| Wednesday, 11th September 2024, 5:06 pm

അയ്യപ്പനും കോശിക്കും ശേഷം 'തെക്ക് വടക്ക്' നിന്ന് തല്ലുകൂടാന്‍ വിനായകനും സുരാജുമെത്തുന്നു; ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ഈ സിനിമയുടെ ടീസറും ഫസ്റ്റ് ലുക്കുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തെക്ക് വടക്കിന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

രണ്ട് മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവന്നത്. ഇതോടെ ഈ സിനിമയുടെ മേലുള്ള പ്രതീക്ഷകള്‍ വര്‍ധിക്കുകയാണ്. വിനായകന്‍ എഞ്ചിനീയര്‍ മാധവനായും സുരാജ് അരി മില്ലുടമ ശങ്കുണ്ണിയുമായാണ് എത്തുന്നത്. ഇരുകഥാപാത്രങ്ങളും തമ്മിലുള്ള മുപ്പത് വര്‍ഷത്തെ വൈരാഗ്യത്തെ കുറിച്ചാണ് ട്രെയ്‌ലറില്‍ പറയുന്നത്.


അടുത്ത അയ്യപ്പനും കോശിയുമെന്ന തരത്തിലുള്ള കമന്റുകളും ട്രെയ്‌ലറിന് താഴെ വരുന്നുണ്ട്. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ എസ്. ഹരീഷിന്റെ ‘രാത്രി കാവല്‍’ എന്ന കഥയെ ആസ്പദമാക്കിയാണ്. അന്‍ജന ഫിലിപ്പിന്റേയും വി.എ. ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള അന്‍ജന – വാര്‍സാണ് നിര്‍മാണം.

മെല്‍വിന്‍ ജി. ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി നൂറോളം അഭിനേതാക്കള്‍ സിനിമയിലുണ്ട്. ആര്‍.ഡി.എക്സിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സാം സി.എസ് ആണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡി.ഒ.പി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍.

Content Highlight: Suraj Venjaramoodu And Vinayakan’s Thekku Vadakku Movie Trailer Out Now

We use cookies to give you the best possible experience. Learn more