|

ധ്രുവത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് മമ്മൂക്കയുടെ പിറകെ കുറേ നടന്നു, പക്ഷെ ആ കാര്യം സാധിച്ചില്ല; ലാലേട്ടനെ കാണാന്‍ വേണ്ടി സ്‌പോണ്‍സറോട് നുണ പറഞ്ഞു; രസകരമായ കഥ പറഞ്ഞ് സുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ എത്തുന്നതിന് മുമ്പ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കാണാന്‍ ശ്രമിച്ചതിന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പഴയകാല കഥകള്‍ താരം പങ്കുവെച്ചത്.

”ലാലേട്ടനും മമ്മൂക്കയും എന്ന് പറഞ്ഞാല്‍ എനിക്ക് ഭയങ്കര വികാരമാണ്. ഞാന്‍ സിനിമയിലേക്ക് വരാനുള്ള കാരണക്കാരും അവര് തന്നെയാണ്. അതുപോലെ അമ്പിളി ചേട്ടന്‍.

ലാലേട്ടനും മമ്മൂക്കയുമൊത്ത് ഒരു ഫോട്ടോ എടുക്കണം എന്നുള്ളതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ഒരിക്കലും സിനിമയിലെത്തുമെന്ന് മുന്‍കൂട്ടി പറയാന്‍ പറ്റില്ലല്ലോ.

ഞാന്‍ വെഞ്ഞാറമൂട്ടില്‍ എന്റെ മിമിക്രിയുമായി അത്യാവശ്യം കുഴപ്പമില്ലാതെ പോയ്‌ക്കൊണ്ടിരിക്കയായിരുന്നു. ട്രൂപ്പില്‍ എന്റെ കൂടെ മൂന്നുനാല് പയ്യന്മാരുണ്ട്.

അങ്ങനെ ഗുരു എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ലാലേട്ടന്റെയും മറ്റ് ആര്‍ടിസ്റ്റുകളുടെയും ഫോട്ടോ വെച്ച് ആല്‍ബമുണ്ടാക്കി. ഞാനെവിടെയൊക്കെ പോകുന്നോ അവിടെയൊക്കെ ഇത് കൊണ്ടുവന്ന് കാണിക്കും.

ഓരോ സ്ഥലത്തെത്തുമ്പോഴും ആളുകള്‍ ചോദിക്കും,’എടാ ഇത് കണ്ടില്ലേ, അവര് സിനിമയിലൊക്കെ എത്തി, നീ മിമിക്രി കളിച്ച് നടന്നോ,’ എന്നൊക്കെ. അങ്ങനെ സിനിമയിലെത്തണമെന്നൊന്നും സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെങ്കിലും ഇവരുടെ കൂടെ ഫോട്ടോയെടുക്കണമല്ലോ എന്ന് വിചാരിച്ചു.

ആദ്യം മമ്മൂക്കയുടെ പിറകെ ധ്രുവം സിനിമയുടെ ഷൂട്ടിങ്ങിന്റെയൊക്കെ സമയത്ത് നടന്നു, ഫോട്ടോയെടുപ്പ് നടന്നില്ല. ദൂരെയൊക്കെ പോയി നിന്നെങ്കിലും കാണാന്‍ പറ്റിയില്ല. അങ്ങനെ ലാലേട്ടനൊപ്പം ഫോട്ടോ എടുക്കണമെന്നുള്ള ആഗ്രഹത്തില്‍ നടക്കുന്ന സമയത്ത് 2001ലോ 2002ലോ ഒരു യു.എസ് ട്രിപ്പ് കിട്ടി. ഒരാഴ്ചത്തെ പ്രോഗ്രാമായിരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍, തിരുവനന്തപുരത്തുള്ള നന്ദു ചേട്ടന്‍ വിളിച്ചിട്ട് പറഞ്ഞു, ‘ഡാ ലാലേട്ടന്റെ കൂടെ ഒരു ഷോ ഉണ്ട് സിംഗപ്പൂരില്‍. നിനക്ക് വരാന്‍ പറ്റുമോ എന്ന് ചോദിച്ചു’. ഞാന്‍ ഓ റെഡി എന്ന് പറഞ്ഞു. ഞാന്‍ സ്‌പോണ്‍സറുടെ അടുത്ത്, ‘എനിക്ക് അര്‍ജന്റായി വീട്ടില്‍ പോണം, വയ്യ. വീട്ടിലും ഭയങ്കര ഇഷ്യൂ ആണ്,’ എന്ന് പറഞ്ഞു. സ്‌പോണ്‍സര്‍ ശരി പൊക്കോ എന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ അവിടെ നിന്ന് പാക്ക് ചെയ്ത് ഇവിടെ വന്നു. അങ്ങനെ സിംഗപ്പൂര് ഷോയ്ക്ക് ചെന്നു,” സുരാജ് പറഞ്ഞു.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയാണ് സുരാജിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജിനൊപ്പം തുല്യ പ്രാധാന്യമുള്ള നായകവേഷമാണ് സിനിമയില്‍ സുരാജ് ചെയ്യുന്നത്. താരത്തിന്റെ പ്രകടനവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്.

Content Highlight: Suraj Venjaramoodu about Mohanlal and Mammootty