Entertainment
ജന ഗണ മനയുടെ സെക്കന്‍ഡ് പാര്‍ട്ടിനെക്കുറിച്ച് ചോദിക്കാന്‍ വേണ്ടി വിളിച്ചാല്‍ അയാള്‍ ഫോണെടുക്കാറില്ല: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 11, 04:57 pm
Tuesday, 11th June 2024, 10:27 pm

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ സിനിമയാണ് ജന ഗണ മന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്. സിനിമയുടെ സെക്കന്‍ഡ് പാര്‍ട്ട് ഉടനെയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

രണ്ടാം ഭാഗം മിക്കവാറും ഉണ്ടാകുമെന്നും എന്നാല്‍ അത് എപ്പോഴാണെന്നറിയാന്‍ വേണ്ടി ലിസ്റ്റിന്‍ സ്റ്റീഫനെ വിളിച്ചാല്‍ അയാളിപ്പോള്‍ ഫോണെടുക്കാറില്ലെന്നും സുരാജ് പറഞ്ഞു. താരത്തിന്റെ പുതിയ ചിത്രമായ ഗ്ര്‍ര്‍ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവീ വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.

‘ജന ഗണ മനയുടെ സെക്കന്‍ഡ് പാര്‍ട്ടിന് വേണ്ടി ഞാനും വെയിറ്റ് ചെയ്യുന്നുണ്ട്. ഡിജോയാണ് അതിന്റെ മെയിന്‍ ആള്. സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞോ എന്ന് എനിക്കറിയില്ല. കുറെയായി ഞാന്‍ അവനെ വിളിച്ചിട്ട്. എനിക്ക് കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുന്ന ഒരാള്‍ ലിസ്റ്റിനാണ്. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ചൊരു സിനിമ നിര്‍മിക്കുന്നുണ്ട്. അതിന്റെ തിരക്കിലാണ്.

പക്ഷേ ജന ഗണ മനയുടെ സെക്കന്‍ഡ് പാര്‍ട്ടിനെക്കുറിച്ച് ചോദിക്കാന്‍ വേണ്ടി ഫോണ്‍ ചെയ്യുമ്പോള്‍ പുള്ളിക്കാരന്‍ ഫോണെടുക്കാറില്ല. പിന്നീട് ഫോണ്‍ വിളിക്കുന്ന സമയത്ത് ഞാന്‍ ആ കാര്യം മറക്കുകയും ചെയ്യും. എപ്പോഴായാലും ആ സിനിമ ഉണ്ടാകുമെന്ന് മാത്രമേ എനിക്കറിയുള്ളൂ. ബാക്കി വിവരമൊന്നും എനിക്കറിയില്ല,’ സുരാജ് പറഞ്ഞു.

Content Highlight: Suraj Venjaramoodu about the second part of Jana Gana Mana