| Wednesday, 11th May 2022, 9:08 am

ആ ജോഷി- മോഹന്‍ലാല്‍ ചിത്രത്തിലെ എന്റെ കഥാപാത്രം ആളുകളെ വെറുപ്പിച്ചിട്ടുണ്ട്; സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ സീന്‍ മാറ്റാമായിരുന്നു: സുരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും പ്രകടനം കൊണ്ട് ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. എന്നാല്‍ ഒരു സമയത്ത് ഹ്യൂമര്‍ റോളുകള്‍ മാത്രം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ പിടിച്ചുനിന്ന നടനാണ് സുരാജ്.

അതിലെ പല കോമഡി റോളുകളും ആവര്‍ത്തനങ്ങളാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

താന്‍ ഹ്യൂമര്‍ വേഷങ്ങള്‍ ഓടിനടന്ന് ചെയ്തിരുന്ന സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ്.

”ഹ്യൂമര്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്ന ആ സമയത്ത് എല്ലാവരും ഹ്യൂമറിനാണ് എന്നെ സമീപിച്ചിരുന്നത്. ഒരു ദിവസം നാല് പടത്തില്‍ വരെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

ഒരു സീന്‍ കഴിഞ്ഞ് നേരെ പോകും. വണ്ടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വെയിറ്റ് ചെയ്യും. അങ്ങനെ വെളുക്കെ വെളുക്കെ നാല് പടത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ഇതില്‍ നാലിലും ഒരേ സംഭവം തന്നെ വന്നുകൊണ്ടിരുന്നു. ഒന്നില്‍ കൂട്ടുകാരന്‍, ഒന്നില്‍ അളിയന്‍, മറ്റേതില്‍ കടക്കാരന്‍. ഏതെങ്കിലും ഒരു ക്യാരക്ടറിന്റ ഫ്‌ളേവര്‍ എല്ലാത്തിലും ഉണ്ടാകും.

ചില പടങ്ങളില്‍ എനിക്ക് തന്നെ, അയ്യോ വെറുപ്പിച്ചല്ലോ എന്ന് തോന്നിയിട്ടുണ്ട്. അത് തന്നെയാണല്ലോ ഇത് എന്ന് തോന്നിയിട്ടുണ്ട്. കുറേ ഉദാഹരണങ്ങളുണ്ട്.

ജോഷി സാറിന്റെ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അസ്ഥാനത്ത് ഒരു ഹ്യൂമര്‍ വന്നപ്പോഴാണ് എല്ലാവരും ചോദിച്ചത്., ഇതെന്താ സുരാജ് ചളിച്ചല്ലോ എന്ന്. ലാലേട്ടന്‍ വേറെ ഒരു പോയിന്റില്‍ നില്‍ക്കുന്ന സ്ഥലത്താണ് എന്റെ ഹ്യൂമര്‍ അവിടെ പ്ലേസ് ചെയ്തത്.

ടോട്ടല്‍ സ്‌ക്രിപ്റ്റ് ഒരുപക്ഷേ ഞാന് വായിച്ചിരുന്നെങ്കില്‍, ചേട്ടാ ഇവിടെ ഈ ഹ്യൂമര്‍ ശരിയാകുമോ, എന്ന് എനിക്ക് ചിലപ്പൊള്‍ പറയാമായിരുന്നു.

നമുക്ക് അന്ന് ഹ്യൂമര്‍ ചെയ്താല്‍ മതി. ലാലേട്ടനോടൊപ്പം എന്തെങ്കിലും ഒന്ന് പറഞ്ഞ് അടുത്ത് നിന്നാ മതി. പക്ഷെ, സിനിമ തിയേറ്ററില്‍ ഇരുന്ന് കണ്ടപ്പോള്‍, ഹൊ ഇവിടെ എന്റെ ആവശ്യമില്ലായിരുന്നു, എന്ന് തോന്നി.

അവിടെ പിന്നെ പ്രേക്ഷകര്‍ക്ക് ഞാന്‍ എന്ത് അടിച്ചാലും വെറുക്കും.

എന്റെ തെറ്റ് അല്ലായിരിക്കാം പക്ഷെ ഒരു നടനെന്ന നിലക്ക് ഞാന്‍ ശ്രദ്ധിക്കണമായിരുന്നു. പിന്നെപിന്നെയാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഇപ്പൊ ഒരു പടം ചെയ്തതിന് ശേഷം മാത്രമാണ് അടുത്ത പടം.

അപ്പൊ ക്യാരക്ടറിനെകുറിച്ച് പഠിക്കാനുള്ള ടൈം കിട്ടും,” സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മനയാണ് സുരാജിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്തക ചിത്രം. സുരാജിന്റെ ചിത്രത്തിലെ പ്രകടനം ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.

എം. പത്മകുമാറിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്തിനൊപ്പം സുരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പത്താം വളവ് റിലീസിനൊരുങ്ങി നില്‍ക്കുകയാണ്.

Content Highlight: Suraj Venjaramoodu about his comedy role in Joshiy- Mohanlal movie Christian Brothers

We use cookies to give you the best possible experience. Learn more