രതീഷ് പൊതുവാള്‍ തിരക്കഥ എഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് മദനോത്സവം. ചിത്രത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുത്തതിനെ കുറിച്ച് പറയുകയാണ് സുരാജ്. രതീഷിന്റെ സിനിമകളിലൊക്കെ നാട്ടിലുള്ളവരെ തന്നെയാണ് പലപ്പോഴും അഭിനയിക്കാന്‍ വിളിക്കുന്നതെന്ന് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സുരാജ് പറഞ്ഞു.
‘മദനോത്സവത്തില്‍ പഴയ സുരാജാണെന്ന് ഒന്നും പറയാന്‍ പറ്റില്ല. പഴയ സിനിമകളില്‍ പറയുന്ന പോലെയുള്ള തമാശയൊന്നുമല്ല ഇവിടെ പറയുന്നത്. പുതിയ കഥാപാത്രം തന്നെയാണത്. ഒരുപാട് ഷെയ്ഡ്‌സുള്ള കഥാപാത്രം കൂടിയാണത്.
രതീഷ് പൊതുവാളിന്റെ എല്ലാ സിനിമകളിലും നാട്ടുമ്പുറത്തെ ഒരു ഗ്യാങ്ങുണ്ടാകും. രതീഷിനെ സംബന്ധിച്ച് പുതിയൊരാള്‍ എന്നുപറയുന്നത് ഒന്നെങ്കില്‍ ഞാന്‍ അല്ലെങ്കില്‍ ചാക്കോച്ചന്‍ അങ്ങനെ മാത്രമാണ്. ബാക്കി എല്ലാവരും അവിടെ തന്നെയുള്ള കഥാപാത്രങ്ങളാണ്.
സിനിമയില്‍ രാഷ്ട്രീയ നേതാവായി അഭിനയിച്ചിരിക്കുന്ന അദ്ദേഹം യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയക്കാരന്‍ തന്നെയാണ്. അതുപോലെ അദ്ദേഹം ഒരു നാടകക്കാരന്‍ കൂടിയാണ്. അങ്ങനെ അവിടെയുള്ള ഒരുപാട് ആളുകളെ രതീഷ് കാസ്റ്റ് ചെയ്തു.
അവസാനം അമ്മായി എന്ന കഥാപാത്രം ചെയ്യാന്‍ മാത്രം ആളെ കിട്ടിയില്ല. അങ്ങനെ ഞങ്ങള്‍ കുറേ ടെന്‍ഷനടിച്ചു. ഷൂട്ടിങ് തുടങ്ങുന്നതിന് നാലഞ്ച് ദിവസത്തിന് മുമ്പാണ് ചേട്ടാ അമ്മായിയെ കിട്ടിയെന്ന് പറഞ്ഞ് രതീഷ് വന്നത്. ആരാണെന്ന് ഞാന്‍ ചോദിച്ചു, കുടുംബശ്രീയിലെ ഹെഡായിട്ട് വര്‍ക്ക് ചെയ്യുന്ന ചേച്ചിയാണെന്നും അവന്‍ പറഞ്ഞു,’ സുരാജ് പറഞ്ഞു.
content highlight: suraj venjaramoodu about ratheesh balakrisshna poduval