| Saturday, 20th July 2024, 7:41 pm

ഭക്ഷണത്തെ രതിയായി കാണുന്ന മറ്റൊരാള്‍; നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്

വി. ജസ്‌ന

പണത്തിനോടോ മദ്യത്തിനോടോ പെണ്ണിനോടോ താത്പര്യമില്ലാത്ത യുവാവാണ് നാഗേന്ദ്രന്‍. പിന്നെ അയാള്‍ക്ക് എന്തിനോടായിരുന്നു താത്പര്യം? ഭക്ഷണത്തോട് മാത്രം താത്പര്യമുള്ള ആളാണ് അയാളെന്ന് വേണം പറയാന്‍. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യുന്ന ഏറ്റവും പുതിയ സീരീസിലെ കഥാപാത്രമാണ് ഈ നാഗേന്ദ്രന്‍.

ജോലിയും കൂലിയും ഇല്ലാത്ത ഇയാള്‍ പ്രായമായ അമ്മ ജോലി ചെയ്തു കൊണ്ട് വരുന്ന പണം കൊണ്ടാണ് ജീവിക്കുന്നത്. മുറിയിലേക്ക് വെയില്‍ അടിക്കുമ്പോള്‍ എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങുന്ന നാഗേന്ദ്രന്‍ വേലിക്ക് അപ്പുറത്തുള്ള വഴിയിലൂടെ ജോലിക്ക് പോകുന്നവരെ കാണുമ്പോള്‍ പുച്ഛിക്കുന്നത് കാണാം.

പലപ്പോഴും കൂട്ടുകാര്‍ തനിക്ക് നേരെ നീട്ടുന്ന മദ്യവും സിഗരറ്റും ഇയാള്‍ ഒരു മടിയുമില്ലാതെ വേണ്ടെന്ന് പറയുന്നുമുണ്ട്. കുവൈറ്റില്‍ നിന്ന് വന്ന സുഹൃത്ത് മദ്യം കുടിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഒരിറക്ക് മാത്രം കുടിച്ച് ഇഷ്ടമാകാതെ അയാളത് മുന്നിലെ ടേബിളിലേക്ക് വെയ്ക്കുകയാണ്.

തനിക്ക് കുവൈറ്റിലേക്ക് പോകാനുള്ള പണം കണ്ടെത്താനായി തുടര്‍ച്ചയായി വിവാഹം കഴിക്കുന്ന നാഗേന്ദ്രനെ കുറിച്ചാണ് ഈ സീരീസിലൂടെ പറയുന്നത്. എന്നാല്‍ തന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്ന സ്ത്രീകളോടൊന്നും ഒരു താത്പര്യവും നാഗേന്ദ്രന് തോന്നുന്നില്ല. മുറപ്പെണ്ണ് വിവാഹ കാര്യം പറയുമ്പോള്‍ ഒരു വിവാഹം ചെയ്ത് തന്റെ സമാധാനം കളയാന്‍ വയ്യെന്ന് പറയുന്നതിലൂടെയും തന്നെ വീട്ടിലേക്ക് വിളിക്കുന്ന സ്ത്രീയോട് പോ പെണ്ണേ എന്ന് പറയുന്നതിലൂടെയും അത് വ്യക്തമാണ്.

ഓരോ വിവാഹവും കഴിഞ്ഞ് സ്ത്രീധനമായി ലഭിക്കുന്ന പണവും പണ്ടവും നാഗേന്ദ്രന്‍ പൂര്‍ണമായും എടുക്കുന്നില്ല. പകരം അതിന്റെ ചെറിയ പങ്ക് ആ സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. അതിലൂടെ അയാള്‍ക്ക് പണത്തോട് ആര്‍ത്തിയില്ലെന്ന കാര്യവും വ്യക്തമാണ്. അപ്പോള്‍ പിന്നെ പണത്തിന് വേണ്ടിയല്ലേ നാഗേന്ദ്രന്‍ വിവാഹം കഴിക്കുന്നതെന്ന് തോന്നാം!.

കുവൈറ്റില്‍ പോകാനുള്ള പണം കണ്ടെത്താനാണ് അയാള്‍ തുടര്‍ച്ചയായി വിവാഹങ്ങള്‍ കഴിക്കുന്നത്. പണക്കാരനായി വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വന്ന സുഹൃത്തിനെ കണ്ടാണ് നാഗേന്ദ്രനും കടല് കടക്കാനുള്ള ആഗ്രഹം തോന്നുന്നത്. അത് കുവൈറ്റില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ തനിക്ക് ലഭിക്കുന്ന ബഹുമാനമോ സമ്പത്തോ ഓര്‍ത്തിട്ടല്ല.

പ്രായമായ അമ്മ തനിക്ക് ചൂടാക്കി വെച്ച വെള്ളം കുളിമുറിയിലേക്ക് കൊണ്ടുവെക്കാത്തതില്‍ പിറുപിറുക്കുന്ന മകനാണ് അയാള്‍. അപ്പോള്‍ പിന്നെ കുവൈറ്റില്‍ പോയി പണക്കാരനായി അമ്മയെ നോക്കണം എന്നാണ് അയാളുടെ ആഗ്രഹമെന്നും പറയാന്‍ സാധിക്കില്ല. കടല് കടന്നാല്‍ പിന്നെയുള്ള കാലം അവിടെ ജീവിക്കാമെന്ന് കൂട്ടുക്കാരന്‍ പറയുമ്പോള്‍ അയാള്‍ എതിര്‍പ്പ് കാണിക്കത്തതില്‍ നിന്ന് അതും വ്യക്തമാണ്.

