Entertainment news
കോമഡിയും സീരിയസും മാത്രമല്ല റൊമാന്‍സും ഇവിടെ വഴങ്ങും, സുരാജിന്റെ പുത്തന്‍ ഭാവങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 09, 11:21 am
Monday, 9th January 2023, 4:51 pm

ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത് ജനുവരി ആറിന് തിയേറ്ററുകളിലെത്തിയ സിനിമയാണ് ‘എന്നാലും ന്റളിയാ. ചിരിയിലൂടെ കഥ പറഞ്ഞ സിനിമയായിരുന്നു ഇത്. ചിത്രത്തില്‍ നായകനും നായികയുമായി എത്തുന്നത് സുരാജ് വെഞ്ഞാറമൂടും ഗായത്രി അരുണുമാണ്. ഇരുവരുടെയും റൊമാന്റിക് രംഗങ്ങള്‍ സിനിമക്ക് നല്‍കുന്ന ഭംഗി എടുത്തു പറയേണ്ടതുണ്ട്.

പലപ്പോഴും സുരാജിനെ മലയാളി പ്രേക്ഷകര്‍ കണ്ടിട്ടുള്ളത് ഹാസ്യ രംഗങ്ങളിലും സീരിയസ് കഥാപാത്രങ്ങളിലൂടെയുമൊക്കെയാണ്. എന്നാല്‍ അടുത്തിടയായി താരം ചെയ്യുന്ന സിനിമകളില്‍ ചെറിയ രീതിയിലെങ്കിലും റൊമാന്റിക് രംഗങ്ങള്‍ കടന്നു വരാറുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട സിനിമയാണ് എന്നാലും ന്റളിയാ.

ബാലകൃഷ്ണന്‍ എന്ന ബാലുവായിട്ടാണ് സുരാജ് സിനിമയിലെത്തുന്നത്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷമായിട്ടും കുട്ടികളുണ്ടാവാത്ത ദമ്പതികളാണ് ബാലുവും ലക്ഷ്മിയും. സിനിമയില്‍ ലക്ഷ്മിയായെത്തുന്നത് ഗായത്രി അരുണാണ്. സിനിമയുടെ ആരംഭത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.

ആദ്യത്തെ കുറച്ച് സീനുകള്‍ക്ക് ശേഷം വരുന്ന പാട്ട് രംഗത്തിലെ ഇരുവരുടെയും പ്രകടനം മികച്ചതായിരുന്നു. ഒട്ടും പൈങ്കിളി കലരാതെ യാഥാര്‍ത്ഥ്യത്തിന്റെ ചുവട് പിടിച്ചായിരുന്നു ആ രംഗങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. എട്ട് വര്‍ഷത്തെ ദാമ്പത്ത്യത്തിന്റെ ഭംഗി മുഴുവന്‍ അതില്‍ കാണാന്‍ കഴിയുമായിരുന്നു. ഇതുവരെ കാണാത്ത സുരാജിന്റെ മറ്റൊരു മുഖവും ഈ സിനിമയില്‍ നമുക്ക് കാണാന്‍ കഴിയും. തുടക്കം പറഞ്ഞതുപോലെ ഇരുവരുടെയും കെമിസ്ട്രി മനോഹരമായിരുന്നു.

ആദ്യം പുറത്തിറങ്ങിയ ടീസറിലെ ഭാഗമാണ് എടുത്ത് പറയേണ്ട മറ്റൊന്ന്. ആ സീനിനെ രൂപപ്പെടുത്തിയിരിക്കുന്ന രീതിയും ഇരുവരുടെയും സംഭാഷണങ്ങളും അത് ഡെലിവെറി ചെയ്തിരിക്കുന്ന രീതിയുമൊക്കെ വളരെ സ്വാഭാവികമായി തന്നെ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. റൊമാന്‍സിനപ്പുറത്തേക്ക് ഇമോഷണല്‍ രംഗങ്ങളും ഇത്തരത്തില്‍ മികച്ചതാണ്.

ലക്ഷ്മിയും ബാലുവും ഒരുമിച്ച് വരുന്ന സീനുകളൊക്കെ പ്രേക്ഷകര്‍ക്ക് വളരെ സ്വാഭാവികമായി തന്നെ തോന്നും. അഭിനയിക്കുകയാണെന്ന തോന്നല്‍ സമ്മാനിക്കാതെയാണ് അത്തരം രംഗങ്ങള്‍ ബില്‍ഡ് ചെയ്തിരിക്കുന്നത്. സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ കണ്ട് സുരാജിന്റെ കോമഡി കാണാമെന്ന് വിചാരിച്ച് പോകുന്നവര്‍ക്ക് ഇതെല്ലാം കൂടിച്ചേര്‍ന്ന സുരാജിനെയാണ് കാണാന്‍ കഴിയുക.

content highlight: suraj venjaramoodu character in ennalu entaliya