മിമിക്രിയിലൂടെ സിനിമയിലെത്തി ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത കലാകാരനാണ് സുരാജ് വെഞ്ഞാറമൂട്.
കോമഡി കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് സിനിമാ ജീവിതം ആരംഭിച്ച സുരാജ് ഏതു തരത്തിലുള്ള വേഷമായാലും തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
നാഷണല്‍ അവാര്‍ഡ് കിട്ടിയതിനു ശേഷം കോമഡി റോളുകള്‍ ചെയ്യാന്‍ ആരും വിളിക്കില്ലെ എന്നൊരു പേടിയുണ്ടായിരുന്നെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുരാജ്. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരാജ് ഇക്കാര്യം പറഞ്ഞത്.
‘നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഇനിയാരും കോമഡി റോള്‍ ചെയ്യാന്‍ വിളിക്കില്ലെ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ അതിനു ശേഷവും കോമഡി ചെയ്തു. ജീവിതത്തില്‍ വഴിത്തിരിവായത് ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയില്‍ ചെയ്ത പവിത്രന്‍ എന്ന കഥാപാത്രമാണ്. അതിനു ശേഷം ഒരുപാട് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ വിളിച്ചു തുടങ്ങി,’ സുരാജ് പറയുന്നു.
അതേസമയം, സര്‍ക്കാര്‍ തനിക്ക് അവാര്‍ഡ് തന്നതിന് ശേഷം മറ്റാര്‍ക്കും മികച്ച കൊമേഡിയനുള്ള അവാര്‍ഡ് കൊടുക്കുന്നത് നിര്‍ത്തിയെന്നും താരം രസകരമായി പറയുന്നു. ‘സര്‍ക്കാര്‍ അംഗീകരിച്ച അവസാനത്തെ കൊമേഡിയന്‍ ഞാനാണ്. ആ സ്ഥാനം ഞാനാര്‍ക്കും വിട്ടുതരില്ല. അതോടുകൂടി സര്‍ക്കാരത് നിര്‍ത്തി,’ അദ്ദേഹം പറയുന്നു.
‘പേരറിയാത്തവന്‍’ എന്ന സിനിമയിലാണ് ഒരാള്‍ ഇങ്ങോട്ട് വിളിച്ച് കഥ പറയട്ടെ എന്ന് ചോദിക്കുന്നത്. ആദ്യമായി സിങ്ക് സൗണ്ട് ചെയ്ത സിനിമ കൂടെയാണ് പേരറിയാത്തവനെന്നും അദ്ദേഹം പറയുന്നു.
അവസരം തരുമോന്ന് പലരോടും ചോദിച്ചിട്ടുണ്ട്. ദിലീഷ് പോത്തനോടും ചോദിച്ചിരുന്നു. അദ്ദേഹം ഇങ്ങോട്ട് വിളിച്ച് ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലെ നായകന്‍ നിങ്ങളാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടി പോയെന്ന് സുരാജ് പറയുന്നു. ‘പുതിയൊരു അനുഭവമായിരുന്നു അത്. പുതിയ ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റി. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയിലൂടെ പഠിക്കാന്‍ പറ്റി,’ സുരാജ് പറയുന്നു.
ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയില്‍ പൃഥ്വിരാജുമൊത്തുള്ള അനുഭവം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറയുന്നു. ‘അതുപോലൊരാളെ ഞാന്‍ കണ്ടിട്ടില്ല. പൃഥ്വി ഇരുപത് പേജൊക്കെ ഉള്ള ഡയലോഗുകള്‍ എടുത്ത് നോക്കുന്നത് കാണാം. പുള്ളി എല്ലാമൊന്ന് മറിച്ച് നോക്കിട്ട് റെഡിയെന്ന് പറയും. ഡയലോഗ് എങ്ങനെയാണ് ഇത്ര കൃത്യമായി തെറ്റാതെ പറയുന്നതെന്ന് കണ്ട് ഞാന്‍ ഞെട്ടി പോയിട്ടുണ്ട്,’ സുരാജ് പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Suraj Venjaramoodu about His National Award