ഇടിവെട്ട് സുഗുണനായും ദശമൂലം ദാമുവായുമൊക്കെ മലയാളി സിനിമാ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. എന്നാല്‍ കരിയറിന്റെ ഒരു ഘട്ടം കഴിഞ്ഞ് പിന്നീടിങ്ങോട്ട് സീരിയസ് റോളുകളിലാണ് സുരാജ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
തമാശ കഥാപാത്രങ്ങള്‍ വിട്ട് ഇപ്പോള്‍ സീരിയസ് കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത് ഇനി തമാശ ചെയ്യില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ സുരാജ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”എല്ലാവരും ചോദിക്കുന്ന ചോദ്യമാണിത്, സുരാജ് കോമഡി നിര്‍ത്തിയോ എന്നുള്ളത്. ശരിക്കും പറഞ്ഞാല്‍ സീരിയസ് ചെയ്ത് എനിക്കും ഏകദേശം ഒക്കെ മടുത്തു. തമാശയാണ് എന്റെ ജീവവായു.
തുടക്കസമയത്ത് കുറേ ക്യാരക്ടേഴ്‌സ് കിട്ടി. അതെല്ലാം കൂട്ടുകാരനായിട്ടാണ്. അന്നൊന്നും സ്‌ക്രിപ്‌റ്റൊന്നും നമുക്ക് പറഞ്ഞ് തന്നിരുന്നില്ല, സിനിമയുടെ ഐഡിയ ഒന്നും കിട്ടില്ല.
മമ്മൂക്കയുടെ കൂടെ നടക്കുന്ന പയ്യന്‍ അല്ലെങ്കില്‍ ലാലേട്ടന്റെ കൂടെയുള്ള പയ്യന്‍ എന്ന രീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു. അല്ലാതെ ക്യാരക്ടറെന്താണ് എന്നുള്ളതിന്റെ ഡീറ്റെയ്‌ലിങ്ങ് ഒന്നും കിട്ടില്ല. അങ്ങനെ ഒരുപാട് ചിരിപ്പിക്കുകയും വെറുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആ തിരിച്ചറിവ് വരുന്നത് കുറേ കാലം കഴിഞ്ഞിട്ടാണ്. അങ്ങനെ നല്ലൊരു കഥാപാത്രം ചെയ്യണമെന്ന് ഭയങ്കര ആഗ്രഹിച്ചിട്ട് പല ആള്‍ക്കാരോടും ചോദിച്ചിട്ടുണ്ട്. അങ്ങനെയാണ് എബ്രിഡ് ഷൈനിന്റെ പടത്തില്‍ എനിക്കൊരു രണ്ട് സീന്‍ കിട്ടിയത്.
അതിന് ശേഷം എനിക്ക് കിട്ടുന്നതെല്ലാം സീരിയസ് കഥാപാത്രമാണ്. ഒരു പാവപ്പെട്ടവനാണ് എന്നുണ്ടെങ്കില്‍ നേരെ എന്നെ വിളിക്കും. കുറേ ചെയ്യുമ്പോള്‍ നമുക്ക് തന്നെ ഒന്ന് മാറ്റിപ്പിടിക്കണം എന്ന് തോന്നും.
കോമഡി ഇപ്പോള്‍ ചെയ്യാത്തത് എനിക്ക് താല്‍പര്യമില്ലാത്തത് കൊണ്ടല്ല. എന്റെ അടുത്ത് വരുന്ന തിരക്കഥയില്‍ നിന്ന് മാത്രമേ എനിക്ക് സെലക്ട് ചെയ്യാന്‍ പറ്റൂ. അതുകൊണ്ടാണ്.
ഇനിയിപ്പൊ കോമഡി വരുന്നുണ്ട്. നമ്മുടെ കരിക്ക് ടീമിന്റെ പടം ഞാനാണ് ചെയ്യുന്നത്. വിനീത് ശ്രീനിവാസനൊപ്പം ഒരു പടം ചെയ്തു. അതും ഹ്യൂമറാണ്. ഹ്യൂമറ് വിട്ട് ഒരു പരിപാടിയുമില്ല,” സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഈ വാര്‍ത്ത നിഷേധിച്ച് കരിക്ക് ടീം രംഗത്തുവന്നിരുന്നു.
തങ്ങള്‍ സിനിമയുടെ ചര്‍ച്ചയ്ക്കായി സുരാജിനെ സമീപിച്ചിട്ടില്ലെന്നും അഥവാ കരിക്കിന്റെ പേരില്‍ ആരെങ്കിലും അദ്ദേഹവുമായി സിനിമാ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കരിക്കുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു സ്ഥാപകന്‍ നിഖില്‍ പ്രസാദ് പറഞ്ഞത്.
സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജന ഗണ മന ഏപ്രില്‍ 28നാണ് റിലീസ് ചെയ്യുന്നത്.
മംമ്ത മോഹന്‍ദാസ്, ധ്രുവന്‍, വിന്‍സി അലോഷ്യസ്, ശാരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങലിലെത്തുന്നത്. തിരക്കഥ ഷാരിസ് മുഹമ്മദ്, സംഗീതം ജേക്‌സ് ബിജോയ്.
Content Highlight: Suraj Venjaramoodu about his comedy roles and serious characters