| Monday, 13th February 2023, 9:36 am

ആ സിനിമ എന്റെ അവസാനത്തെ ത്രില്ലര്‍, ഇനി ചെയ്യാനില്ല: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് സോണി ലിവില്‍ റിലീസായ ത്രില്ലര്‍ ചിത്രമായിരുന്നു റോയ്. സുനില്‍ ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ സുരാജിന്റെ പ്രകടനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

റോയി സിനിമ കഴിഞ്ഞതോടെ ഇനി ത്രില്ലര്‍ ചിത്രങ്ങള്‍ ചെയ്യാനില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. ഒരേ പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് മടുപ്പുണ്ടാക്കുമെന്നും, പൊലീസ് വേഷങ്ങളും, ത്രില്ലര്‍ സിനിമകളും ഒരുപാട് ചെയ്‌തെന്നും, തല്‍ക്കാലം നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് നടന്‍ തന്റെ അഭിപ്രായം പറഞ്ഞത്.

ഒരേ രീതിയിലുള്ള വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നുണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന അവതാരകരന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം

‘പൊലീസ് വേഷം കുറച്ചധികം സിനിമകളില്‍ ചെയ്തിട്ടുണ്ട്.അടുപ്പിച്ച് രണ്ട് മൂന്നെണ്ണം ആയത് കൊണ്ട് ഞാന്‍ തീരുമാനിച്ചു ഇനി ചെയ്യേണ്ടെന്ന്.
കുറേ പോലീസ് വേഷങ്ങള്‍ ഇപ്പോള്‍ വന്ന് കഴിഞ്ഞില്ലെ. മമ്മുക്കയും ഈയിടക്ക് പറയുന്നത് കേട്ടു. ഒരുപാട് പൊലീസ് വേഷം അദ്ദേഹത്തിന് വരുന്നുണ്ടെന്ന്. ഒരു വേഷം അങ്ങ് ക്ലിക്കാവുമ്പോള്‍ വീണ്ടും പൊലീസ് തന്നെ. തല്‍ക്കാലം അതിപ്പോ ഞാന്‍ നിര്‍ത്തി. അതോടൊപ്പം ത്രില്ലറും. ത്രില്ലര്‍ കുറേ ആയില്ലേ,’ സുരാജ് പറഞ്ഞു.

മലയാള സിനിമയില്‍ ഹാസ്യ നടനായി തുടങ്ങിയ താരം പിന്നീട് മികച്ച ക്യാരക്ടര്‍ റോളുകളിലൂടെയും ശ്രദ്ധനേടിയിരുന്നു. വികൃതി,ഡ്രൈവിംഗ് ലൈസന്‍സ്,പേരറിയാത്തവന്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ജന ഗണ മന എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു.

ബാഷ് മുഹമ്മദിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന എന്നാലും ന്റളിയായാണ് സുരാജ് നായകനായെത്തിയ അവസാന ചിത്രം. സിദ്ദീഖ്, മീരാ നന്ദന്‍, ലെന, ഗായത്രി അരുണ്‍, സുദീര്‍ പറവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: suraj venjaramoodu comment on his roles in malayalam movies

We use cookies to give you the best possible experience. Learn more