തെ കുറിച്ചുമാണ്
ഞാന്‍ പൊതുവെ ആദ്യം മനസിലാക്കാന്‍ ശ്രമിക്കുക. ബാക്കിയെല്ലാം അതിനനുസരിച്ച് വരും. ഡയലോഗെല്ലാം ഏറ്റവും അവസാനമേ നോക്കാറുള്ളു.

കഥാപാത്രത്തിന്റെയും സാഹചര്യത്തിന്റെയും ഇമോഷണല്‍ യാത്രയെ ഉള്‍ക്കൊണ്ടിരിക്കേ തന്നെ സിനിമാ ഷൂട്ടിങ് വളരെ ടെക്നിക്കലായ ഒരു പ്രോസസ് കൂടിയാണല്ലോ. നടക്കുന്നതിനും ഇരിക്കുന്നതിനുമെല്ലാം കൃത്യമായ മാര്‍ക്കിങ്ങുകളുണ്ടാകും. അപ്പോള്‍ എങ്ങനെയാണ് കഥാപാത്രത്തിന്റെ വികാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കേ തന്നെ ടേപ്പ് ഒട്ടിച്ചുവെച്ച രേഖകളിലൂടെ നടക്കുക എന്നത് കൂടി വര്‍ക്കൗട്ട് ചെയ്യുന്നത് ?

വല്ലാത്തൊരു ട്രാക്കാണത്. ഇവിടം മുതല്‍ അവിടം വരെയേ ചെല്ലാവൂ എന്ന സംവിധായകന്റെയും ക്യാമറാമാന്റെയും നിര്‍ദേശം നമ്മുടെ മനസിലുണ്ടായിരിക്കും. പക്ഷെ കഥയിലെ സാഹചര്യവും കഥാപാത്രത്തിന്റെ മാനസികാവസ്ഥയും കൂടി മനസിലുണ്ടായിരിക്കും. ആ രണ്ടും കൂടി അവിടെ ഒന്നു ചേര്‍ന്ന് സംഭവിക്കും. അത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ എനിക്ക് കൃത്യം ഉത്തരം പറയാനാകില്ല.

മറ്റൊരു കാര്യം കൂടിയുണ്ട്, അഭിനയം തീര്‍ച്ചയായും വളരെ റിസ്‌ക് നിറഞ്ഞ പരിപാടിയാണ്. ആദ്യമായി അഭിനയിക്കുമ്പോള്‍ പ്രശ്നമില്ല, പക്ഷെ രണ്ടാം സിനിമ തൊട്ട് ഓരോ അഭിനേതാവും സ്വയം ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ, ഒരാള്‍ക്ക് എത്ര വെറൈറ്റി ചെയ്യാന്‍ കഴിയും, പരിധിയുണ്ടാകുമല്ലോ.

പ്രകടമല്ലാത്ത രീതിയില്‍ ക്രൂരത കാണിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലേതു പോലുള്ള കഥാപാത്രങ്ങള്‍ സുരാജ് അനായാസമായി അവതരിപ്പിക്കാറുണ്ടല്ലോ. എങ്ങനെയാണ് അത് സാധ്യമാകുന്നത്?

സാഹചര്യം കൃത്യമായി ബോധ്യപ്പെടുത്താനായാല്‍ പിന്നെ, കയ്യില്‍ തോക്കും പിടിച്ചിരിക്കുന്ന ഒരു സീനില്‍ നിന്നെ ഞാന്‍ കൊല്ലുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒന്നും പറഞ്ഞില്ലെങ്കിലും ആ ഇമോഷന്‍ പ്രേക്ഷകര്‍ക്ക് മനസിലാകും.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ഹോട്ടല്‍ രംഗം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതില്‍ നിന്നാണ് സിനിമയിലേക്ക് പകര്‍ത്തിയത്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്നു എന്നൊക്കെയേ തോന്നുകയുള്ളു. പക്ഷെ ഭാര്യയോട് രൂക്ഷമായി സംസാരിച്ചാണ് ഞാന്‍ അന്ന് കണ്ട ആ മനുഷ്യന്‍ പോയിരുന്നത്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ റസ്റ്ററന്‍റ് സീന്‍

പുറത്തു പോകുന്ന സമയത്ത് മക്കളോ സുഹൃത്തുക്കളോ കുറച്ച് ഓവറാകുന്നുവെന്ന് തോന്നിയാല്‍ നമ്മള്‍ അടക്കിയിരുത്താന്‍ ശ്രമിക്കുന്ന രീതിയുണ്ടല്ലോ. അധികം ശബ്ദമുയര്‍ത്താതെ അടക്കിപ്പിടിച്ച് പറയുന്ന രീതി. അതും ആ സീനില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെ കയ്യടി വാങ്ങിക്കൂട്ടിയ താരമാണ് സുരാജ്. ഇപ്പോള്‍ അത്തരം സ്‌റ്റേജ് പരിപാടികള്‍ മിസ് ചെയ്യാറുണ്ടോ? കാണികളുടെ ലൈവ് റെസ്‌പോണ്‍സുകള്‍ കാണാന്‍ ആഗ്രഹം തോന്നാറുണ്ടോ? തിയേറ്ററുകളില്‍ നിന്നും കാണികളുടെ പ്രതികരണം അറിയാന്‍ ശ്രമിക്കാറുണ്ടോ?

