| Thursday, 15th December 2022, 11:37 pm

ആ കുട്ടി ഇങ്ങോട്ട് വന്നിട്ടും എന്താണ് ഇങ്ങനെ നിക്കുന്നത്, നിനക്ക് പ്രണയം വരില്ല; റൊമാന്റിക് പാട്ടിന് വന്ന പ്രതികരണങ്ങളെ കുറിച്ച് സുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോയ് എന്ന പുതിയ ചിത്രത്തിലൂടെ വ്യത്യസ്തമായ ഒരു റോളില്‍ വീണ്ടും മലയാളികള്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രത്തില്‍ റോയ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.

സ്വപ്‌നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകാതെ കുഴങ്ങുന്ന റോയ്‌യെ മനോഹരമായാണ് സുരാജ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ കൊണ്ടുവരുന്നത്. നടന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ പ്രണയവും കൂടി ഇതില്‍ പ്രധാന ഘടകമായി കടന്നുവരുന്നുണ്ട്.

സിജ റോസ് അവതരിപ്പിക്കുന്ന ടീന എന്ന കഥാപാത്രവുമായി വളരെ ആഴത്തിലുള്ള പ്രണയബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് റോയ്. റിലീസിന് മുമ്പ് ഇറങ്ങിയ ചിത്രത്തിലെ ‘അരികിന്‍ അരികില്‍…’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. റോയ്‌യുടെയും ടീനയുടെയും പ്രണയത്തിന്റെ സുന്ദരമായ ചിത്രീകരണമായിരുന്നു ഈ ഗാനം.

എന്നാല്‍ പാട്ട് കണ്ടതിന് ശേഷം പലരും തനിക്ക് പ്രണയം വഴങ്ങില്ലെന്ന് പറഞ്ഞുവെന്നാണ് സുരാജ് പറയുന്നത്. സംവിധായകന്‍ സുനില്‍ ഇബ്രാഹിമിനൊപ്പം ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് പാട്ടിന് പിന്നാലെ വന്ന പ്രതികരണങ്ങളെ കുറിച്ച് സംസാരിച്ചത്.

‘പാട്ട് കണ്ട ശേഷം പലരും എന്നോട് എന്താ സുരാജേ നിനക്ക് പ്രണയം വഴങ്ങില്ലേ എന്ന് ചോദിച്ചു. എന്താണ് പ്രശ്‌നമെന്ന് ഞാന്‍ അവരോട് തിരിച്ചു ചോദിച്ചു. പാട്ടില്‍ ആ കുട്ടി ഇങ്ങോട്ട് വന്നിട്ടും നീ എന്തുവാടേ ഇങ്ങനെ നിക്കുന്നേ, നിനക്ക് പ്രണയം വരില്ല എന്നൊക്കെ പറഞ്ഞു.

പ്രണയം വരുന്നില്ലെന്നായിരുന്നു അവരുടെ പരാതി. അപ്പോള്‍ ഞാന്‍ അവരോട് റോയ്‌യുടെ കണ്ടീഷനെ കുറിച്ച് പറഞ്ഞു. അതിന് ഒരു അസുഖമുണ്ടെടാ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. അപ്പോഴാണ് അവര്‍ക്ക് കാര്യം പിടികിട്ടിയത്. സിനിമ വന്നപ്പോള്‍ കൂടുതല്‍ വ്യക്തമായി. സിനിമയിലല്ലാതെ പാട്ട് മാത്രം കാണുമ്പോള്‍ അത് മനസിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്,’ സുരാജ് പറഞ്ഞു.

എന്നാല്‍ റോയ്‌യിലെ റൊമാന്റിക് സീനുകള്‍ ഷൂട്ട് ചെയ്തതോടെ തനിക്ക് അത്തരം ഴോണറുകള്‍ ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചുവെന്നായിരുന്നു സുനില്‍ ഇബ്രാഹിമിന്റെ പ്രതികരണം.

‘എനിക്കിപ്പൊ റൊമാന്‍സ് ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്. ഇതിലെ റൊമാന്‍സിങ് സീക്വന്‍സിനെ പറ്റി നമ്മള്‍ പരസ്പരം ഡിസ്‌കസ് ചെയ്യുമായിരുന്നു. ഞാനും ആദ്യമായിട്ടായിരുന്നു റൊമാന്‍സ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിജയോടും എന്തെങ്കിലും ഐഡിയ ഉണ്ടെങ്കില്‍ പറയണമെന്ന് പറയുമായിരുന്നു. അവസാനം പാട്ടില്‍ അത് നല്ല രീതിയില്‍ വര്‍ക്കൗട്ടായി എന്നാണ് ഞാന്‍ കരുതുന്നത്,’ സുനില്‍ ഇബ്രാഹിം പറഞ്ഞു.

ഡിസംബര്‍ ഒമ്പതിന് സോണിലിവില്‍ റിലീസ് ചെയ്ത റോയ് സമ്മിശ്ര പ്രതികരണം സ്വന്തമാക്കിയിരുന്നു. വ്യതസ്തമായ കഥാതന്തുവും അഭിനേതാക്കളുടെ പെര്‍ഫോമന്‍സുമാണ് ചിത്രത്തിന്റെ സവിശേഷതകളായി ചൂണ്ടിക്കാണിക്കുന്നത്.

Content Highlight: Suraj Venjaramoodu about his romantic song in the movie Roy

We use cookies to give you the best possible experience. Learn more