മിമിക്രി ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ റോളുകളിലൂടെ സിനിമയുടെ മുന്‍നിരയിലേക്കെത്തുകയും ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടുകും ചെയ്ത നടനാണ് സുരാജ്. കരിയറിന്റെ തുടക്കത്തില്‍ പല സിനിമകളിലും താന്‍ കൂടുതല്‍ സീനുകള്‍ ചോദിച്ചുവാങ്ങിയിട്ടുണ്ടെന്ന് സുരാജ് പറഞ്ഞു. അതില്‍ പല റോളുകളും ഹിറ്റാണെന്നും താരം പറഞ്ഞു.
റാഫി-മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഹലോയില്‍ ആദ്യം താന്‍ വെറും രണ്ട് സീനുകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീട് എല്ലാ ദിവസവും ലൊക്കേഷനില്‍ ചെന്നിരുന്ന് ബാക്കി സീനുകള്‍ ചോദിച്ചു വാങ്ങിയെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഗ്ര്‍ര്‍ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഹലോ എന്ന സിനിമയില്‍ ആദ്യം എനിക്ക് വെറും രണ്ട് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒറ്റപ്പാലത്ത് ലാലേട്ടന്റെ തറവാട്ടിനടുത്ത് ഷൂട്ട് ചെയ്ത രണ്ട് സീന്‍ കഴിഞ്ഞപ്പോള്‍ എന്നോട് പൊയ്‌ക്കോളാന്‍ പറഞ്ഞു. പിന്നെ വേറൊരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ എന്റെ വീടിനടുത്തായിരുന്നു ഹലോയുടെ ബാക്കി ഷൂട്ട്. ഒന്നോ രണ്ടോ സീന്‍ കൂടുതല്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ഞാന്‍ എല്ലാ ദിവസവും ലൊക്കേഷനില്‍ പോകുമായിരുന്നു.
സെറ്റിലെത്തി റാഫി ചേട്ടനോട് ഓരോ തമാശകള്‍ പറഞ്ഞിട്ട്, ഇത് സിനിമയില്‍ ചേര്‍ക്കാന്‍ പറ്റുമോ എന്ന് ചോദിക്കും. അവര്‍ക്ക് അതൊക്കെ ഇഷ്ടപ്പെട്ടത് കൊണ്ട് വേഷം മാറി വരാന്‍ പറഞ്ഞിട്ട് ആ സീന്‍ കൂട്ടിച്ചേര്‍ക്കും. അങ്ങനെ പിന്നാലെ നടന്നിട്ടാണ് ആ സിനിമയില്‍ അത്രയും സീനുകളില്‍ എനിക്ക് അഭിനയിക്കാന്‍ പറ്റിയത്,’ സുരാജ് പറഞ്ഞു.
Content Highlight: Suraj Venjaramoodu about his role in Hallo movie