അയാള്‍ക്ക് ആകെ വിധേയത്വമുള്ളത് ഭക്ഷണത്തോട് മാത്രമാണ്. ഭക്ഷണം കഴിക്കാനായി ചായകടയിലേക്ക് പോകുന്ന നാഗേന്ദ്രന്‍ പണമില്ലാത്തത് കൊണ്ട് വീട്ടില്‍ നിന്ന് കോഴിമുട്ടയുമായാണ് പോകുന്നത്. അയാളെ അന്വേഷിക്കുന്ന കൂട്ടുകാരനോട് ഭക്ഷണം കഴിക്കാന്‍ എത്തുന്ന ആളുകളെ നോക്കി കൊതി വിടുന്ന നാഗേന്ദ്രനെ കുറിച്ചാണ് ആ ചായക്കടക്കാരന്‍ പറയുന്നത്.

തന്നോടൊപ്പം വരാന്‍ മടിച്ചു നില്‍ക്കുന്ന നാഗേന്ദ്രനോട് കൂട്ടുക്കാരന്‍ കോഴിക്കറി കൂട്ടി ചോറ് കഴിക്കാമെന്ന് പറയുന്നു. അത് കേട്ടതും ഉറക്ക ചടവോടെ ഇരിക്കുന്ന നാഗേന്ദ്രന്റെ മുഖത്ത് ആര്‍ത്തി നിറയുന്നത് കാണാം. പിന്നീടങ്ങോട്ട് ഭക്ഷണം കാണുമ്പോഴും ഭക്ഷണത്തെ കുറിച്ച് കേള്‍ക്കുമ്പോഴുമൊക്കെ ഇതേ ആര്‍ത്തി അയാളില്‍ ഉണ്ടാകുന്നുണ്ട്. ആ ഭാവം പണത്തിനും പെണ്ണിനും മദ്യത്തിനും മുന്നില്‍ ഉണ്ടാകുന്നില്ല. കൂട്ടുക്കാരന്‍ കുവൈറ്റിലേക്ക് പോകുന്ന കാര്യം പറയുമ്പോള്‍ വെയിലും പൊടിയും കൊള്ളാതെ ജോലി ചെയ്യാമെന്ന് പറയുന്നിടത്ത് കാണാത്ത ആര്‍ത്തി, അവിടുന്ന് ലഭിക്കുന്ന ശാപ്പാടിനെ കുറിച്ച് പറയുമ്പോള്‍ നാഗേന്ദ്രനില്‍ കാണാം.

പുതിയ നാട്ടില്‍ എത്തുമ്പോള്‍ അവിടുത്തെ ചായക്കടയിലെ ചില്ലുകൂട്ടില്‍ കാണുന്ന ഭക്ഷണത്തിലേക്ക് നാഗേന്ദ്രന്‍ കൊതിയോടെ നോക്കുന്നുണ്ട്. പിന്നീട് താന്‍ പെണ്ണുകാണാന്‍ പോകുന്ന വീടുകളിലെ പലഹാരങ്ങളിലേക്കാണ് അയാളുടെ ശ്രദ്ധ മുഴുവന്‍ എത്തുന്നത്. മുന്നിലെത്തിയ സ്ത്രീകളിലേക്ക് അയാള്‍ നോക്കുന്നത് അതിന് ശേഷമാണ്. താന്‍ അവസാനമായി കാണുന്ന പെണ്ണുകാണല്‍ ചടങ്ങില്‍ മാത്രമാണ് നാഗേന്ദ്രന്‍ മുന്നിലെ പലഹാരത്തിലേക്ക് നോക്കാതെ പെണ്‍കുട്ടിയിലേക്ക് നോക്കുന്നത്.

ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്ന ടാഗ് ലൈനോടെ വന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എന്ന ഈ സീരീസില്‍ ഉടനീളം അയാള്‍ക്ക് ഭക്ഷണത്തോടുള്ള കൊതിയെ കുറിച്ചും പറയുന്നത് കാണാം. നാഗേന്ദ്രന് ഭക്ഷണത്തോടുള്ള താത്പര്യം സംവിധായകന്‍ കൃത്യമായി കാണിക്കുന്നുമുണ്ട്. പണത്തിനോടോ മദ്യത്തിനോടോ പെണ്ണിനോടോ വിധേയത്വമില്ലാത്ത അയാള്‍ക്ക് ഭക്ഷണത്തോടുള്ള രതിയെ കുറിച്ചാണ് സീരീസില്‍ ഉടനീളം കാണിക്കുന്നത്. മുമ്പ് ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ സാള്‍ട്ട് ഏന്‍ഡ് പെപ്പറിലെ ഭക്ഷണപ്രിയനായ കാളിദാസനെയും ഭക്ഷണത്തെ രതിയായി കാണുന്ന ഒരാളായി പലരും വിശേഷിപ്പിച്ചിരുന്നു. ഇവിടെ നാഗേന്ദ്രനും കാളിദാസനെ പോലെ ഭക്ഷണത്തെ രതിയായി കാണുന്ന ഒരാള്‍ തന്നെയാണ്.

Content Highlight: Suraj Venjaramoodu In Nagendran’s Honeymoons Movie

വി. ജസ്‌ന

ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more