തിയേറ്ററുകളില്‍ പോയി തന്നെയാണ് സിനിമകള്‍ കാണാന്‍ ശ്രമിക്കാറുള്ളത്. എല്ലാ സിനിമകളും റിലീസ് ദിവസം ആദ്യ ഷോ കാണാനാണ് ഇഷ്ടം. പരമാവധി അങ്ങനെ ചെയ്യാന്‍ ശ്രമിക്കാറുമുണ്ട്. ഞാന്‍ അഭിനയിച്ച സിനിമകളാകുമ്പോള്‍ ചങ്കിടിപ്പ് കൂടും. അല്ലാത്തവക്ക് ആ പ്രശ്‌നമില്ല.

ഇപ്പോള്‍ സ്‌റ്റേജ് പരിപാടികളില്ലാത്തതിന്റെ കുറവ് സിനിമാ സെറ്റിലാണ് തീര്‍ക്കാറുള്ളത്. മൈക്കില്‍ പാട്ട് പാടിയും ശബ്ദങ്ങള്‍ അനുകരിച്ചും ബീറ്റ്‌ബോക്‌സ് ചെയ്തുമെല്ലാം ഞാന്‍ ആഘോഷമാക്കാറുണ്ട്. അവിടെ നിന്ന് ലൈവ് റെസ്‌പോണ്‍സും കിട്ടും.

കൊവിഡ് കാലത്തിന് ശേഷമുള്ള മലയാള സിനിമ ആഭ്യന്തര തലത്തിലും ആഗോളതലത്തിലും വലിയ ശ്രദ്ധയാണ് നേടിയെടുത്തത്. ഈ നാളുകളെ കുറിച്ച് എന്താണ് പറയാനുള്ളത്?

ഒരു തരത്തില്‍ മലയാള സിനിമയുടെ ഏറ്റവും മികച്ച സമയങ്ങളിലൊന്നായിരുന്നു കൊവിഡ് കാലം. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും സീ യു സൂണും തിങ്കളാഴ്ച നിശ്ചയവും പോലുള്ള ഒരുപാട് സിനിമകള്‍ ഒ.ടി.ടിയില്‍ വരികയും അനേകായിരും മനുഷ്യരിലേക്ക് എത്തുകയും ചെയ്തു. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അത് ഏറെ വിലപ്പെട്ടതാണ്.

ദശമൂലം ദാമു

ദശമൂലം ദാമു ഇന്നും ട്രോളുകളില്‍ സജീവമായി നിറഞ്ഞുനില്‍ക്കുകയാണ്. കേരളവും ഇന്ത്യയുമെല്ലാം കടന്ന് ആഗോളതലത്തിലാണ് ഇന്ന് ദശമൂലം ദാമുവിന്റെ സ്ഥാനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്ത ഒരു സിനിമയിലെ ജനപ്രീതി നേടിയ കോമഡി കഥാപാത്രം വീണ്ടും ആഘോഷിക്കപ്പെടുകയും പുതിയ രീതിയിലും ഭാവത്തിലും അവതരിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴുള്ള സന്തോഷം എത്രത്തോളമാണ്?

വലിയ സന്തോഷം തന്നെയാണത്. അന്ന് ചെയ്യുമ്പോള്‍ മീമുകളായും റിയാക്ഷനുകളായും ദശമൂലം ദാമു പിന്നീട് എന്നെങ്കിലും വരുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിക്കുന്നില്ലല്ലോ. ദശമൂലം ദാമുവിന് ഇന്ന് ലഭിക്കുന്ന സ്വീകാര്യതക്ക് എല്ലാം നന്ദിയും പറയാനുള്ളത് ട്രോളന്മാരോടാണ്. ‘ഞാന്‍ ആരോടും പറയില്ല’ എന്ന റിയാക്ഷന്‍ കൃത്യം സ്ഥലത്ത് അവര്‍ പ്രയോഗിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്.

റോയ്‌യിലെ സെല്‍വി എന്ന കഥാപാത്രം വഴി പറഞ്ഞു തരുന്നത് കേള്‍ക്കുന്ന ഏറെ പ്രധാനപ്പെട്ട സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ‘ദശമൂലത്തിലുണ്ടായ ഒരു റോയ്‌യെ’ തമാശയായി അവതരിപ്പിച്ച് കാണിച്ചിരുന്നു (അനുകരിച്ച് കാണിച്ച് ചിരിക്കുന്നു)

റിലീസിന് കാത്തിരിക്കുന്ന പുതിയ പ്രോജക്ടുകള്‍ ഏതെല്ലാമാണ്?

എന്തുകൊണ്ടാണ് കോമഡി ചെയ്യാത്തത് എന്ന് ഒരുപാട് പേര്‍ എന്നോട് ചോദിച്ചിരുന്നു. കോമഡി മിസ് ചെയ്യുന്നുവെന്നും പലരും പറഞ്ഞിട്ടുണ്ട്. അവര്‍ക്കെല്ലാം വേണ്ടി ഒരു മുഴുനീള കോമഡി ചിത്രവുമായാണ് അടുത്തതായി ഞാന്‍ വരുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ‘എന്നാലും എന്റളിയാ’ ആണ് ആ ചിത്രം.

ചിത്രത്തിന് ആദ്യം വേറെ പേരായിരുന്നു, പക്ഷെ ലിസ്റ്റിന്‍ മാറ്റുകയായിരുന്നു. (ലവ് ജിഹാദ് എന്ന പേരില്‍ ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നു). ഞാനും സിദ്ദിഖേട്ടനുമെല്ലാമുള്ള ഒരു ചെറിയ തകര്‍പ്പന്‍ കോമഡി ചിത്രമാണ്. ജനുവരി ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എല്ലാവരും രണ്ട് മണിക്കൂര്‍ നിര്‍ത്താതെ ചിരിക്കാന്‍ വേണ്ടി തയ്യാറായിക്കോളൂ.

Content Highlight: Suraj Venjaramoodu Interview

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more